Thursday 02 April 2020




ജസ്റ്റിസ് എസ് മുരളീധറിന്റെ സ്ഥലം മാറ്റത്തിന് പിന്നിലെന്ത്?

By online desk .28 Feb, 2020

imran-azhar

 

ജസ്റ്റിസ് എസ് മുരളീധര്‍ എന്ന ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ പഞ്ചാബ് ആന്‍ഡ് ഹരിയാനാ ഹൈക്കോടതിയിലേയ്ക്ക് സ്ഥലംമാറ്റിയ നടപടി വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരിക്കുകയാണ്. സുപ്രീം കോടതി കൊളീജിയത്തിന്റെ ഈ വിവാദ തീരുമാനത്തിനെതിരെ ഡല്‍ഹി ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ നേരിട്ട് പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

 

ഇത് നീതിയുക്തമായി കോടതികളില്‍ നിലപാടുകള്‍ സ്വീകരിക്കുന്ന ന്യായാധിപരുടെ മനോവീര്യം കെടുത്തുന്ന നടപടിയായി എന്നാണ് ബാര്‍ അസോസിയേഷന്‍ പറയുന്നത്. 'ഈ കോടതി കണ്ടതില്‍ വച്ച് ഏറ്റവും നട്ടെല്ലുള്ള ന്യായാധിപരിലൊരാള്‍' ആണ് ജസ്റ്റിസ് എസ് മുരളീധര്‍ എന്നും അദ്ദേഹത്തെ സ്ഥലം മാറ്റിയ നടപടി 'ഈ സ്ഥാപനത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതും പൊതുജനങ്ങള്‍ക്ക് നീതിപീഠത്തിലുള്ള വിശ്വാസം ഇല്ലാതാക്കുന്ന തരത്തിലുള്ളതും' ആണെന്ന് ബാര്‍ അസോസിയേഷന്‍ പരസ്യ പ്രസ്താവനയില്‍ അറിയിച്ചു.

ആരാണ് ജസ്റ്റിസ് മുരളീധര്‍ ?

എന്തുകൊണ്ടാണ് ഡല്‍ഹി ബാര്‍ അസോസിയേഷന്‍ ഇങ്ങനെ ദൃഢമായ ഒരു നിലപാടിലേയ്ക്ക്, അതും സുപ്രീം കോടതി കൊളീജിയം എന്ന ആധികാരിക സ്ഥാനത്തിനെതിരെ, നീങ്ങിയത് എന്നറിയണമെങ്കില്‍ ആരാണ് ഈ ജസ്റ്റിസ് എസ് മുരളീധര്‍ എന്ന് കൃത്യമായി അറിയണം. അശരണരും നിസ്സഹായരും സംസാരിക്കാന്‍ ത്രാണിയില്ലാത്തവരുമായ പാവപ്പെട്ടവര്‍ക്ക് എന്നും നീതിന്യായ വ്യവസ്ഥയുടെ മുന്നില്‍ തന്റെ ശബ്ദം നിര്‍ഭയം കടം നല്‍കിയിരുന്ന ധീരനായ അഭിഭാഷകനായിരുന്നു മുരളീധര്‍. 1961 ഓഗസ്റ്റ് 8 -ന് ചെന്നൈയില്‍ ജനിച്ച മുരളീധര്‍ 1984 സെപ്റ്റംബറിലാണ് ചെന്നൈയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്.

 

1987 -ല്‍ അദ്ദേഹം തന്റെ പ്രാക്ടീസ് സുപ്രീം കോടതിയിലേക്കും ഡല്‍ഹി ഹൈക്കോടതിയിലേക്കും പറിച്ചുനട്ടു. അഭിഭാഷകന്‍ എന്ന നിലയില്‍ അദ്ദേഹം കോടതിയില്‍ തന്റെ വിശ്വരൂപം കാണിച്ച രണ്ട് അവസരങ്ങളാണ് ഭോപ്പാല്‍ വാതകദുരന്തത്തിലെ ഇരകളുടെ കേസിലെയും നര്‍മ്മദാ അണക്കെട്ടുകാരണം കിടപ്പാടം നഷ്ടമായവരുടെ കേസിലെയും വാദങ്ങള്‍. അഭിഭാഷകന്‍ എന്നനിലയിലുള്ള പ്രാക്ടീസിന് പുറമേ അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കോണ്‍സല്‍ ആയിരുന്നു. 2002 മുതല്‍ ഇന്ത്യന്‍ ലോ കമ്മീഷന്റെ പാര്‍ട്ട് ടൈം മെമ്പര്‍ ആണ് ജസ്റ്റിസ് എസ് മുരളീധര്‍. 2006 -ലാണ് അദ്ദേഹം ഡല്‍ഹി ഹൈക്കോടതി് ജഡ്ജിയായി ഉയര്‍ത്തപ്പെടുന്നത്.

