Friday 29 May 2020
കേരളത്തില്‍ ജനിച്ചതില്‍ അഭിമാനിക്കുക; സാലറി ചലഞ്ചില്‍ പങ്കാളികളാവുക

By online desk .10 Apr, 2020

imran-azhar

 

 

കൊവിഡ്-19 എല്ലാ ലോക രാഷ്ട്രങ്ങളെയും കീഴടക്കുകയാണ്. ആദ്യം ഇത് ചൈനയുടെ മാത്രം പ്രശ്‌നമെന്ന് കരുതി സമാധാനിച്ചവര്‍ക്ക് അധികകാലം അങ്ങനെയിരിക്കാന്‍ കഴിഞ്ഞില്ല. എല്ലാ അതിര്‍ത്തികളും ഭേദിച്ച് സമ്പന്ന രാഷ്ട്രങ്ങളുള്‍പ്പെടെ മുഴുവന്‍ രാജ്യങ്ങളിലേക്കും രോഗം വ്യാപിക്കുകയുണ്ടായി.


ഇന്ത്യയില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ് ; അതും ചൈനയില്‍ നിന്നും വന്നത്. വുഹാന്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ നാട്ടിലെത്തിയ തൃശ്ശൂര്‍ സ്വദേശിനിയായിരുന്നു ആദ്യരോഗി. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച നിമിഷം മുതല്‍ രോഗപ്രതിരോധത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ പ്രത്യേക പ്രശംസയ്ക്ക് പാത്രമായിട്ടുള്ളതാണ്. കേരളത്തിലെ ആദ്യത്തെ കൊവിഡ്-19 രോഗിയെ തൃശ്ശൂരില്‍ തിരിച്ചറിഞ്ഞയുടന്‍ ആരോഗ്യവകുപ്പു മന്ത്രി, കൃഷിവകുപ്പു മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി എന്നിവരുടെ നേതൃത്ത്വത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്തു.
ഇറ്റലിയുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ കേരളത്തിലേയ്ക്ക് എത്താന്‍ തുടങ്ങിയതോടെ കൂടുതല്‍ പേരെ നിരീക്ഷണത്തിലാക്കേണ്ടി വന്നു. രാജ്യത്താദ്യമായി കേരളത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജനങ്ങളാകെ യാതൊരു തൊഴിലും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലായി. ലക്ഷക്കണക്കിനാളുകളുടെ തൊഴില്‍ നഷ്ടം മൂലം ബഹുഭൂരിപക്ഷം കുടുംബങ്ങളുടെയും ഉപജീവന മാര്‍ഗ്ഗം ഇല്ലാതായി.
വിദേശ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നതിനനുസരിച്ച് കൂടുതല്‍ രോഗികളുടെ എണ്ണം കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയ ഘട്ടത്തിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഏറ്റെടുത്തത്. രോഗം പടരാതിരിക്കാനുളള മുന്‍കരുതലായ ബ്രേക്ക് ദ ചെയിന്‍ മുതല്‍ ലോക്ക് ഡൗണിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായേക്കാവുന്ന ദൈനംദിന ബുദ്ധിമുട്ടുകള്‍ വരെ സൂക്ഷ്മാംശത്തില്‍ കണ്ടറിഞ്ഞ് അവ പരിഹരിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് മുന്നില്‍ നിന്ന് നയിക്കുന്ന മുഖ്യമന്ത്രി പ്രളയകാലത്തെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. സമ്പന്നരാഷ്ട്രങ്ങള്‍ക്കു പോലും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത വിധം അതിഗുരുതരമായ സാമ്പത്തിക തകര്‍ച്ചയിലേയ്ക്ക് ലോകം ചെന്നുപെട്ടപ്പോള്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സ്ഥിതി പ്രത്യേകം പറയേണ്ടതില്ലല്ലോ. സ്ഥിരവരുമാനക്കാരായ സര്‍ക്കാര്‍ -പൊതുമേഖലാ ജീവനക്കാരൊഴികെയുള്ള മുഴുവന്‍ മലയാളികളുടെയും സംരക്ഷണച്ചുമതല ഏറ്റെടുക്കേണ്ട വലിയ ഉത്തരവാദിത്തമാണ് പെട്ടെന്ന് സര്‍ക്കാരില്‍ വന്നു ചേര്‍ന്നത്.
