Sunday 09 August 2020




തിരുവനന്തപുരം നഗരം അടച്ചിടില്ല : നിയന്ത്രണം ഉണ്ടാകുമെന്ന് മന്ത്രി കടകംപളളി

By praveenprasannan.23 Jun, 2020

imran-azhar

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടെങ്കിലും തിരുവനന്തപുരം നഗരം അടച്ചിടേണ്ട ആവശ്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കും. തിരുവനന്തപുരത്ത് പത്തു ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.


ഉറവിടം കണ്ടെത്താനാവാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ജില്ലയില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കിയത്.



നാളെ മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇത് നടപ്പിലാക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം കര്‍ശന നടപടികളുണ്ടാകുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ അറിയിച്ചു. നഗരത്തില്‍ ചന്തകളിലടക്കം കൂടുതല്‍ ആളുകളെത്തുന്നതിനാല്‍ പകുതി കടകള്‍ വീതം ഒന്നിടവിട്ട ദിവസങ്ങളിലാകും ഇനി തുറക്കുക.



ചാലയും, പാളയവും ഉള്‍പ്പെടെയുളള ചന്തകളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പഴം, പച്ചക്കറി കടകള്‍ ആഴ്ചയില്‍ നാല് ദിവസങ്ങളില്‍ തുറക്കും. തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് ഈ കടകള്‍ തുറക്കുക. മത്സ്യവില്‍പനക്കാര്‍ക്കും നിയന്ത്രണമുണ്ടാകും.