Wednesday 23 October 2019




തിരുവനന്തപുരം വിമാനത്താവള വികസനത്തിന് രാഷ്ട്രീയ അവഗണന

By Online Desk.23 Nov, 2018

imran-azhar

 

 

തിരുവനന്തപുരം വിമാനത്താവളത്തെ രാഷ്ട്രീയക്കാര്‍ മനഃപൂര്‍വ്വം അവഗണിക്കുകയാണ്. വിവിധ ജില്ലകളില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍ തലസ്ഥാനത്ത് വിമാനമിറങ്ങി നിയമസഭയിലും സെക്രട്ടേറിയറ്റിലുമെത്തി ഇവിടുത്തെ സുഖഭോഗങ്ങള്‍ അനുഭവിക്കുന്നതല്ലാതെ തിരുവനന്തപുരത്തിനായി യാതൊന്നും ചെയ്യാറില്ല. അവര്‍ക്ക് അവരുടെ മണ്ഡലങ്ങളാണ് വലുത്. ഇതു വരെയുണ്ടായിട്ടുള്ള സര്‍ക്കാരുകളില്‍ മുഖ്യമന്ത്രി പദം അലങ്കരിക്കുന്നത് ആ പാര്‍ട്ടികളിലെ പ്രബല നേതാക്കളായിരിക്കും. അവര്‍ കൊച്ചി, തൃശൂര്‍, മലബാര്‍ മേഖലകളില്‍ നിന്നുള്ളവരുമാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് ഒരു ശക്തനായ നേതാവ് കേരളത്തില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് തലസ്ഥാനത്തെ ഇത്രയധികം അവഗണിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനകാര്യത്തില്‍ 99% പേരും മൗനം പാലിക്കുകയാണ്. സ്ഥലസൗകര്യക്കുറവുള്ള വിമാനത്താവളത്തിന്റെ വികസനത്തിന് ആവശ്യമായ വസ്തു ഏറ്റെടുക്കാത്തതാണ വളര്‍ച്ചയ്ക്ക് തടസം. നമുക്കാവശ്യമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ ആ സ്ഥലത്ത് തന്നെയുള്ള പ്രബലനായ നേതാവ് വേണം. ശക്തനായ നേതാവ് ഉണ്ടെങ്കിലേ മന്ത്രിസഭയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് അവ നേടിയെടുക്കാനാവുകയുളളു. സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമാണ് തിരുവനന്തപുരം. അതിന്റെ പ്രാധാന്യം പോലും തിരുവനന്തപുരം ജില്ലയ്ക്ക് ലഭിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവത്ക്കരിക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അതോടെ കാര്യങ്ങള്‍ പട്ടി പുല്ല് തിന്നുകയുമില്ല, പശുവിന്് പുല്ല് കൊടുക്കുകമില്ലെന്ന അവസ്ഥയിലായി. കൊച്ചി, കോഴിക്കോട്് കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കു വേണ്ടി വാദിക്കാന്‍ നിരവധി ആള്‍ക്കാരുണ്ട്. അവര്‍ രാഷ്ട്രീയം മറന്ന് ഒന്നിച്ചു നിന്ന് കാര്യങ്ങള്‍ നേടിയെടുക്കും. തിരുവനന്തപുരത്ത് കാര്യങ്ങള്‍ നേരെ തിരിച്ചാണ്. ആുളുകള്‍ പല തട്ടിലാണ്. യോജിപ്പില്ല. പ്രശ്‌നങ്ങള്‍ വരുമ്പോഴാണ് യോജിപ്പ്. വികസനത്തിനു വേണ്ടി ശ്രമിക്കാതെ തുരങ്കം വയ്ക്കുന്നതിലാണ് ആളുകള്‍ക്ക് താത്പര്യം.


എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് 250 കോടി രൂപ മുടക്കി നമ്മുടെ തലസ്ഥാനത്ത് ഇന്നു കാണുന്ന റോഡുകള്‍ നിര്‍മിച്ചതും വൃക്ഷങ്ങളും മറ്റും വച്ചു പിടിപ്പിച്ചത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന മുനീറാണ് പദ്ധതി നടപ്പാക്കിയത്. അന്ന് വക്കം പുരുഷോത്തമനായിരുന്നു സ്പീക്കര്‍. അദ്ദേഹത്തിന് മന്ത്രിസഭയിലെ നേതാക്കള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള കഴിവുണ്ടായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് കാര്യങ്ങള്‍ നടപ്പാക്കിയത് ചീഫ് സെക്രട്ടറിയായിരുന്ന ബാബു ജേക്കബായിരുന്നു. അതുകൊണ്ട് ഇന്നു കാണുന്ന സൗകര്യങ്ങളൊക്കെ തലസ്ഥാനത്തിന് കിട്ടി. അതിനു ശേഷം ഒന്നും നടന്നിട്ടില്ല. ഇപ്പോഴത്തെ മന്ത്രിസഭയ്ക്ക് കണ്ണൂരിനോടാണ് താത്പര്യം. തിരുവനന്തപുരം അവര്‍ക്ക് ആവശ്യമില്ല. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് രണ്ടുമൂന്നു വ്യക്തികളാണ്. അതിലൊരാളായ കുഞ്ഞാലിക്കുട്ടിക്ക് കോഴിക്കോടിനോടും മലപ്പുറത്തിനോടുമായിരുന്നു താത്പര്യം. ഉമ്മന്‍ചാണ്ടിക്ക് കോട്ടയവും കൊച്ചിയും കെ.എം മാണിക്ക് പാലായും. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിന് ഇവര്‍ ഒന്നുംചെയ്തിട്ടില്ലെന്ന് പറയേണ്ടി വരും. സ്വകാര്യവത്ക്കരിക്കുമ്പോള്‍ ഉണ്ടാകുന്ന വികസനം വളരെ വലുതാണ്. വിമാനങ്ങളുടെ എണ്ണം കൂടും. പൈസ മുടക്കുന്നവര്‍ തന്നെ വിമാനത്താവളത്തെ മാര്‍ക്കറ്റ് ചെയ്യും. യൂസര്‍ഫീ കുറയ്ക്കും. എയര്‍പോര്‍ട്ട് ലാന്‍ഡിംഗ് ഫീസ് കുറയ്ക്കും. 

 

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. അവിടെപ്പോലും എയര്‍ലൈന്‍ ഫ്യുവലിന്റെ ടാക്‌സ് കുറവാണ്. തിരുവനന്തപുരത്ത് എന്തുകൊണ്ട് അത് കുറയ്ക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നില്ല. സ്വകാര്യവത്കരിക്കുമ്പോള്‍ ആഭ്യന്തര വിമാനങ്ങളുടെ എണ്ണം കൂടും. യൂറോപ്യന്‍ ഫ്‌ളൈറ്റുകള്‍ ഇവിടെ വന്നുപോകും. അതൊന്നും നോക്കാതെ പലരും സ്വന്തം താത്പര്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. 

 

 യു ഡി എഫും എല്‍ ഡി എഫും തിരുവനന്തപുരത്തെ തഴഞ്ഞിട്ടേയുള്ളു. പണ്ടു മുതലേ തിരുവനന്തപുരത്തുകാര്‍ ആവശ്യപ്പെടുന്ന ഒന്നാണ് വിമാനത്താവള വികസനം. അതു നടക്കണമെങ്കില്‍ തലസ്ഥാനത്തു നിന്ന് കഴിവുള്ള ഒരു ജനപ്രതിനിധി മന്ത്രിസഭയില്‍ വരണം. വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലത്തെ പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസിലെ വി.എസ്. ശിവകുമാറാണ്. അദ്ദേഹത്തിന് ഇവിടുത്തെ പ്രശ്‌നങ്ങള്‍ അറിയാം. 1932ലാണ് തിരുവനന്തപുരം വിമാനത്താവളം നിര്‍മ്മിച്ചത്്. കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ചുരുക്കമായുണ്ടായിരുന്ന വിമാനത്താവളങ്ങളില്‍ ഒന്നുമായിരുന്നു ഇത്. ശ്രീചിത്തിരതിരുനാള്‍ മഹാരാജാവും കേണല്‍ ഗോദവര്‍മ്മ രാജ(ജി.വി. രാജ)യുമാണ്് വിമാനത്താവളത്തിനു വേണ്ടി ശ്രമിച്ചത്. അന്ന് 600 ഏക്കറാണ് ഏറ്റെടുത്തത്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോഴാണ് കൊച്ചിയില്‍ വിമാനത്താവളം തുടങ്ങിയത്. അതിനായി 2000 ഏക്കര്‍ സ്ഥലം അവര്‍ അന്ന് ഏറ്റെടുത്തിരുന്നു. അതിനാല്‍ ഇനിയും അവര്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും. ഇതേ രീതിയിലാണ് കണ്ണൂര്‍ വിമാനത്താവളത്തിനും സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തെ ഉന്നത നിലവാരത്തിലുള്ള വിമാനത്താവളമാണ് തിരുവനന്തപുരത്തേത്. സ്ഥലമേറ്റെടുക്കാനും പണം നിക്ഷേപിക്കാനും തയ്യാറുള്ളവരുണ്ട്. പക്ഷേ ഇവിടെ ഭൂമി കൈവശമില്ല. 100 ഏക്കറാണ് തിരുവനന്തപുരം വിമാനത്താവള വികസനത്തിന് വേണ്ടത്. ഭൂമി ഏറ്റെടുക്കാത്തിടത്തോളം പുതിയ ടെര്‍മിനല്‍ നിര്‍മിക്കാനാകില്ല. ഇവിടെ കസ്റ്റംസും എയര്‍പോര്‍ട്ട് അതോറിറ്റിയും തമ്മില്‍ മത്‌സരമാണ്്. ഒരു കൂട്ടര്‍ ഒരു കാര്യം ചെയ്താല്‍ മറ്റെ കൂട്ടര്‍ അതിന് തടസമാകും. അതാണ് ഇരുവരും കുറച്ചു നാളായി ചെയ്തുകൊണ്ടിരിക്കുന്നത്. ആഭ്യന്തര വിമാനത്താവളം മാറ്റുന്ന കാര്യം പറയാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇവിടെ ഇന്റര്‍നാഷണല്‍ കൊറിയര്‍ സര്‍വീസും കാര്‍ഗോയും കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നത്. അതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു. ഇരുവകുപ്പുകളുടെയും ബലം പിടിത്തമാണ് അതിനു തടസം.


അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പൂട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് ഏഴ് മാസത്തോളമായി. വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രത്യേകിച്ച്, കുവൈത്ത്, മാലി, സൗദി, ഷാര്‍ജ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഇവിടെ നിന്നാണ് മദ്യം വാങ്ങിയിരുന്നത്. ഇപ്പോള്‍ അതിനുള്ള സൗകര്യം ഇവിടെയില്ല. ഷോപ്പ് നടത്തിയിരുന്നവര്‍ക്കെതിരെ കേസുള്ളതിനാല്‍ തുറക്കാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് ഒരു മുട്ടാപ്പോക്ക് ന്യായമാണ്. ശശി തരൂര്‍ എംപി ഇത് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. പക്ഷേ കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെന്നതാണ് പ്രശ്‌നമാണ് അദ്ദേഹത്തിന്റെ ശ്രമം വിജയിക്കാത്താതിന് കാരണം. തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവത്ക്കരിക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ വന്നതോടെ ജീവനക്കാര്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തു. സ്വകാര്യ കമ്പനി ഏറ്റെടുക്കുമ്പോള്‍ ഇവിടെയുള്ള ജീവനക്കാര്‍ക്ക് മറ്റു പല വിമാനത്താവളങ്ങളിലും പോയി ജോലി ചെയ്യേണ്ടി വരും. അതിന് അവര്‍ തയ്യാറല്ല. അതാണ് മറ്റൊരു പ്രശ്‌നം. അവര്‍ സ്വകാര്യവത്ക്കരണത്തിന് എതിരുമാണ്. സ്വകാര്യ കമ്പനിക്ക് വിമാനത്താവളത്തെ ഏല്‍പ്പിക്കുമ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് ഭൂമി ഏറ്റെടുത്തു നല്‍കുന്നതെന്നാണ് ഇവരുടെ ചോദ്യം. പ്രദേശവാസികള്‍ക്കിടയിലും അവര്‍ ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞു. അതോടെ ഭൂമി ഏറ്റെടുക്കല്‍ വലിയൊരു കടമ്പയായി മാറി. എംഎല്‍എയെന്ന നിലയില്‍ വി.എസ്. ശിവകുമാര്‍ നോക്കുമ്പോള്‍ പ്രദേശവാസികളെ മാത്രമേ കാണുന്നുള്ളു. അവര്‍ മാത്രമല്ല അദ്ദേഹത്തിന്റെ വോട്ടര്‍മാര്‍. ആ പ്രദേശം വിട്ടും വോട്ടര്‍മാരുണ്ട്. പ്രാദേശിക തലത്തില്‍ കുറച്ചുപേരുടെ സ്വാര്‍ത്ഥ താത്പര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ആളായി എംഎല്‍എ മാറുന്നു. എയര്‍പോര്‍ട്ട് അഡൈ്വസറി കമ്മിറ്റിയും എയര്‍പോര്‍ട്ട് യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയും യോഗം ചേരാറുണ്ട്. എന്നാല്‍ ഇതിലൊന്നും എംഎല്‍എ പങ്കെടുക്കാറില്ല.


വിമാനത്താവള വികസനത്തിനായി എം വിജയകുമാറിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. എംപിമാരായ ശശി തരൂര്‍, എ. സമ്പത്ത് എന്നിവരും വി.എസ്. ശിവകുമാര്‍ എം എല്‍ എ, കൗണ്‍സിലര്‍മാര്‍, മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരാണ് അതിലെ അംഗങ്ങള്‍. സമ്പത്ത് എംപിക്കുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുള്ളതിനാല്‍ ഒന്നും മിണ്ടുന്നില്ല. ശശി തരൂരാകട്ടെ അദ്ദേഹത്തിന്റെ അറിവോ, സമ്മതമോ ഇല്ലാതെയാണ് ആക്ഷന്‍ കൗണ്‍സില്‍ അംഗമാക്കിയതെന്നാണ് പറയുന്നത്.


