Friday 30 July 2021
അതുല്യ പ്രതിഭയാൽ പതിഞ്ഞ ബൈലൈൻ.....

By online desk .21 Feb, 2020

imran-azhar
എം എസ് മണി, മലയാള മാധ്യമ മേഖലയിൽ അതുല്യ പ്രതിഭയാൽ പതിഞ്ഞ ബൈലൈൻ. കേരള മാധ്യമ ചരിത്രത്തെ പ്രകാശഭരിതമാക്കുന്ന ബൈലൈൻ. ഉറച്ച നിലപാടുകളാലും സാഹസിക തീരുമാനങ്ങളാലും നവീന ആശയങ്ങളാലും അച്ചടി മാധ്യമ മേഖലയിൽ വിപ്ളവം സൃഷ്ടിച്ച മാധ്യമ പ്രവർത്തകൻ, മുഖ്യപത്രാധിപർ, പത്രം ഉടമ. മലയാളത്തിൽ അന്വേഷണാത്മക റിപ്പോർട്ടിംഗിന്റെ തുടക്കക്കാരൻ.
 
  പത്രം ഉടമയായിരിക്കുമ്പോഴും അടിമുടി മാധ്യമ പ്രവർത്തകനൻ. വാർത്തകളിൽ ആവേശഭരിതനാകുന്ന പത്രാധിപർ. വിലങ്ങുകളും വിലക്കുകളും ഇല്ലാതെ വാർത്തയുടെ സ്വാതന്ത്ര്യം പത്രാധിപ സമിതിയിലെ ഇളമുറക്കാർക്ക് അടക്കം നൽകിയ പത്രാധിപർ. വാർത്തയുടെ വിശ്വാസ്യത വിടരുതെന്ന കർശന വ്യവസ്ഥ മാത്രം മുന്നോട്ടു വച്ചു. ഏതു മാധ്യമ ഉടമയെയും സ്വാഭാവികമായും പിന്നോട്ടുവലിക്കുന്ന അതിരുകളെല്ലാം കൊഴിച്ചെറിഞ്ഞ പത്രാധിപർ.
             ജനനം 1941 നവംബർ നാലിന് കൊല്ലം മയ്യനാട്. കേരളം പത്രാധിപർ എന്ന് ആദരപൂർവ്വം വിളിക്കുന്ന കേരള കൗമുദി സ്ഥാപക പത്രാധിപർ കെ സുകുമാരന്റെയും മാധവി സുകുമാരന്റെയും മൂത്ത മകൻ. കേരളം രൂപം കൊളളുന്നതിനും മുമ്പ് 1911 ൽ ആനുകാലിക പ്രസിദ്ധീകരണമായി കേരള കൗമുദി ആരംഭിച്ച മുത്തച്ഛൻ സി വി കുഞ്ഞിരാമന് ഒപ്പമായിരുന്നു ബാല്യം. പേട്ട ഗവ സ്കൂൾ, സെന്റ് ജോസഫ് ഹൈസ്കൂൾ, പഴയ ഇന്റർമീഡിയറ്റ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. വിദ്യാർത്ഥി ജീവിതത്തിൽ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സജീവ പ്രവർത്തകൻ. രസതന്ത്രത്തിൽ ബിരുദം.
1961ൽ കേരള കൗമുദി ഡൽഹി ലേഖകനായി. 21 ആം വയസിൽ പാർലമെന്റ് റിപ്പോർട്ടറായി. 1962 ലെ ചൈനീസ് യുദ്ധകാലത്ത് ഇന്ത്യൻ അതിർത്തിയിൽ നിന്നും യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പുമായി ബന്ധപ്പെട്ട എക്സ്ക്ളൂസീവ് വാർത്തകൾ . ഇന്ത്യൻ സൈന്യം ഗോവയിൽ പ്രവേശിച്ചത് കേരളം അറിഞ്ഞതും ഈ ബൈലൈനിലൂടെയാണ്. പ്രധാനമന്ത്രിമാരായിരുന്ന മൊറാർജി ദേശായി, ഇന്ദിരാ ഗാന്ധി തുടങ്ങീ അന്നത്തെ ദേശീയ രാഷ്ട്രീയ അച്ചുതണ്ടായ നേതാക്കളുടെ നിരവധി എക്സ്ക്ളൂസീവ് അഭിമുഖങ്ങൾ, ഇന്ത്യയുടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും യാത്ര ചെയ്തുളള റിപ്പോർട്ടുകൾ.
     വിസ്ഫോടനാത്മക വാർത്തകളിലൂടെയാണ്  എം എസ് മണി എന്ന ബൈലൈൻ മലയാളിയുടെ മനസിൽ ആഴത്തിൽ പതിഞ്ഞത്. സർക്കാർ ഒത്താശയോടെയുളള വനം കൊളള തുറന്നുകാട്ടിയ കാട്ടുകളളന്മാർ എന്ന വാർത്താ പരമ്പരയും തുടർന്നുളള വലിയ കോളിളക്കങ്ങളും. ഇടതു സഹയാത്രികനായിരിക്കുമ്പോഴും വിമർശിക്കേണ്ട ഘട്ടങ്ങളിൽ ഇടതുപക്ഷത്തെയും വെറുതെ വിട്ടില്ല.
