Tuesday 19 March 2024




രാത്രി അടിച്ചുപൊളിക്കാനുളള സ്ഥലങ്ങള്‍ ഇന്നറിയാം

By online desk.26 Feb, 2020

imran-azhar

 


തിരുവനന്തപുരം: തലസ്ഥാന നഗരിക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നൈറ്റ് പദ്ധതിക്കായുള്ള പ്രദേശങ്ങള്‍ ഇന്ന് തീരുമാനിക്കും. വൈകിട്ട് ചേരുന്ന യോഗത്തില്‍ 10 പ്രധാന സ്ഥലങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും. ഭരണസമിതി ഇതിനോടകം തന്നെ പത്ത് പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും കൗണ്‍സിലിന്റെ അംഗീകാരത്തോടെ മാത്രമേ പദ്ധതി നടപ്പാക്കാനാകൂ. ടെക്‌നോപാര്‍ക്ക്, കോവളം, മ്യൂസിയം, കോട്ടയ്ക്കകം ചിത്തിരതിരുനാള്‍ പാര്‍ക്ക്, വിമാനത്താവള പരിസരം, തമ്പാനൂര്‍, പാളയം, വട്ടിയൂര്‍ക്കാവ്, മെഡിക്കല്‍കോളേജ്, ബൈപ്പാസ് റോഡ് എന്നിവിടങ്ങളാണ് പ്രധാനമായും പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പദ്ധതി സംബന്ധിച്ച് യോഗം ചേര്‍ന്നിരുന്നു.

 

മേയറും ഡെപ്യൂട്ടി മേയറും യോഗത്തില്‍ പങ്കെടുത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ലയുടെ മന്ത്രിയെന്ന നിലയില്‍ കടകംപള്ളി സുരേന്ദ്രനാണ് പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കുക. ഇതിന്റെ നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് നടത്തുന്നത്. നേരം പുലരുവോളം വ്യാപാര കേന്ദ്രങ്ങളും വിനോദ കേന്ദ്രങ്ങളും തുറന്നിരിക്കും. ടൂറിസം, പൊലീസ്, തദ്ദേശ സ്വയംഭരണ, തൊഴില്‍ വകുപ്പുകള്‍ ,കോര്‍പറേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സമിതിയാണ് മേല്‍നോട്ടം വഹിക്കുന്നത്.

 

ടെക്‌നോപാര്‍ക്ക്

 

തലസ്ഥാന നഗരത്തിലെ ഉറങ്ങാത്ത ഇടമെന്നാണ് ടെക്‌നോപാര്‍ക്ക് അറിയപ്പെടുന്നത്. അറുപതിനായിരത്തിലേറെ ടെക്കികളാണ് ഇവിടെ ജോലിചെയ്യുന്നത്. 24 മണിക്കൂറും ടെക്കികളുടെ സൈ്വരവിഹാര കേന്ദ്രമാണ് ഇവിടം. എന്നാല്‍ ഇവര്‍ക്ക് ഉല്ലസിക്കാനും മറ്റുമായി ഒരിടമില്ലെന്ന് വര്‍ഷങ്ങളായി ഉയരുന്ന പരാതിയാണ്. അതുകൊണ്ടാണ് നൈറ്റ് ലൈഫ് പദ്ധതിയില്‍ ടെക്‌നോപാര്‍ക്കും ഇടം നേടിയത്. ജോലി കഴിഞ്ഞ് വൈകിയാണ് പലരും പുറത്തിറങ്ങുന്നത്. ഭക്ഷണം കഴിക്കാനോ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനോ കഴിയാത്ത സ്ഥിതിയാണ്. ജോലികഴിഞ്ഞ് രാത്രി ഇറങ്ങിയാല്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനും നൈറ്റ് പദ്ധതി ഉപയോഗപ്പെടുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായി രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കും നൈറ്റ് ലൈഫ് സഹായകരമാണ്. രാത്രി ജോലി കഴിഞ്ഞ് കുറച്ച് സമയം വിനോദത്തിനായും ഷോപ്പിംഗിന് ഇറങ്ങാന്‍ സാധിക്കും.

 

കോവളം

 

പ്രധാന ടൂറിസം കേന്ദ്രമാണ് കോവളം. രാപ്പകല്‍ ഭേദമില്ലാതെ വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ടൂറിസ്റ്റുകള്‍ ഇവിടേക്ക് എത്തുന്നുണ്ട്. ആഭ്യന്തര ടൂറിസ്റ്റുകളാണ് അധികവും. അവര്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കയറുക അപ്രാപ്യമാണ്. അവരെ മുന്‍നിര്‍ത്തിയാണ് നൈറ്റ് ലൈഫ് പദ്ധതിയില്‍ കോവളത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. തട്ടുകടകള്‍ ഉള്‍പ്പെടെയുള്ളവ 24 മണിക്കൂറും തുറന്നിരിക്കും.

