Saturday 20 July 2019




കടയില്‍ നിന്ന് വാങ്ങിയ ട്യൂബ് മൈലാഞ്ചി അണിഞ്ഞ ഗര്‍ഭിണിയുടെ കൈത്തണ്ടയും വിരലുകളും പൊള്ളി വീര്‍ത്തു

By anju.16 Apr, 2019

imran-azhar

 

ആലുവ: കടയില്‍ നിന്നും ട്യൂബില്‍ വാങ്ങിയ മൈലാഞ്ചി കൈയിലണിഞ്ഞ 32കാരിക്ക് എട്ടിന്റെ പണി.മയിലാഞ്ചി അണിഞ്ഞ അധ്യാപികയുടെ കൈത്തണ്ടയും വിരകളും പൊള്ളി വീര്‍ക്കുകയായിരുന്നു. ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ ഇവര്‍ ഗര്‍ഭിണിയായിരിക്കെയാണ് കടയില്‍ നിന്ന് വാങ്ങിയ ട്യൂബ് മൈലാഞ്ചി കൈയ്യിലണിഞ്ഞത്. സംഭവം പിന്നിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും പൂര്‍ണ്ണ സുഖം പ്രാപിച്ചിട്ടില്ല.

 

കൈയില്‍ തേച്ച് അര മണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും ഉണങ്ങും. തുടര്‍ന്നു സ്റ്റിക്കര്‍ പോലെ പറിച്ചെടുക്കാം. വരകളും പൂക്കളും അതിനകം ടാറ്റൂ പോലെ പതിയുമെന്നും മറ്റുമാണ് കടക്കാര്‍ പറഞ്ഞത്. രാത്രിയാണ് യുവതി മൈലാഞ്ചിയിട്ടത്. എന്നാല്‍ പിറ്റേന്നു രാവിലെ ചൊറിച്ചിലും പ്രയാസങ്ങളും തുടങ്ങി. താമസിയാതെ കൈ നീരുവച്ചു വീര്‍ത്തു. വളയും മോതിരങ്ങളും അതില്‍ കുടുങ്ങി. കളമശേരിയിലെ ത്വക്രോഗ വിദഗ്ധയുടെ ചികില്‍സയിലാണിപ്പോള്‍.

 

യുവതി ഗര്‍ഭിണിയായതിനാല്‍ മരുന്നുകള്‍ കഴിക്കാന്‍ നിയന്ത്രണമുള്ളതു കൊണ്ടാണ് സുഖം പ്രാപിക്കാന്‍ താമസം നേരിടുന്നത്. നിലവില്‍ ഓയിന്‍മെന്റ് മാത്രമേ പുരട്ടാനാവൂ. മൈലാഞ്ചിയിലെ കൃത്രിമ രാസപദാര്‍ഥങ്ങള്‍ ചര്‍മം വലിച്ചെടുത്തതാണ് പൊള്ളലിനും മറ്റും കാരണമായതെന്ന് ഡോക്ടര്‍ പറയുന്നു.