            പത്രാധിപർ എന്ന നിലയിൽ നിലപാടുകളുടെ പേരിലാവും എം എസ് മണി അടയാളപ്പെടുത്തുക. വലിയ തിരിച്ചടികൾ ഉണ്ടായപ്പോഴും അതിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. അടിയന്തരാവസ്ഥാ കാലത്ത് ഒ വി വിജയനും ആനന്ദും മുകുന്ദനും അടക്കമുളളവരുടെ പ്രതിരോധ എഴുത്തുകാർക്കായി കലാകൗമുദിയുടെ പേജുകൾ തുറന്നിട്ടു. അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടിയുളള ഉറച്ച നിലപാടുകളുടെ പേരിൽ നഷ്ടങ്ങൾ ഏറെ സഹിക്കേണ്ടിവന്നു.
തീമുനയുളള എഡിറ്റോറിയലുകളാൽ കേരള രാഷ്ട്രീയത്തിൽ ഇത്രത്തോളം ഇടപെട്ട പത്രാധിപന്മാർ അപൂർവ്വമാകും. കെ ആർ നാരായണനെ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയും ആക്കുന്നതിൽ കേരള കൗമുദി  എഡിറ്റോറിയൽ വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്.  
       അക്കാലത്ത് എം  എസ് മണിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയിരുന്ന കേരള കൗമുദി ഓണപതിപ്പുകൾ സാഹിത്യ പ്രേമികളായ മലയാളികൾക്ക് സാഹിത്യത്തിന്റെ തൃശ്ശൂർ പൂരം ആയിരുന്നു. മലയാളത്തിലെ തലയെടുപ്പുളള സാഹിത്യ കൊമ്പന്മാരെല്ലാം തിടമ്പേറ്റി നിരന്നു നിൽക്കുന്ന ഓണപതിപ്പിനായി മലയാളി കാത്തിരുന്നു.
        മുംബയ് മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന കലാകൗമുദി പത്രം, കഥ, സിനിമ, ഫോട്ടോ, ആരോഗ്യം തുടങ്ങീ വ്യത്യസ്ത വിഷയങ്ങളിൽ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ, പ്രത്യേക പംക്തികൾ തുടങ്ങീ മലയാള മാധ്യമ മേഖലയിലെ പലതിന്റെയും തുടക്കക്കാരൻ.
     ധീരനും ധിഷണാശാലിയുമായ പത്രാധിപർ എന്നതിനപ്പുറം ഒപ്പമുളള എല്ലാവരെയും സമന്മാരായി കണ്ട് ചേർത്തു നിർത്തിയ സ്നേഹധനൻ. സൗഹൃദങ്ങളുടെ രാജകുമാരനായിരിക്കുമ്പോഴും പൊതുവേദിയിലോ സ്വന്തം പത്രത്തിലോ സ്വന്തം മുഖം കാണിക്കുന്നതിനോട് തീരെ താത്പര്യം ഇല്ലാത്ത അസാധാരണ മനുഷ്യൻ.
   തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നിന്നും ആർക്കും അടർത്തി മാറ്റാൻ കഴിയാത്ത പേരാണ് എം എസ് മണിയുടേത്. പ്രസ് ക്ലളബ്ബ് കെട്ടിടം നിർമ്മിക്കാനുളള പണം കണ്ടെത്താനായി സ്വന്തം വീടിന്റെ ആധാരം പണയം നൽകിയ പത്രാധിപർ.  
 തിരുവനന്തപുരത്തെ  പത്രപ്രവർത്തകർക്ക് ഒത്തു ചേരാനും സമയം ചിലവഴിക്കാനുമായി ഒരു ഇടം നിർമ്മിക്കാനാണ് ഒരു പത്രം ഉടമ ഇതു ചെയ്തത്. തിരുവനന്തപുരം പ്രസ് ക്ളബ്ബിന്റെ അടിത്തറയിൽ പതിഞ്ഞ പേരാണത്.
   സ്വദേശാഭിമാനി കേസരി പുരസ്കാരം പ്രഖ്യാപിച്ചാണ് കേരള സർക്കാർ എം എസ് മണി എന്ന മലയാളത്തന്റെ  അഭിമാനമായ മാധ്യമ മഹാപ്രതിഭയെ ആദരിച്ചത്. എന്നാൽ പുരസ്കാരം ഏറ്റുവാങ്ങേണ്ട ചടങ്ങിന് കാത്തു നിൽക്കാതെ 2020 ഫെബ്രുവരി 18 ന് വെളുപ്പിന് അദ്ദേഹം ജീവിതത്തിന്റെ ഡഡ് ലൈൻ ക്ളോസ് ചെയ്തതു.
  അത്രമേൽ സ്നേഹാദരങ്ങളോടെ തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകർ മണി സാറിന്റെ ഓർമ്മകൾക്കു മുന്നിൽ അഭിവാദ്യം അർപ്പിക്കുന്നു.