Friday 29 May 2020




ഇന്ത്യയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എസിന്റെ 2.9 ദശലക്ഷം ഡോളര്‍

By online desk .06 Apr, 2020

imran-azhar

 

 

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യാന്തര വികസനത്തിലുളള അമേരിക്കന്‍ ഏജന്‍സി (യു.എസ്.എ.ഐ.ഡി) 2.9 ദശലക്ഷം ഡോളര്‍ സംഭാവന നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഒരു ആരോഗ്യ സംഘടനയ്ക്കും ലോകാരോഗ്യ സംഘടനയ്ക്കുമാണ് തുക ലഭിക്കുക. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഷെപീഗോ എന്ന ലാഭേച്ഛയില്ലാത്ത സംഘടനയ്ക്കാണ് 2.4 ദശലക്ഷം ഡോളര്‍ ലഭിക്കുക. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുമായി ബന്ധപ്പെട്ടാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. അഞ്ച് ലക്ഷം ഡോളര്‍ ലോകാരോഗ്യ സംഘടനയ്ക്ക് ലഭിക്കും.

 

കോവിഡ് 19 വ്യാപനം നിയന്ത്രിക്കാനും, രോഗബാധിതര്‍ക്ക് സംരക്ഷണം നല്‍കാനും, പ്രാദേശിക ജനതയെ രോഗത്തില്‍ നിന്ന് സംരക്ഷിക്കാനും ഇന്ത്യ ഗവണ്‍മെന്റിന് ഈ തുക ഉപകരിക്കുമെന്ന് അമേരിക്കന്‍ എംബസി വ്യക്തമാക്കി. കോവിഡ് 19നെതിരായ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ അമേരിക്കന്‍ അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ പ്രശംസിക്കുകയും അമേരിക്കന്‍ സഹായം കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രയോജനകരമാകുമെന്ന്് അഭിപ്രായപ്പെടുകയും ചെയ്തു. കോവിഡ് 19 ആഗോളമായി പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും സര്‍ക്കാരുകളും അന്താരാഷ്ട്ര സംഘടനകളും സഹകരിച്ചാലേ ഇതിനെ നേരിടാനാകൂ എന്നും അമേരിക്ക പ്രതികരിച്ചു. യു.എസ്.എ.ഐ.ഡി പോലുളള സംവിധാനങ്ങള്‍ വഴി ഇന്ത്യ സര്‍ക്കാരുമായും വിവിധ ഏജന്‍സികളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ച് മഹാമാരിക്കെതിരെ ശക്തമായ നീക്കമാണ് ലക്ഷ്യമിടുന്നതെന്ന് കെന്നത്ത് ജസ്റ്റര്‍ പറഞ്ഞു.