 

മെഡിക്കല്‍കോളേജ്

 

കേരളത്തിലെ തന്നെ ഏറ്റവും വലിയ മെഡിക്കല്‍കോളേജാണ് തലസ്ഥാനത്തുളളത്. രോഗികളോടൊപ്പമെത്തുന്ന കൂട്ടിരിപ്പുകാര്‍ക്കും ബന്ധുക്കള്‍ക്കും രാത്രികാലങ്ങളില്‍ എന്തെങ്കിലും സാധനങ്ങള്‍ വാങ്ങണമെങ്കില്‍ അധികം കടകളൊന്നും തുറക്കാറില്ല. തുറക്കുന്ന കടകളാകട്ടെ വന്‍ തുകയ്ക്കാണ് സാധനങ്ങള്‍ വില്‍ക്കുന്നത്. അതിനു പുറമെ അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രാത്രിസമയം മാത്രമാണ് ഫ്രീയായി ലഭിക്കുന്നത്. ആ സമയം ഉല്ലാസമാക്കാന്‍ കൂടിയാണ് മെഡിക്കല്‍കോളേജിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 

മ്യൂസിയം

 

തലസ്ഥാനത്തിന്റെ പല സാംസ്‌കാരിക പരിപാടികളും നടക്കുന്നത് കനകക്കുന്നിലും സമീപ പ്രദേശങ്ങളിലുമാണ്. അവ രാത്രി വൈകിയാണ് സമാപിക്കുന്നത്. ഇവ ആസ്വദിക്കാന്‍ നൂറുകണക്കിന് പേരാണ് വിവിധയിടങ്ങളില്‍ നിന്നെത്തുന്നത്. ഇവര്‍ക്ക് സൈ്വര്യമായി ഇരിക്കാനും ധൈര്യത്തോടെ നടക്കാനുമായാണ് മ്യൂസിയത്ത് പദ്ധതി നടപ്പാക്കുന്നത്.

 

ചിത്തിരതിരുനാള്‍ പാര്‍ക്ക്

 

തലസ്ഥാനത്തെ പ്രധാന കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് സ്ഥിചെയ്യുന്ന സ്ഥലമാണ് കിഴക്കേക്കോട്ട. ഇതിനു സമീപത്തായാണ് കോട്ടയ്ക്കകം ശ്രീ ചിത്തിരതിരുനാള്‍ പാര്‍ക്ക്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഈ പാര്‍ക്കില്‍ ദിനംപ്രതി നൂറുകണക്കിനു പേരാണ് വന്നു പോകുന്നത്. ഇവിടെ രാപ്പകല്‍ ഭേദമില്ലാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഭക്തര്‍ എത്താറുണ്ട്. ഇവരെ ലക്ഷ്യമിട്ടാണ് പാര്‍ക്കിനെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. അതു മാത്രമല്ല ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ ചാലയും സ്ഥിതിചെയ്യുന്നത് ഇതിനു സമീപത്താണ്.

 

വിമാനത്താവള പരിസരം

 

അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളങ്ങളും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫ്‌ളൈറ്റുകളിലെത്തുന്ന ആള്‍ക്കാര്‍ക്ക് രാത്രികാലങ്ങളില്‍ ഉണ്ടാകാറുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണിത്.

 

തമ്പാനൂര്‍

 

24 മണിക്കൂറും അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് സര്‍വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍, സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്‍ എന്നിവ സ്ഥിതിചെയ്യുന്നത് തമ്പാനൂരിലാണ്. വിവിധയിടങ്ങളില്‍ നിന്ന് രാപ്പകല്‍ ഭേദമില്ലാതെ ആള്‍ക്കാര്‍ വന്നുപോകുന്ന ഇടംകൂടിയാണ് ഇവിടം. രനൈറ്റ് ലൈഫ് പദ്ധതി ഇവിടെ നടപ്പാക്കുകയാണെങ്കില്‍ നൂറുകണക്കിന് യാത്രക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനമുണ്ടാവുക.

 

പാളയം

 

തലസ്ഥാനത്തെ പ്രമുഖ വ്യാപാര കേന്ദ്രമാണ് പാളയം. കണ്ണിമേറ മാര്‍ക്കറ്റ് രാപ്പകല്‍ ഭേദമില്ലാതെ വ്യാപാരികള്‍ മൊത്തവ്യാപാരം നടത്തുന്ന ഇടമാണ്. യൂണിവേഴ്‌സിറ്റി കോളേജ്, നിയമസഭാ മന്ദിരം, എംഎല്‍എ ഹോസ്റ്റല്‍ തുടങ്ങിയവ സ്ഥിതിചെയ്യുന്നതും ഇതിനു സമീപത്താണ്.

 

വട്ടിയൂര്‍ക്കാവ്

 

നഗരാതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന വാര്‍ഡാണ് വട്ടിയൂര്‍ക്കാവ്. അന്താരാഷ്ട്ര ഷൂട്ടിംഗ് റേഞ്ച് സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. വാര്‍ഡിന്റെ വികസനം കൂടി ലക്ഷ്യമിട്ടാണ് പദ്ധതിയില്‍ വട്ടിയൂര്‍ക്കാവും ഇടംപിടിച്ചത്.

 

ബൈപ്പാസ് റോഡ്

 

24 മണിക്കൂറും ഗതാഗതത്തിരക്കുള്ള റോഡാണ് ബൈപ്പാസ്. നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷതേടി യാത്രക്കാര്‍ അഭയം തേടുന്ന റോഡും ബൈപ്പാസാണ്. എന്നാല്‍ യാത്രക്കാര്‍ക്ക് അത്യാവശ്യം വേണ്ട സൗകര്യങ്ങളൊന്നും അവിടെയില്ല. അതിനാലാണ് നൈറ്റ് ലൈഫ് പദ്ധതിയില്‍ ബൈപ്പാസിനെയും ഉള്‍പ്പെടുത്തിയത്.