ഓഖിയും രണ്ട് പ്രളയവും വരുത്തിവച്ച അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധിക്കിടയിലും 20,000 കോടി രൂപയുടെ പ്രത്യേക കൊവിഡ് പാക്കേജിനാണ് സര്‍ക്കാര്‍ തയ്യാറായത്. ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശിക തീര്‍ത്ത് അഡ്വാന്‍സും നല്‍കാന്‍ തീരുമാനിച്ചു (യു.ഡി.എഫ് ഭരണമൊഴിയുമ്പോള്‍ 600 രൂപ വീതമുള്ള പെന്‍ഷന്‍ 1600 കോടി രൂപ കുടിശ്ശികയായിരുന്നു). 1500 കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ ആര്‍ക്കും പട്ടിണിയില്ലാത്ത സാഹചര്യമൊരുക്കി. അതിഥി തൊഴിലാളികള്‍ക്കായി 4603 ക്യാമ്പുകള്‍, അവര്‍ക്ക് മനസ്സിലാകുന്ന ഹിന്ദി, ഒഡിയ,ബംഗാളി ഭാഷകളില്‍ രോഗത്തെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചുമുള്ള ലഘുലേഖകള്‍, ട്രാന്‍സ്ജന്റേഴ്‌സിന് പ്രത്യേക പാക്കേജ്. സംസ്ഥാനത്തെ 87 ലക്ഷം റേഷന്‍കാര്‍ഡുടമകള്‍ക്കും എ.പി.എല്‍ - ബി.പി.എല്‍ വ്യത്യാസമില്ലാതെ സൗജന്യ റേഷന്‍, റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍ നല്‍കുന്നു. നിരീക്ഷണത്തിലുള്ളവര്‍ക്ക് പ്രത്യേകം ഭക്ഷണക്കിറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചു. ഇതിനെല്ലാം ചുമതല ഏറ്റെടുത്തു കൊണ്ട് രണ്ടരലക്ഷത്തിലധികം യുവാക്കളുടെ സന്നദ്ധം സേന കര്‍മ്മനിരതരായി നില്‍ക്കുന്നു. കാര്‍ഷിക വിപണന മേളകളിലൂടെയും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും കൃഷി വകുപ്പ് പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും ലഭ്യത ഉറപ്പു വരുത്തി. കര്‍ഷക തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍,കൈത്തറി തൊഴിലാളികള്‍,നിര്‍മ്മാണ തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, മോട്ടോര്‍ തൊഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍,ബീഡി ചുരുട്ട് തൊഴിലാളികള്‍, ഖാദിതൊഴിലാളികള്‍, സ്‌കൂള്‍ ഉച്ചഭക്ഷണ തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, പ്രൊഫഷണല്‍ നാടകസമിതികള്‍, ഗാനമേള ട്രൂപ്പുകള്‍, മിമിക്രി കലാകാരന്‍മാര്‍, തെയ്യക്കോലങ്ങളുമായി ബന്ധപ്പെട്ട കലാകാരന്‍മാര്‍, അമ്പലങ്ങളെ ആശ്രയിച്ചു കഴിയുന്നവര്‍ ഇങ്ങനെ അവശതയനുഭവിക്കുന്ന ഓരോ വിഭാഗങ്ങള്‍ക്കും ആവശ്യമായ സഹായമെത്തിക്കുന്ന ഈ കൊറോണക്കാലവും ലോകത്തിന് മാതൃകയാണ്.

 

 

