Saturday 26 September 2020
ഇനിയും അവരെ കൊല്ലരുത്: വേണം കാല്‍നട യാത്രക്കാര്‍ക്കും സുരക്ഷിതത്വം

By online desk .10 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: എത്ര പറഞ്ഞാലും തീരാത്ത കഥകള്‍ പോലെയാണ് നഗരത്തിലെ കാല്‍നടയാത്രക്കാരുടെ ദുരിതങ്ങള്‍. പൊട്ടിപ്പൊളിഞ്ഞ ഫുട്പാത്തുകള്‍, തിരക്കേറിയ ജംഗ്ഷനുകളിലെ റോഡ് മുറിച്ചു കടക്കല്‍, ട്രാഫിക് സിഗ്നലുകള്‍ക്ക് പുല്ലുവിലകൊടുക്കുന്ന വാഹനങ്ങള്‍ ഇങ്ങനെ തുടങ്ങി നഗരത്തിലെ നിരത്തുകളിലെല്ലാം കാല്‍നടയാത്രക്കാര്‍ക്കൊപ്പം മരണം സഞ്ചരിക്കുന്നു. കാല്‍നടയാത്രക്കാരെ സംരക്ഷിക്കാനും അവര്‍ക്ക് സുരക്ഷിത യാത്രകള്‍ക്കായുള്ള സംവിധാനങ്ങള്‍ ഒരുക്കാനും ഭരണകൂടങ്ങള്‍ക്ക് കഴിയണം. ഓരോ പദ്ധതികളും നടപ്പാക്കാന്‍ എടുക്കുന്ന കാലതാമസം ഇല്ലാതാക്കുന്നത് നിരത്തുകളിലിറങ്ങുന്ന ഓരോ മനുഷ്യരുടെയും ജീവനാണ്. ഇനിയും അവരെ കൊല്ലരുത്, കാല്‍നടയാത്രക്കാര്‍ക്കും നിരത്തുകളില്‍ സുരക്ഷിതമായി യാത്ര ചെയ്യാനാകണം. അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്നുറപ്പു വരുത്തണം. തലസ്ഥാന നഗരം ഇപ്പോള്‍ ഹൈടെക് സിറ്റി ആയി മാറിക്കഴിഞ്ഞിരിക്കുന്നു. വ്യവസായ നഗരമായ കൊച്ചിയെയും കടത്തിവെട്ടുന്ന മുന്നേറ്റമാണ് തലസ്ഥാനത്തുണ്ടായിക്കൊണ്ടിരിക്കുന്നത്. അപ്പോഴും കാല്‍നടയാത്രക്കാര്‍ക്കു വേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസനം നടത്താന്‍ എന്തുകൊണ്ടാണ് മറന്നു പോകുന്നത്. അത്യാധുനിക കെട്ടിടങ്ങളും ആറുവരി പാതകളുമെല്ലാം നിര്‍മ്മിക്കുമ്പോള്‍ത്തന്നെ നടപ്പാതകളുടെ പ്രസക്തി കുറയാതെ നോക്കേണ്ടതുണ്ട്. ഫുട് ഓവര്‍ ബ്രിഡ്ജുകള്‍ വ്യാപകമാകണം. ഫ്‌ളൈ ഓവറുകള്‍ നിര്‍മ്മിക്കുന്നത് വാഹനത്തിരക്ക് ഒഴിവാക്കാനാണെങ്കില്‍ ഫൂട് ഓവര്‍ ബ്രിഡ്ജുകള്‍ നിരത്തുകളിലെ കാല്‍നടയാത്രക്കാരുടെ മരണ നിരക്ക് കുറയ്ക്കാനുള്ളതാകണം.

 

കിഴക്കേ കോട്ടയില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് വേണ്ടേ?

