Sunday 07 June 2020




അതിഥികളെ യാത്രയയച്ച് തലസ്ഥാനം; യൂറോപ്പിലെ 232 പേര്‍ സ്വദേശത്തേക്ക്

By online desk .01 Apr, 2020

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് കുടുങ്ങിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ 232 പൗരന്‍ മാരെ സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജര്‍മന്‍ എംബസിയുടെയും ശ്രമഫലമായി പ്രത്യേക വിമാനത്തില്‍ സ്വദേശത്തേക്ക് യാത്രയാക്കി. ഇവരിലേറെയും ജര്‍മനിയില്‍നിന്നുള്ളവരാണ്. സംസ്ഥാനത്തെ 13 ജില്ലകളിലായി കുടുങ്ങിക്കിടന്നവരെയാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെത്തിച്ചശേഷമാണ് യൂറോപ്പിലേയ്ക്ക് യാത്രയാക്കിയത്. വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികളെ സഹായിക്കാന്‍ എല്ലാ ജില്ലയിലും കേരള ടൂറിസം ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തെത്തിച്ച യാത്രക്കാരെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കെടിഡിസിയുടെ വിവിധ ഹോട്ടലുകളിലാണ് താമസിപ്പിച്ചതെന്ന് കെടിഡിസി എംഡിയും കേരള ടൂറിസം അഡി. ഡയറക്ടറുമായ വി.ആര്‍ കൃഷ്ണ തേജ പറഞ്ഞു. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം അടിയന്തര സാഹചര്യം മനസിലാക്കി ജോലിക്ക് ഹാജരാകാന്‍ സ്വയം സന്നദ്ധരായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്രക്കാരായ വിദേശ പൗരന്‍മാര്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും വരാതിരിക്കാന്‍ ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോവളത്തെ കെടിഡിസി സമുദ്ര ഹോട്ടലിലായിരുന്നു ആരോഗ്യവകുപ്പ് പ്രത്യേക താല്പര്യമെടുത്ത് വൈദ്യപരിശോധന നടത്തി. രോഗലക്ഷണങ്ങളും ശരീരോഷ്മാവ് അളക്കുന്ന പരിശോധനയുമാണ് നടത്തിയത്.

 

ശ്രമകരമായ ദൗത്യമായിരുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 

യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങളിലെ പൗരന്‍മാരെ കണ്ടെത്തി ജില്ലയിലെത്തിക്കുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കുറഞ്ഞ സമയം കൊണ്ട് ഇവരെ കണ്ടെത്തിയതില്‍ ടൂറിസം വകുപ്പിലെ ജീവനക്കാരും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിമാരും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. സുരക്ഷിതമായി ഇവരെ പല സ്ഥലങ്ങളില്‍നിന്ന് തിരുവനന്തപുരത്ത് എത്തിക്കാന്‍ പൊലീസും സഹായിച്ചുവെന്ന് മന്ത്രി പറഞ്ഞു.