സര്‍ക്കാരിന്റെ എല്ലാ വരുമാന മാര്‍ഗ്ഗങ്ങളും നിലച്ചു. തനത് നികുതി, നികുതിയേതര വരുമാനങ്ങളും നികുതിവിഹിതവും ഇല്ലാതായി. കേന്ദ്രവിഹിതം കുറഞ്ഞു. ജി.എസ്.ടി ഇല്ലാതായി. നികുതിയുള്ള ഒരു സാധനത്തിന്റെയും കാര്യമായ കച്ചവടം നടക്കാതായി. മോട്ടോര്‍ വാഹന നികുതിയില്ല. മുദ്രപത്ര കച്ചവടമില്ല. ടൂറിസം മേഖല സ്തംഭിച്ചു, മദ്യക്കച്ചവടവും ഇല്ലാതായി. സംസ്ഥാനത്തെ സാമ്പത്തിക മേഖലയെ കാര്യമായി സ്വാധീനിച്ചിരുന്നത് പ്രവാസികള്‍ നാട്ടിലേയ്ക്കയയ്ക്കുന്ന പണമായിരുന്നു. ഏതാണ്ട് 20 ലക്ഷം മലയാളി പ്രവാസികള്‍ പ്രതിവര്‍ഷം ഒരു ലക്ഷം കോടിയിലധികം രൂപയാണ് കേരളത്തിലേയ്ക്ക് അയയ്ക്കുന്നത്. ഗള്‍ഫ് മേഖലയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കൊവിഡ്-19 ഭീതി പടര്‍ത്തിയപ്പോള്‍ സ്വന്തം നാട്ടിലേയ്ക്ക് വന്ന് വരുമാനമില്ലാതായ പ്രവാസികളെ സഹായിക്കേണ്ട ചുമതലയും സംസ്ഥാന സര്‍ക്കാരിനുണ്ട്. അടുത്ത മാസം ശമ്പളം കൊടുക്കാന്‍ കഴിയാത്തത്ര സാമ്പത്തിക ബുദ്ധിമുട്ടിലാണ് സംസ്ഥാന സര്‍ക്കാരെന്ന് ധനകാര്യവകുപ്പു മന്ത്രി പറഞ്ഞത് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ കേവലം അഞ്ച് ശതമാനത്തിനു പോലും വരുമാനമില്ലാത്ത അവസ്ഥയില്‍ ബാക്കി 95 ശതമാനം പേരെയും പൂര്‍ണ്ണമായും സംരക്ഷിക്കാന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു സര്‍ക്കാരിന് എത്രകാലം കഴിയും ? ആവശ്യത്തിന് ഭക്ഷ്യസാധനങ്ങള്‍ സ്റ്റോക്കുണ്ടെന്ന് ഭക്ഷ്യവകുപ്പു മന്ത്രി നല്‍കുന്ന ഉറപ്പാണ് ഏക ആശ്വാസം. ഈയൊരവസ്ഥയിലും സര്‍ക്കാര്‍ ജനങ്ങളെ മുന്നില്‍ നിന്ന് നയിച്ചത് ഇച്ഛാശക്തികൊണ്ടു മാത്രമാണ്.

 


പ്രളയസമയത്ത് പോലും സഹായിക്കാത്ത കേന്ദ്രസര്‍ക്കാര്‍ അതിനെക്കാള്‍ ക്രൂരമായാണ് ഇപ്പോള്‍ കേരളത്തോട് പെരുമാറുന്നത്. കൊറോണ രോഗബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുകയും രോഗവ്യാപനം തടയുന്നതിന് രാജ്യത്തിനും ലോകത്തിനു തന്നെയും മാതൃകയാകുന്ന നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന കേരളത്തിന് കൊവിഡ് ഫണ്ടായി അനുവദിച്ചത് 157 കോടി രൂപ മാത്രമാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് എത്രത്തോളം ചെറുതാണെന്ന് മനസ്സിലാകും. ഇപ്പോഴിതാ എം.പി ഫണ്ട് രണ്ട് വര്‍ഷത്തേക്ക് നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചിരിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന് മാത്രമായി ഇത്തരമൊരു സാഹചര്യം ഏറ്റെടുക്കാനാവില്ല എന്ന് തിരിച്ചറിയുന്ന സുമനസ്സുകള്‍ കലവറയില്ലാത്ത സഹായമാണ് സര്‍ക്കാരിന് നല്‍കാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുള്ളത്.

 


