By Chithra.03 Dec, 2019
തിരുവനന്തപുരം : പട്ടിണി സഹിക്കാതെ ഒരമ്മ തന്റെ സ്വന്തം മക്കളെ ശിശു ക്ഷേമ സമിതിക്ക് കൈമാറിയ വാർത്ത കേരള മനഃസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചതും വേദനിപ്പിച്ചതുമായ വാർത്തയാണ്. എന്നാൽ ആ അമ്മയ്ക്ക് സഹായവുമായി തിരുവനന്തപുരം നഗരസഭ രംഗത്ത് വന്നിരിക്കുകയാണ്.
കൈതമുക്കിലെ റെയിൽവെയുടെ പുറമ്പോക്കിൽ താമസിച്ചിരുന്ന അമ്മയ്ക്ക് നഗരസഭ താത്കാലികമായി ജോലി നൽകാനാണ് തീരുമാനമെടുത്തത്. കൂടാതെ, നഗരസഭയുടെ പണി പൂർത്തിയായി കിടക്കുന്ന ഫ്ലാറ്റുകളിലൊന്ന് ഇവർക്ക് നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭാ മേയർ കെ. ശ്രീകുമാർ വ്യക്തമാക്കി. മാധ്യമങ്ങൾ വഴി വാർത്തയറിഞ്ഞ അദ്ദേഹം വീട്ടമ്മ താമസിച്ചിരുന്ന വീട് സന്ദർശിച്ച ശേഷമാണ് പ്രഖ്യാപനം നടത്തിയത്.
ശിശു ക്ഷേമ സമിതി ഏറ്റെടുത്ത കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്നും മേയർ വ്യക്തമാക്കി. വിശപ്പ് സഹിക്കാതെ കുട്ടികളിൽ ഒരാൾ മണ്ണ് തിന്നുന്ന കാര്യം വീട്ടമ്മ നൽകിയ അപേക്ഷയിൽ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ സംരക്ഷണം സമിതി ഏറ്റെടുത്തത്. വീട്ടമ്മയുടെ ആറ് മക്കളിൽ നാല് പേരെയാണ് ശിശു ക്ഷേമ സമിതിയിൽ അമ്മ കൈമാറിയത്.