Thursday 16 July 2020




മുന്‍ പാക് പ്രധാനമന്ത്രിയുള്‍പ്പെടെയുളളവര്‍ക്കെതിരെ യു.എസ് ബ്ലോഗറുടെ ലൈംഗികാരോപണം

By praveenprasannan.06 Jun, 2020

imran-azhar

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുള്‍പ്പെടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണം. പ്രശസ്ത അമേരിക്കന്‍ ബ്ലോഗര്‍ സിന്തിയ ഡി.റിച്ചിയാണ് ആരോപണം ഉയര്‍ത്തിയത്.



2011ല്‍ റഹ്മാന്‍ മാലിക് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് പാനീയത്തില്‍ മയക്കു മരുന്ന് നല്‍കി തന്നെ പീഡനത്തിരയാക്കിയെന്നാണ് സിന്തിയയുടെ ആരോപണം. പ്രധാനമന്ത്രിയായിരുന്ന യൂസഫ് റാസ ഗിലാനിയും മുന്‍ ആരോഗ്യ മന്ത്രി മഖ്ദൂം ഷഹാബുദ്ദീനും ഇസ്ലാമബാദിലെ പ്രസിഡന്റിന്റെ വസതിയില്‍ വച്ച് പീഡിപ്പിച്ചെന്നും സിന്തിയ ആരോപിച്ചു. ആസിഫ് അലി സര്‍ദാരി പ്രസിഡന്റായിരുന്ന കാലയളവിലാണിത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് സിന്തിയ ആരോപണം ഉയര്‍ത്തിയത്. പാകിസ്ഥാനിലാണ് ഇവര്‍ താമസിക്കുന്നത്.



തെളിവുകള്‍ അടുത്ത ആഴ്ച പുറത്തുവിടുമെന്നും സിന്തിയ പറഞ്ഞു. സിന്തിയയുടെ ആരോപണങ്ങളില്‍ ആരോപണവിധേയരായവരോ പി.പി.പി നേതൃത്വമോ പ്രതികരിച്ചിട്ടില്ല.


മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയും ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ ആസിഫ് അലി സര്‍ദാരിയും തമ്മിലുള്ള വൈവാഹിക ജീവിതം സംബന്ധിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് സിന്തിയയ്‌ക്കെതിരെ പി.പി.പി പെഷാവര്‍ ജില്ലാ പ്രസിഡന്റ് കഴിഞ്ഞ ആഴ്ച ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയില്‍ പരാതിപ്പെട്ടിരുന്നു.