Friday 27 May 2022
തൃക്കാക്കര: ആദ്യ ലാപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നത് എന്താണ്?

By Web Desk.11 May, 2022

imran-azhar

 


തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തെ ഏതുനിലയില്‍ സ്വാധീനിക്കുമെന്ന് സമഗ്രമായി വിശകലനം ചെയ്യുന്ന കലാകൗമുദിയുടെ 'തൃക്കാക്കര വട്ടം' രണ്ടാം ഭാഗം...

 

ദിപിന്‍ മാനന്തവാടി

 

2011 ല്‍ മണ്ഡല രൂപീകരണ കാലം മുതല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കോണ്‍ഗ്രസിന് കീറാമുട്ടിയായ ഒരു മണ്ഡലമായിരുന്നു തൃക്കാക്കര. 2016ല്‍ ബെന്നി ബഹനാന് ഇവിടെ രണ്ടാമൂഴം നല്‍കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മില്‍ നടന്ന തര്‍ക്കം കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെയും തശങ്കുവിലാക്കിയിരുന്നു.

 

ഒടുവില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ വിജയസാധ്യതയ്ക്ക് പോലും മങ്ങലേല്‍പ്പിച്ച തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബെന്നി ബഹനാന് പകരം പി.ടി.തോമസിനെ തൃക്കാക്കരയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

2021 ലും പി.ടി.തോമസ് സുഗമമായി രണ്ടാം ഊഴം ഉറപ്പിച്ചു. പി.ടി.തോമസിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പൊതുവെ ഇത്തരം സാഹചര്യങ്ങളില്‍ കേരളത്തിലെ യു.ഡി.എഫ് സ്വീകരിക്കുന്ന കീഴ്വഴക്കം തന്നെ തൃക്കാക്കരയിലും ആവര്‍ത്തിക്കപ്പെടുകയായിരുന്നു. പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടിയില്‍ അസ്വാരസ്യങ്ങളുണ്ടെങ്കിലും അതൊരു വിഴുപ്പലക്കാലായി മാറാന്‍ അവസരം നല്‍കാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ സാധിച്ചത് കോണ്‍ഗ്രസിന് നേട്ടമായി. കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് എറണാകുളം ജില്ലയിലെ ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് തൃക്കാക്കര. അതിനാല്‍ തന്നെ അവിടെ ഉമ മത്സരിക്കുന്നതും വരുന്ന കാലങ്ങളില്‍ തൃക്കാക്കരയുടെ മുഖമായി മാറുന്നതും തൃക്കാക്കരയിലെ ഭൈമീകാമുകര്‍ക്ക് ഏതുനിലയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

 

വിഴുപ്പലക്കലുകളില്ലാതെ സ്ഥാനാര്‍ത്ഥിയെ വളരെ വേഗത്തില്‍ പ്രഖ്യാപിക്കാന്‍ കഴിഞ്ഞുവെന്നത് നേട്ടമായി മാറിയെന്ന് കെ.പി.സി.സി നേതൃത്വത്തിന് അവകാശപ്പെടാന്‍ കഴിയണമെങ്കില്‍ തൃക്കാക്കരയില്‍ ഉമ തോമസിന്റെ വിജയം സാധ്യമാകണം.

 

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അനിശ്ചിതത്വം ഉണ്ടെന്ന നിലയില്‍ പതിവിന് വിരുദ്ധമായ ചിത്രം രൂപപ്പെട്ടത് ഇടതുമുന്നണിയെ സംബന്ധിച്ച് തുടക്കത്തില്‍ കല്ലുകടിയായി. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകളിലെ സി.പി.എം ശൈലി അറിയുന്നവര്‍ ഇതൊന്നും ഗൗരവപ്പെട്ട ഒന്നായി വിലയിരുത്താന്‍ സാധ്യതയില്ല.