 

പദ്മനാഭ സ്വാമി ക്ഷേത്രം, ചാല മാര്‍ക്കറ്റ്, പുത്തരിക്കണ്ടം മൈതാനം, പഴവങ്ങാടി ഗണപതി ക്ഷേത്രം, വിവിധ കച്ചവട സ്ഥാനങ്ങള്‍, ഗാന്ധി പാര്‍ക്ക്, ബസ്റ്റാന്റ്, കെ.എസ്.ആര്‍.ടി.സി ഭവന്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത സ്ഥാപനങ്ങളുണ്ടിവിടെ. തലസ്ഥാനത്തെത്തുന്ന ഏതൊരാളും കിഴക്കേ കോട്ടയില്‍ വരാതെ പോകില്ല. പദ്മനാഭനെ കാണണമെങ്കില്‍ കിഴക്കേ കോട്ടയില്‍ വരണമല്ലോ. ഇവിടെ എത്തിപ്പെടാന്‍ തന്നെ കഷ്ടപ്പാടാണ്. എത്തിക്കഴിഞ്ഞാല്‍ റോഡിലൂടെ നടക്കാന്‍ നന്നേ സൂക്ഷിക്കണം. ഇല്ലെങ്കില്‍ മരണം ഉറപ്പ്. ഗാന്ധി പാര്‍ക്കിന് അപ്പുറത്ത് ചാല മാര്‍ക്കറ്റ്. ഇപ്പുറത്ത് പദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള വാതിലും കോട്ടയും. ഇതിനിടയില്‍ അണമുറിയാതെ ഓടുന്ന വാഹനങ്ങള്‍. തൊട്ടടുത്ത് ബസ് സ്റ്റാന്റ്, നിരയും വരിയും തെറ്റിയോടുന്ന ബസുകള്‍. ചിലപ്പോഴൊക്കെ യാത്രക്കാരുടെ കാലനായി ബസുകള്‍ മാറും. ഫുട്പാത്തുകളില്‍ വഴിയോരക്കച്ചവടക്കാര്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. നടക്കാന്‍ പോലും സ്ഥലമില്ല. ഉള്ള ഇട ത്തിലൂടെ തട്ടിയും മുട്ടിയും യാത്രക്കാര്‍ നടക്കുന്നു. അവര്‍ക്ക് അരികിലൂടെ വന്നു നില്‍ക്കുന്ന കെ.എസ്.ആര്‍.ടി.സി-പ്രൈവറ്റ് ബസുകള്‍. ഒന്നുതെറ്റിയാല്‍ വഴിയാത്രക്കാരന്‍ ബസിനടിയിലേക്ക് പോകും. ഇവിടെ റോഡ് മുറിച്ചു കടക്കാന്‍ ഫുട് ഓവര്‍ ബ്രിഡ്ജ് വേണ്ടേ. കാലങ്ങളായി ഈ ആവശ്യമുണ്ട്. എന്നിട്ടും പരിഗണിക്കപ്പെടുന്നില്ല.

 

തമ്പാനൂരില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സ്വപ്‌നമാണ്

 

എല്ലാവരും സ്വപ്‌നം കാണാറുണ്ട്. ജനപ്രതിനിധികളും സ്വപ്‌നം കാണാറുണ്ടെന്നാണ് വിശ്വാസം. എം.പിയും എം.എല്‍.എയും കൗണ്‍ിസിലറും മേയറുമെല്ലാം ഇനി കാണേണ്ട സ്വപ്‌നം തമ്പാനൂര്‍ ബസ്റ്റാന്റിനെയും റെയില്‍വേ സ്റ്റേഷയെും ബന്ധിപ്പിക്കുന്ന ഫുട് ഓവര്‍ബ്രിഡ്ജാണ്. ഇതാണ് നഗരവാസികളുടെയും യാത്രക്കാരുടെയും സ്വപ്നം. സ്വപ്‌നം കണ്ടാല്‍ മാത്രം പോര, യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുകയും വേണം. ബസ്റ്റാന്റിന്റെ നവീകരണം പൂര്‍ത്തിയാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. റോഡുകള്‍ മോഡി കൂട്ടിയും ഡിവൈഡറുകള്‍ സ്ഥാപിച്ചും മനോഹരമാക്കിയ ഇവിടെ റോഡ് മുറിച്ചു കടക്കണമെങ്കില്‍ യാത്രക്കാര്‍ സര്‍ക്കസ്സ് പഠിച്ചിരിക്കണം. ഒരേ സമയം എതിരേ വരുന്ന ബസും ഓവര്‍ടേക്ക് ചെയ്തു വരുന്ന കാറും ലോറിയും ഓട്ടോയും ഇരുചക്ര വാഹനങ്ങളും. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം ഉറപ്പ്. സീബ്രാലൈനൊക്കെ കോമഡിയാണെന്നാണ് കാല്‍നടയാത്രക്കാരുടെ പക്ഷം. ലൈനിലൂടെ നടന്നാലും ഇല്ലെങ്കിലും മരണം ഉറപ്പ്. തമ്പാനൂരില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ മരണപ്പെട്ടവരുടെ എണ്ണം പത്തു വര്‍ഷത്തിനുള്ളില്‍ 20 കടന്നിട്ടുണ്ട്. ഇതില്‍ പകുതിയും അറിയപ്പെടാതെ പോയ മരണങ്ങളാണ്. ഓഫീസ് സമയങ്ങളിലാണ് ഇവിടെ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. മേല്‍പ്പാലങ്ങള്‍ ഇവിടെ അലങ്കാരമല്ല, ആവശ്യമാണ്. കണ്ണ് തുറക്കേണ്ടത് ഭരണാധികാരികളാണ്.

