Monday 24 June 2019




തെച്ചിക്കോട്ടുകാവ് രാ​മ​ച​ന്ദ്ര​നെ പൂരവിളംബരത്തിന് മാത്രം എഴുന്നള്ളിക്കാം

By Sooraj Surendran .10 May, 2019

imran-azhar

 

 

തൃശൂർ: അഡ്വക്കേറ്റ് ജനറൽ തൃശൂർ കളക്ടർ ടി.വി. അനുപമയ്ക്ക് നൽകിയ നിയമോപദേശം അനുസരിച്ച് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തിന് മാത്രം എഴുന്നള്ളിക്കാം. നിരവധി നിർദേശങ്ങൾ പാലിച്ച് വേണം ആനയെ പൂരവിളംബരത്തിന് എഴുന്നള്ളിക്കേണ്ടതെന്നും നിയമോപദേശത്തിൽ പറയുന്നു. എഴുന്നള്ളിപ്പിനിടെ അനിഷ്ട സംഭവങ്ങളുണ്ടായാൽ ഉത്തരവാദിത്വം ആനയുടമ ഏറ്റെടുക്കണം, ഒരു കാരണവശാലും ആനയ്ക്ക് പ്രകോപനം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം, ജനങ്ങളെ ആനയുടെ അടുത്ത് നിന്നും കൃത്യമായ അകലം പാലിച്ച് നിർത്തണമെന്നും നിർദേശത്തിൽ പറയുന്നു. വീണ്ടും അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കർശന നിർദേശങ്ങൾ നൽകിയിരിക്കുന്നത്. നിയമോപദേശം അനുകൂലമായതോടെ സുരക്ഷാ സംവിധാനം ഒരുക്കി ചടങ്ങുകൾ നടത്താനുള്ള നീക്കം തുടങ്ങിയിരിക്കുകയാണ്. അതേസമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് സംബന്ധിച്ച വിഷയത്തിൽ ഹൈക്കോടതി ഇടപെടില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.