By സൂരജ് സുരേന്ദ്രൻ .13 Jan, 2021
വാഷിംഗ്ടൺ: പുറത്ത് പോകുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനായി യുഎസ് ജനപ്രതിനിധി സഭയില്‍ നടപടികള്‍ ആരംഭിച്ചു. ഇതിനിടെ ട്രംപിനെതിരെ പാർട്ടിക്കുള്ളിലും പടയൊരുക്കാമെന്നാണ് സൂചന.
പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തെ ചില റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധികൾ പിന്തുണയ്ക്കുന്നതു ട്രംപിനു കനത്ത തിരിച്ചടിയാകും.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡന്റെ വിജയം അംഗീകരിക്കാതിരിക്കുകയും കോടതി നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തതും അസംതൃപ്തരെ സൃഷ്ടിച്ചു.
യുഎസ് പാര്‍ലമെന്റ് മന്ദിരമായി കാപ്പിറ്റോളിന് നേരെ കഴിഞ്ഞ ആഴ്ച ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇംപീച്ച്മെന്റ് നടപടികള്‍. ഇന്ന് ഇംപീച്ച്മെന്റ് പ്രമേയം പാസായാലും ട്രംപിന് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാക്കാനാകും.
സെനറ്റിന്റെ നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയായാലെ സ്ഥാനം നഷ്ടമാകുകയുള്ളൂ. നേരത്തെ 2019 ഡിസംബറില്‍ ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തിരുന്നു.
എന്നാല്‍ സെനറ്റിലെ വോട്ടെടുപ്പിലൂടെ അന്ന് രക്ഷപ്പെട്ടു. ജനുവരി 20-നാണ് പുതിയ പ്രസിഡന്റ് ജോ ബൈഡന് അധികാരമേല്‍ക്കുക.