 

പാളയത്തും വെള്ളയമ്പലത്തും കവടിയാറും വേണം നടപ്പാലങ്ങള്‍

 

പാളയം പള്ളികള്‍, കണ്ണിമേറാ മാര്‍ക്കറ്റ്, വിവിധ കോളേജുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ ബസ് സ്‌റ്റോപ്പ്, ഗ്രൗണ്ടുകള്‍ എന്നിവയാണ് ഇവിടെയുള്ളത്. ബസു കാത്തു നില്‍ക്കുന്നവര്‍ ജീവന്‍മരണ പോരാട്ടത്തില്‍ ഏര്‍പ്പെടുന്ന സ്ഥലം. റോഡുകള്‍ക്ക് വീതി ഇല്ലാത്തതും വാഹനപ്പെരുപ്പവും ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ വാഹനങ്ങളും കൂടിയാകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ പെട്ടതു തന്നെ. റോഡ് മുറിച്ചു കടക്കാന്‍ ഏറെ നേരം കണ്ണില്‍ എണ്ണയൊഴിച്ച് നോക്കി നില്‍ക്കേണ്ട അവസ്ഥ. തിരക്കേറുന്തോറും അപകട സാദ്ധ്യത വര്‍ദ്ധിക്കുന്നുണ്ടിവിടെ. ഫുട്പാത്തുകള്‍ പേരിനു മാത്രം. വീതിയില്ലാത്ത ഫുട്പാത്തുകളിലൂടെ നടക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. പോരെങ്കില്‍ നിയമസഭാ സമ്മേള കാലത്ത് വിവിധ സംഘടനകള്‍ നയിക്കുന്ന ജാഥകള്‍ ഇവിടെയാണെത്തുന്നത്. റോഡും കാല്‍നടയും തടസ്സപ്പെടുത്തി പൊലീസ് ബാരിക്കേഡ് വച്ചാല്‍ അതുവഴി പോകാനാകാത്ത സ്ഥിതി. ഇതിനെല്ലാം പരിഹാരമാകുന്നതാണ് ഫുട് ഓവര്‍ ബ്രിഡ്ജ്. ബേക്കറി ഭാഗത്തു നിന്നും എത്തുന്നവാഹനങ്ങളും സെക്രട്ടേറിയറ്റ് ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങളും എം.എല്‍.എ ക്വാര്‍ട്ടേഴ്‌സ് ഭാഗത്തു നിന്നുള്ള വാഹനങ്ങളും മ്യൂസിയം ഭാഗത്തു നിന്നുള്ള വാഹനങ്ങളും എത്തുന്നത് ഈ ജംഗ്ഷനിലാണ്. കുഴഞ്ഞു മറിഞ്ഞ ട്രാഫിക് സംവിധാനത്തിലാണ് ഇപ്പോള്‍ നഗരത്തിന്റെ ഗതാഗത പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ കാല്‍നടയാത്രക്കാരന്റെ സുരക്ഷിതത്വം ആരറിയാന്‍. വെള്ളയമ്പലത്തും കവടിയാറും ഇതേ അവസ്ഥയുണ്ട്. ശാസ്ത മംഗലത്തും സ്ഥിതി വ്യത്യസ്തമല്ല. വഴുതയ്ക്കാട് വിമണ്‍സ് കോളേജ് ജംഗ്ഷനിലും ഫുട് ഓവര്‍ ബ്രിഡ്ജ് അത്യാവശ്യമാണ്. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ഓവര്‍ ബ്രിഡ്ജ് സ്ഥാപിച്ചത് കുട്ടികള്‍ക്ക് ഏറെ ആശ്വാസമാണ്.