ഈ ഘട്ടത്തിലാണ് വീണ്ടുമൊരു സാലറി ചലഞ്ച് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. പ്രളയ സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ലോകത്തുള്ള എല്ലാ മലയാളികളും അവരുടെ ഒരു മാസത്തെ വേതനം നല്‍കണമെന്നാണ് അദ്ദേഹം അഭ്യര്‍ത്ഥിച്ചതെങ്കില്‍, ഇത്തവണ സര്‍ക്കാര്‍- പൊതുമേഖലാ ജീവനക്കാരോട് മാത്രമാണ് അഭ്യര്‍ത്ഥന. കാരണം ഇന്ന് ആകെ വരുമാനമുള്ളത് ആ വിഭാഗത്തിന് മാത്രമാണല്ലോ. സാമ്പത്തിക ബുദ്ധിമുട്ടുള്ള വിഭാഗങ്ങളെ ഒഴിവാക്കാമെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പു നല്‍കുകയും ചെയ്തു.
കേരളത്തിലെ സാലറി ചലഞ്ചിന്റെ കാര്യം പറയുമ്പോള്‍ നിങ്ങള്‍ ദയവ് ചെയ്ത് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത് അതിനെ തകര്‍ക്കാന്‍ കൂട്ടു നില്‍ക്കരുത്. താരതമ്യം ചെയ്യുന്നെങ്കില്‍ എല്ലാം താരതമ്യം ചെയ്യണം. ഈ സാലറി ഒരു കുറവും വരാതെ, ഈ സിവില്‍ സര്‍വീസ് ഇത്രയും ശക്തമായി നിലനില്‍ക്കുന്നതെന്തു കൊണ്ടെന്ന് സത്യസന്ധമായി വിലയിരുത്തണം. അതിന്റെ ഭാഗമായ ആരോഗ്യ മേഖല ശക്തമായതു കൊണ്ടാണ് ജനങ്ങള്‍ ധൈര്യമായി ഇവിടെ ആശുപത്രിയിലെത്തുന്നത്. ശക്തമായ റവന്യൂ, തദ്ദേശസ്വയംഭരണം, സിവില്‍ സപ്ലൈസ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, ട്രഷറി, എക്‌സൈസ്, വനം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, പൊതുമരാമത്ത്, ജലസേചനം തുടങ്ങിയ വിഭാഗങ്ങള്‍ ഈ നാടിന്റെ കരുത്താണ്, കൈത്താങ്ങാണ്. ഓക്‌സിജന്‍ കിട്ടാതെ നൂറ് കണക്കിന് കുട്ടികള്‍ മരിക്കാത്ത സംസ്ഥാനമായി കേരളം തുടരുന്നതും അതുകൊണ്ടാണ്. ആരും പട്ടിണി കിടക്കേണ്ടി വരില്ല എന്ന് മുഖ്യമന്ത്രി ആത്മവിശ്വാസം കൊള്ളുന്നതും ഇവിടത്തെ ജീവനക്കാരിലുള്ള വിശ്വാസം കൊണ്ടാണ്. ഇത്രയേറെ പ്രതിസന്ധിയുണ്ടായിട്ടും ലീവ് സറണ്ടര്‍ മരവിപ്പിക്കുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യാത്ത സര്‍ക്കാരിനെ ജീവനക്കാര്‍ക്കും വിശ്വാസമാണ്.

 


ഒന്നു മുതല്‍ രണ്ടരലക്ഷം വരെ അമേരിക്കക്കാര്‍ കൊറോണ മൂലം മരിക്കുമെന്നാണ് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതെങ്കില്‍, സംസ്ഥാനത്ത് ആദ്യ കൊറോണ മരണം ഉണ്ടായപ്പോള്‍ പത്ര സമ്മേളനം നടത്തിയ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഇന്ന് നമുക്ക് ദുഃഖകരമായ ദിവസമാണ്, കൊവിഡ് 19 ബാധിച്ച ഒരാളിന് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്. സ്വന്തം ജനതയോടുള്ള അതിരറ്റ കരുതലാണ് ഓരോ വ്യക്തിയുടെ കാര്യത്തിലും മുഖ്യമന്ത്രിയും ഇടതുപക്ഷ സര്‍ക്കാരും കാണിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണിത്. ഇത് എല്ലാവരും കണ്ണ് തുറന്ന് കാണണം. മറിച്ചുള്ള പ്രചരണങ്ങള്‍ ജീവനക്കാരോടുള്ള സ്‌നേഹം കൊണ്ടല്ലെന്ന് തിരിച്ചറിയണം. കഴിയുന്നവരെല്ലാം ഈ സര്‍ക്കാരിനെ സഹായിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ മുഴുവന്‍ സാലറി ചലഞ്ചില്‍ പങ്കെടുത്ത് ഒരു മാസത്തെ ശമ്പളം നല്‍കി സര്‍ക്കാരിന് കരുത്തു പകരണം. ഇല്ലെങ്കില്‍ ചരിത്രം നമുക്ക് മാപ്പു തരില്ല.


(ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)