 

 

ജഡ്ജ് എന്ന നിലയിലും മുരളീധര്‍ വളരെ ധീരനും പുരോഗമന സ്വഭാവമുള്ളയാളും ആയി അറിയപ്പെട്ടു. ഐപിസി 377 വകുപ്പ് റദ്ദാക്കുന്ന കേസ് കേട്ട ബഞ്ചിലും 1984 -ലെ സിഖ് വിരുദ്ധ കലാപത്തില്‍ സജ്ജന്‍കുമാറിനെ ശിക്ഷിച്ച ബഞ്ചിലും ജസ്റ്റിസ് മുരളീധരന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ വിവരവകാശനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയ വിധിയും അദ്ദേഹം അടങ്ങിയ ബഞ്ചിന്റെതായിരുന്നു. മനുഷ്യന്റെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് അദ്ദേഹത്തിന്റെ പ്രഥമ പരിഗണനയായിരുന്നു ഏതൊരു കേസിലും. കോടതിയില്‍ വരുന്ന അഭിഭാഷകരോട് തന്നെ 'മൈ ലോര്‍ഡ്' എന്നോ 'മൈ ലോര്‍ഡ്ഷിപ്പ്' എന്നോ വിളിക്കേണ്ടതില്ല എന്നും മുരളീധര്‍ പറഞ്ഞിരുന്നു. ലാ പവര്‍ട്ടി ആന്‍ഡ് ലീഗല്‍ എയ്ഡ് അക്‌സസ് റ്റു ക്രിമിനല്‍ ജസ്റ്റീസ് എന്ന ഒരു പുസ്തകവും ജസ്റ്റിസ് എസ് മുരളീധര്‍എഴുതിയിട്ടുണ്ട്.

 


ഡല്‍ഹി ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്നാമത്തെ ജഡ്ജിയാണ് ഇന്ന് ജസ്റ്റിസ് മുരളീധര്‍. അദ്ദേഹത്തെപ്പോലെ സര്‍വീസുള്ള ഒരു ജഡ്ജിയെ സ്ഥലം മാറ്റുന്നെങ്കില്‍ കീഴ്‌വഴക്കം അനുസരിച്ച് അത് മറ്റേതെങ്കിലും ഹൈക്കോടതില്‍ ചീഫ് ജസ്റ്റിസ് ആയിട്ടായിരിക്കണമായിരുന്നു. എന്നാല്‍, ഈ സ്ഥലംമാറ്റത്തെപ്പറ്റി പറഞ്ഞു കേള്‍ക്കുന്ന ഒരു ന്യായം പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലെ രണ്ടാമത്തെ സീനിയര്‍ മോസ്റ്റ് ജഡ്ജ് എന്ന നിലയിലുള്ള ജസ്റ്റിസ് എസ് മുരളീധറിന്റെ ഈ സ്ഥലംമാറ്റം അവിടത്തെ ചീഫ് ജസ്റ്റിസിനെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തി, ജസ്റ്റിസ് മുരളീധരനെ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആക്കാന്‍ വേണ്ടിയാണ് എന്നാണ്.

 

എങ്കിലും ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇത്രയേറെ രാഷ്ട്രീയ പ്രാധാന്യം കൈവന്നിട്ടുള്ള ഒരു ഹര്‍ജിയുടെ അടിയന്തര ഹിയറിംഗിനിടെ തിരക്കിട്ട് അദ്ദേഹത്തിന് ഇങ്ങനെയൊരു സ്ഥലംമാറ്റ ഉത്തരവ് കൈമാറിയത് രാഷ്ട്രീയ ലാക്കോടെയാണ് എന്ന വിമര്‍ശനങ്ങളും സാമൂഹ്യമാദ്ധ്യമങ്ങളില്‍ സജീവമാണ്.