Tuesday 19 March 2019


കിഫ്ബി: ഇതുവരെ അംഗീകാരം നല്‍കിയത് 41,325.91 കോടിയെന്ന് തോമസ് ഐസക്

By Online Desk .17 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി ഇതുവരെ അംഗീകാരം നല്‍കിയത് 41,325.91 കോടി രൂപ. കേരളത്തിലെ വലുതും ചെറുതുമായ പ്രധാന 512 പദ്ധതികള്‍ക്കുവേണ്ടിയാണ് ഈ തുക അനുവദിച്ചതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഒമ്പത് പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 748.16 കോടി രൂപയുടെ കിഫ്ബി അംഗീകാരവും ഇന്നലെ ചേര്‍ന്ന 34-ാമത് ബോര്‍ഡ് യോഗത്തില്‍ നല്‍കി. ഇതിനുപുറമേ 863.34 കോടി രൂപയുടെ ഉപ പദ്ധതികള്‍ക്ക് കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി നല്‍കിയ അംഗീകാരം ബോര്‍ഡ് സാധൂകരിക്കുകയും ചെയ്തു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് (157.57), എല്‍പി ആന്‍ഡ് യുപി സ്‌കൂളുകള്‍ക്കുള്ള ഹൈടെക് ലാബ്  (292 കോടി), ആലപ്പുഴ മൊബൈലിറ്റി ഹബ് - ഫേസ് 1, കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോപംപ്ലക്സ് (129.12 കോടി), പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍ (112.12 കോടി) തുടങ്ങിയ പ്രധാന പദ്ധതികളാണ് ഉള്‍പ്പെടുന്നത്.

 

കിഫ്ബി പദ്ധതികള്‍ക്കായി ഇതുവരെ 1076.08 കോടി രൂപ റിലീസ് ചെയ്തത് അടക്കം ബോര്‍ഡ് യോഗ തീരുമാനങ്ങള്‍ മന്ത്രി വിശദീകരിച്ചു. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി. പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് പുറമേ കഴിഞ്ഞ മൂന്ന് ബോര്‍ഡ് യോഗങ്ങളില്‍ അംഗീകരിച്ച പദ്ധതികളുടെ നിര്‍വഹണ നടപടികളും വിലയിരുത്തി. നൂതനസമാഹരണ മാര്‍ഗ്ഗങ്ങള്‍ വഴി കിഫ്ബി പദ്ധതികള്‍ക്ക് ധനസമാഹരണം നടത്തുന്നതിന് ആവശ്യമായ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ രൂപീകരണവും ലണ്ടന്‍, സിങ്കപ്പൂര്‍ എന്നീ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി മസാല ബോണ്ട് പുറപ്പെടുവിക്കുന്നതും, പ്രവാസി ചിട്ടി വഴിയുള്ള ധനസമാഹരണം സംബന്ധിച്ച പുരോഗതിയും യോഗം വിലയിരുത്തി.