Thursday 23 January 2020




പൂരനഗരിയില്‍ കാഴ്ചയുടെ പുതു വസന്തമേകി കുടമാറ്റം

By Sooraj Surendran .13 May, 2019

imran-azhar

 

 

തൃശൂർ: പൂരനഗരിയിൽ പൂരപ്രേമികൾക്ക് കാഴ്ചയുടെ പുതു വസന്തമേകി കുടമാറ്റം. പാറമേക്കാവും തിരുവമ്പാടിയും തമ്മിലുള്ള വാശിയേറിയ കുടമാറ്റം കാണാൻ നിരവധി പേരാണ് തടിച്ചുകൂടിയത്. ഇരു വിഭാഗത്തിന്റെയും 15 ആനകളാണ് കുടമാറ്റത്തിന്റെ അണിനിരന്നത്. കുടമാറ്റത്തിന് പിന്നാലെ കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളവും പൂരത്തിന് കൊഴുപ്പേകി. തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവിനു ആയിരങ്ങളാണു ബ്രഹ്മസ്വം മഠത്തിനു മുൻപിൽ നേരത്തെ തന്നെ ഇടം പിടിച്ചത്. നേരത്തെ രണ്ടരമണിക്കൂർ നീണ്ടു നിന്ന ഇലഞ്ഞിത്തറ മേളത്തിനു ശേഷം പാറമേക്കാവ് ഭഗവതി തെക്കേ ഗോപുരനടയിലൂടെ പുറത്തേക്കിറങ്ങുന്ന ചടങ്ങുകൾ നടന്നിരുന്നു. കാഴ്ചയുടെ വിസ്മയമൊരുക്കി വൈകീട്ട് ആറ് മണിയോടെയാണ് കുടമാറ്റത്തിന് തുടക്കമായത്. പാണ്ടിമേളത്തിന്‍റെ രൗദ്രതാളത്തിൽ കൊട്ടിക്കയറിയ ഇലഞ്ഞിത്തറയിൽ മേളം സമ്മാനിച്ച ആവേശം കുടമാറ്റത്തോടെ പാരമ്യതയിലെത്തി. രാത്രി നടക്കുന്ന കരിമരുന്ന് പ്രകടനത്തിനാണ് ഇനി പൂര പ്രേമികൾ കാത്തുനിൽക്കുന്നത്.