 

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സി.പി.എം അണിയറയില്‍ എത്രമാത്രം മുന്നേറ്റം നടത്തിയിട്ടുണ്ടാകും എന്നതാകും അവരുടെ ശൈലിയെക്കുറിച്ച് ധാരണയുള്ള കോണ്‍ഗ്രസ് നേതാക്കളെ പോലും ആശങ്കപ്പെടുത്തുന്നുണ്ടാകുക. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള സി.പി.എമ്മിന്റെ സംഘടനാ മെഷിനറി ഏതാണ്ട് പൂര്‍ണ്ണമായി തൃക്കാക്കരയില്‍ കേന്ദ്രീകരിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ പേരില്‍ ഉണ്ടായ ആശയക്കുഴപ്പങ്ങളെ സംഘടനാപരമായി സി.പി.എം മറികടന്നു. എന്തായാലും സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അനിശ്ചിത്വങ്ങള്‍ ജോ ജോസഫ് എന്ന ഇടതുമുന്നണിയുടെ നവാഗതനായ സ്ഥാനാര്‍ത്ഥിയ്ക്ക് വലിയ നിലയിലുള്ള മാധ്യമശ്രദ്ധയും പൊതുസമൂഹത്തിന്റെയും തൃക്കാക്കരയിലെ വോട്ടര്‍മാരുടെയും സവിശേഷമായ ശ്രദ്ധയും നേടി നല്‍കിയെന്നതാണ് സത്യം.

 

സാധാരണനിലയില്‍ ഒരു നവാഗതസ്ഥാനാര്‍ത്ഥിയെ ചുരുങ്ങിയ സമയം കൊണ്ട് മണ്ഡലത്തിന് പരിചിതനാക്കിയെടുക്കാന്‍ വേണ്ടി എടുക്കേണ്ട പരിശ്രമവും പ്രയത്നവും അതേനിലയില്‍ ഉപയോഗപ്പെടുത്താതെ തന്നെ തൃക്കാക്കരയിലെ പുതുമുഖ സ്ഥാനാര്‍ത്ഥിയെ ആഘോഷപൂര്‍വ്വം അവതരിപ്പിക്കാന്‍ സി.പി.എമ്മിന് സാധിച്ചുവെന്ന് വേണം കാണാന്‍.

 

താഴെതട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാലേക്കൂട്ടി ആരംഭിച്ച് കഴിഞ്ഞ ഇടതുപക്ഷത്തിന് തൃക്കാക്കരയിലെ അവരുടെ പുതുമുഖ സ്ഥാനാര്‍ത്ഥിയെ മാധ്യമങ്ങളുടെ ചിലവില്‍ മണ്ഡലത്തില്‍ സുപരിചിതനാക്കി മാറ്റാന്‍ സാധിച്ചു. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണ് എന്ന പ്രചരണത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പ്രാധാന്യം നല്‍കിയതും ജോ ജോസഫിന് ഗുണകരമായി. ഇത് തിരിച്ചറിഞ്ഞിട്ടാകണം സഭയുടെ സ്ഥാനാര്‍ത്ഥിയാണ് ജോ ജോസഫ് എന്ന വിവരണത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ പിന്നോട്ടു പോയിട്ടുണ്ട്.

 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യലാപ്പ് പിന്നിടുമ്പോള്‍ ഉമ തോമസിന്റെയും ജോ ജോസഫിന്റെയും സ്ഥാനാര്‍ത്ഥിത്വം വോട്ടര്‍മാരില്‍ ചെലുത്തിയ സ്വാധീനം തന്നെയാണ് നിര്‍ണ്ണായകമായിട്ടുള്ളത്. ജനഹൃദയങ്ങളില്‍ ഏതു നിലയിലാണ് ഈ സ്ഥാനാര്‍ത്ഥികള്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് എന്നതാണ് തിരഞ്ഞെടുപ്പ് പ്രചരണം മുറുകുമ്പോള്‍ ഉയര്‍ന്നു വരുന്ന എല്ലാ അജണ്ടകളെയും സ്വാധീനിക്കുക.