Wednesday 23 September 2020




മെഡിക്കല്‍ കോളേജില്‍ രണ്ട് സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ കൂടി

By online desk .05 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗത്തില്‍ പുതുതായി രണ്ട് സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചു. സര്‍ജറി വിഭാഗത്തില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് ഓരോ രോഗിയ്ക്കും കാലതാമസമില്ലാതെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനാണ് പുതിയ ക്ലിനിക്കുകള്‍. അന്നനാളം, ആമാശയം, കരള്‍, പാന്‍ക്രിയാസ്, പിത്താശയം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ക്കായി ഹെപ്പറ്റോബിലിയറി ആന്റ് അപ്പര്‍ ഗ്യാസ്‌ട്രോ ഇന്റസ്റ്റിനല്‍ ട്രാക്ട് ക്ലിനിക്കും വന്‍കുടല്‍, മലദ്വാരം എന്നീ അവയവങ്ങളുടെ രോഗങ്ങള്‍ ചികിത്സിക്കുന്നതിനായി കൊളോറെക്ടല്‍ സര്‍ജറി ആന്റ് ഹെമറോയിഡ്‌സ് ക്ലിനിക്കുമാണ് പുതുതായി ആരംഭിച്ചത്.


ഹെപ്പറ്റോബിലിയറി ആന്റ് അപ്പര്‍ ഗ്യാസ്‌ട്രോ ഇന്റസ്റ്റിനല്‍ ട്രാക്ട് ക്ലിനിക്ക് എല്ലാ ചൊവ്വാഴ്ചകളിലും സര്‍ജ്ജറി വിഭാഗം പ്രൊഫ.ഡോ നിസാറുദീന്റെ നേതൃത്വത്തിലും കൊളോറെക്ടല്‍ സര്‍ജറി ആന്റ് ഹെമറോയിഡ്‌സ് ക്ലിനിക്ക് പ്രൊഫ. ഡോ വിശ്വനാഥന്റെ നേതൃത്വത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടു ഒപികളുടെയും പ്രവര്‍ത്തനസമയം പകല്‍ 12 മുതല്‍ രണ്ടുമണിവരെയാണ്. പുതിയ രണ്ട് ക്ലിനിക്കുകളുടെയും ഉദ്ഘാടനം ബുധനാഴ്ച മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം.കെ അജയകുമാര്‍ നിര്‍വഹിച്ചു. പുതിയ ഒപിയിലെത്തുന്ന രോഗികള്‍ക്ക് വേഗത്തില്‍ രോഗനിര്‍ണ്ണയം നടത്തുന്നതിന് ഏഴരലക്ഷം രൂപ ചെലവഴിച്ച് പുതിയ അള്‍ട്രാസൗണ്ട് സ്‌കാനറും സ്ഥാപിച്ചു.


സ്‌കാനറിന്റെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ എം.എസ് ഷര്‍മ്മദ് നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയെ രോഗീസൗഹൃദമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന വികസന പദ്ധതികള്‍ക്ക് ആക്കം കൂട്ടാന്‍ പുതിയ ക്ലിനിക്കുകളിലൂടെ കഴിയുമെന്ന് ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോ അബ്ദുള്‍ ലത്തീഫ് പറഞ്ഞു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ജോബിജോണ്‍, ഡോ വിശ്വനാഥന്‍ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സര്‍ജ്ജറി വിഭാഗത്തിനു കീഴില്‍ നേരത്തേ തൈറോയിഡ് അനുബന്ധ അസുഖങ്ങളും സ്തനസംബന്ധ രോഗങ്ങളും ചികിത്സിക്കുന്നതിന് സ്‌പെഷ്യാലിറ്റി ക്ലിനിക്ക് ആരംഭിച്ചിരുന്നു. ഇേേപ്പാള്‍ ജനറല്‍ സര്‍ജ്ജറിയ്ക്കു കീഴില്‍ പുതിയ മൂന്നു സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളാണ് പ്രവര്‍ത്തിക്കുന്നത്.