By Amritha AU.22 May, 2018
തിരുവനന്തപുരം: ഗോള്‍ഫ് ക്ലബ്ബിന്റെ മതില് വീണ് വീട് തകര്‍ന്ന കുടുംബം ദുരിതത്തില്‍.കഴിഞ്ഞ മെയ് 13നുണ്ടായ കനത്തമഴയില്‍ നാശനഷടം സംഭവിച്ചിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ആരോപണം.
കവടിയാര്‍ കടപ്പത്തല നഗര്‍ ലെയ്ന്‍ 19 കെ.എന്‍.ആര്.എ. 94(ബി)ല്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിലെ പി.ആര്.ഒ. സുധ എസ്. നായരുടെ വീടാണ് മതില് ഇടിഞ്ഞുവീണ് തകര്‍ന്നത്. വീടിന്റെ കിഴക്കു ഭാഗത്തുള്ള 12 അടി പൊക്കമുള്ള മതിലും സിറ്റ് ഔട്ടും രണ്ടാമത്തെ നിലയുടെ ബലത്തിനായി നിര്‍മിച്ചിരുന്ന തൂണുകളും അപകടത്തില്‍ തകര്‍ന്നിരുന്നു. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.
അഗ്നിരക്ഷാസേനയും പോലീസും എത്തിയാണ് വീട്ടിലുണ്ടായിരുന്ന സുധയെയും അമ്മയെയും സഹോദരിയെയും നാലു കുട്ടികളെയും രക്ഷിച്ചത്. തുടര്‍ന്ന് ആറ് ദിവസം സുധയും കുടുംബവും കഴിഞ്ഞത് ഗോള്‍ഫ് ക്ലബ്ബിലാണ്. ഗൃഹോപകരണങ്ങളും വാഹനങ്ങളുമടക്കം 20 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് സുധ പറയുന്നു.
കളക്ടറെയും എം.എല്‍.എ.യും കണ്ട് പരാതി നല്‍കിയിരുന്നു. വില്ലേജ് ഓഫീസറും എ.ഡി.എമ്മും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. വീടിന്റെ മുകളിലത്തെ നില ഇപ്പോള്‍ താങ്ങിയാണ് നിര്‍ത്തിയിരിക്കുന്നത്. വീട്ടിലെ ചെളിനീക്കാന്‍ ഗോള്‍ഫ് ക്ലബ് അധികൃതര്‍ സഹായിച്ചു. എന്നാല്‍
ഗോള്‍ഫ് ക്ലബ്ബിന്റെ മതില് പുതുക്കി പണിയുന്നതിനോ വീടിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനോ ഗോള്‍ഫ് ക്ലബ്ബിന്റെ ഉടമസ്ഥരായ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ശ്രമിക്കുന്നില്ല.