പ്രളയകാലത്ത് കൊച്ചി വിമാനത്താവളത്തില്‍ വെള്ളം കയറിയപ്പോള്‍ തിരുവനന്തപുരത്തു നിന്നാണ് വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തത്. അന്ന് 75 ഫ്‌ളൈറ്റുകള്‍ ഒരു ദിവസം ഇവിടെന ിന്ന് പോയിരുന്നു. ഇവിടെ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനാകുമെന്നും അതിനുവേണ്ട വികസനമാണ് വേണ്ടതെന്ന് അന്ന് ഞങ്ങളെല്ലാം പറഞ്ഞിരുന്നതാണ്. ശശി തരൂര്‍ മാത്രമാണ് അതിനു വേണ്ടി സംസാരിക്കാന്‍ മുന്നോട്ടു വന്നത്. ഇവിടുത്തെ വിമാനത്താവളം ഏറെ പ്രയോജനപ്പെടുന്നത് തിരുവനന്തപുരം, കൊല്ലം ജില്ലയിലുള്ളവര്‍ക്കും കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍, തിരുനെല്‍വേലി, കന്യാകുമാരി, കുളച്ചല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കുമാണ്. കന്യാകുമാരി ജില്ലയിലുള്ളവര്‍ കൂടുതലായും കാര്‍ഗോ സര്‍വീസിനാണ് തിരുവനന്തപുരം വിമാനത്താവളം ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഇവിടെയെത്തുന്ന കാര്‍ഗോ വിമാനത്തില്‍ സ്ഥലപരിമിതിയുണ്ടെന്നു പറഞ്ഞ് കൊച്ചിയിലേക്ക് അയക്കുകയാണ് പതിവ്. റോഡുമാര്‍ഗ്ഗം കൊച്ചിയിലെത്തിച്ച് അവിടെ നിന്നും വിമാനത്തിലെത്തിക്കുമ്പോള്‍ അവിടെയുള്ളവര്‍ക്ക് ലാഭമാണ്. തലസ്ഥാനത്തിനു ലഭിക്കേണ്ട വരുമാനമാണ് കൊച്ചി വിമാനത്താവളം കൊയ്യുന്നത്. ഇപ്പോഴത്തെ പോക്കനുസരിച്ച് തിരുനെല്‍വേലിയില്‍ വിമാനത്താവളം വരുന്നതോടെ തിരുവനന്തപുരത്തിന്റെ കാര്യത്തില്‍ തീരുമാനമാകും.


വിമാനത്താവളത്തിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കേണ്ട ജില്ലാ ഭരണകൂടവും വികസനത്തിനു വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ല. ഏറെക്കാലമായുള്ള പരാതിയാണ് വിമാനങ്ങളിലെ പക്ഷിയിടി. നിയമമനുസരിച്ച് വിമാനത്താവള പരിസരത്ത് ഇറച്ചി വെട്ടു കേന്ദ്രങ്ങളോ, മാലിന്യ നിക്ഷേപമോ പാടില്ലെന്നാണ്. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തിനു ചുറ്റും അനധികൃത ഇറച്ചി വെട്ടു കേന്ദ്രങ്ങളാണ്. ജില്ലാ കളക്ടര്‍ ഇടപെട്ട് പല കാര്യങ്ങളും ചെയ്യാന്‍ ശ്രമിച്ചെങ്കിലും ജനപ്രതിനിധികളുടെ ഭഗത്തു നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടാകുന്നില്ല. ഇപ്പോഴും പക്ഷിയിടി തുടരുന്നു. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ നടപ്പാക്കാതെ വികസന കാര്യങ്ങളില്‍ തുരങ്കം വയ്ക്കുകയാണ് പലരും.


തിരുവനന്തപുരം വിമാനത്താവളത്തിന് ഇന്ന് വേണ്ടത് വികസനത്തിനുള്ള ആക്ഷന്‍ കൗണ്‍സിലാണ്. അതുണ്ടെങ്കിലും ഉന്നതനിലവാരത്തില്‍ വിമാനത്താവളത്തെ എത്തിക്കാനാകൂ. അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുമ്പോള്‍ തകര്‍ക്കാനാണ് പലരും ശ്രമിക്കുന്നത്. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയുണ്ടാക്കി സിയാലുമായി ചേര്‍ന്ന് പിപിപി മോഡലില്‍ ഒന്നിച്ചു നിന്നു പ്രവര്‍ത്തിച്ചാല്‍ തിരുവനന്തപരത്തിന് വികസനസാധ്യതകള്‍ ഏറെയാണ്.