 

മെഡിക്കല്‍ കോളേജ് ജംഗ്ഷനും പേടിക്കണം


ആയിരക്കണക്കിന് രോഗികള്‍ വന്നുപോകുന്ന ഇടമാണ് മെഡിക്കല്‍ കോളേജ്. ഇവിടെ റോഡ് മുറിച്ചു കടക്കുന്നത് ജീവന്‍ മരണ പോരാട്ടമാണ്. ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ച് കൃത്യമായ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അപകടങ്ങള്‍ക്ക് കുറവില്ല. ഫുട്പാത്തുകള്‍ കച്ചവടക്കാരെ കൊണ്ട് നിറഞ്ഞതോടെ കാല്‍നടയാത്ര റോഡിലേക്ക് ആക്കിയിരിക്കുകയാണ്. ആശുപത്രിയില്‍ നിന്നും കൂട്ടിരിപ്പുകാര്‍ എപ്പോഴും റോഡിലേക്ക് വരുന്നുണ്ട്. അശ്രദ്ധമായും അല്ലാതെയും റോഡ് മുറിച്ചു കടക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നുണ്ട്. ഇവിടെ ആമ്പുലന്‍സുകള്‍ പോലും ഗതാഗതക്കുരുക്കില്‍ പെട്ടു പോകുന്നുണ്ട്. തിരക്കേറിയ റോഡുകളില്‍ ഫുട്പാത്ത് കയ്യേറിയ കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ നഗരസഭ തയ്യാറാകുന്നില്ല. പൊട്ടിപ്പൊളിഞ്ഞ ഓടയിലെ സ്ലാബുകള്‍ മാറ്റാനും തയ്യാറാകുന്നില്ല. വികസനമെന്നത് ഇവിടെ വെറുംവാക്കാണ്. മെഡിക്കല്‍ കോളേജ് അത്യാധുനികമായി വികസിപ്പിച്ചിട്ടും റോഡുകള്‍ വികസിക്കാത്തതും ഫുട്പാത്തുകള്‍ നേരെയാകാത്തതും ദുരന്തങ്ങള്‍ക്കാണ് വഴി വയ്ക്കുക.

 

പട്ടം ജംഗ്ഷനെ ഇങ്ങനെ അവഗണിക്കരുത്

 

പി.എസ്.സി., ട്രാഫിക് പൊലീസ് സ്റ്റേഷന്‍, മില്‍മ, വൈദ്യുതി ഭവന്‍, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ആസ്ഥാനം, എല്‍.ഐ.സി., എസ്.യു.ടി ആശുപത്രി, കേന്ദ്രീയ വിദ്യാലയം, പട്ടം ഗേള്‍സ് ഹൈസ്‌കൂള്‍, പട്ടം സെന്റ് മേരീസ് സ്‌കൂള്‍ തുടങ്ങി നിരവധി വിദ്യാലയ ങ്ങളുള്ള വലിയ ജംഗ്ഷനാണ്. നാല് ഭാഗത്തു നിന്നും വാഹനങ്ങളെത്തുന്ന ജംഗ്ഷന്‍. ഇവിടെ റോഡ് മുറിച്ചു കടക്കല്‍ ശ്രമകരമാണ്. വഴിയാത്രക്കാര്‍ക്ക് ബസ് കാത്തു നില്‍ക്കാനുള്ള ഇടം പോലും പൊട്ടിത്തകര്‍ന്ന നിലയിലാണ്. ഇവിടെ യാത്രക്കാര്‍ റോഡിലേക്കിറങ്ങി നില്‍ക്കുന്നത് അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. നാലാഞ്ചിറ, പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ ജംഗ്ഷനുകളിലും കാല്‍നടയാത്രക്കാര്‍ക്ക് ആകാശ നടപ്പാത നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ്.