Wednesday 19 September 2018



മോദിയെ വധിക്കാന്‍ പദ്ധതിയെന്നാരോപണം : വരവരറാവുവിനെ അറസ്റ്റ് ചെയ്തു

By Nandan G .01 Jan, 1970

imran-azhar

 

 

ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ആസൂത്രണം ചെയ്തുവെന്നാരോപിച്ച് വിപ്ലവ കവിയും മാവോയിസ്റ്റ് നേതാവുമായ വരവരറാവുവിനെ ഹൈദരാബാദില്‍ നിന്നും മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ഭീമ കലാപത്തില്‍ പിടിക്കപ്പെട്ടവരുടെ പക്കല്‍ നിന്നും ലഭിച്ച രൂപരേഖകളില്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടുകൊണ്ടുള്ള സൂചനകളുണ്ടെന്നും ഇതില്‍ വരവരറാവുവിന്റെ പേര് പരാമര്‍ശിച്ചുണ്ടെന്നുമുള്ള പൂനെ പൊലീസിന്റെ ആരോപണത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഇതോടൊപ്പം മനുഷ്യാവകാശ പ്രവര്‍ത്തകരായ അരുണ്‍ ഫെറേറ, വെര്‍നണ്‍ ഗൊസാല്‍വസ്, സൂസന്‍ എബ്രഹാം, ഗോവയില്‍ ദളിത് ബുദ്ധിജീവി ആനന്ദ് തെല്‍തുതെ, ഹൈദരാബാദില്‍ ക്രാന്തി, കാസിം, കുര്‍മിനാഥ്, സത്യനാരായണ, ഡല്‍ഹിയില്‍ ഗൗതം നാവലാഖ, സുധ ഭരദ്വാജ്, ജാര്‍ഖണ്ഡില്‍ സ്റ്റാന്‍ സ്വാമി എന്നിവരെയും സംഭവത്തിന്റെ പശ്ചാതലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. എഴുത്തുകാര്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വയ്ക്കുന്ന സാഹചര്യത്തില്‍ ഭീമ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട്് പൊലീസ് രാജ്യവ്യാപകമായി നിരവധി റെയ്ഡുകളും അറസ്റ്റുകളുമാണ് നടത്തുന്നത്. രാജീവ് ഗാന്ധി വധത്തിന് സമാനമായ രീതിയിലാണ് വധശ്രമം ആസൂത്രണം ചെയ്തിരുന്നതെന്നും ഭീമ കലാപത്തിനിടെ പിടിച്ചെടുത്ത് രൂപരേഖകളില്‍ നിന്നും കോടികള്‍ വിലയുള്ള എം.ഫോര്‍ റൈഫിളുകളും നാല് ലക്ഷം തിരകളും വേണമെന്ന്് സൂചിപിച്ചിട്ടുണ്ടെന്നും പുനെ പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച വരവരറാവു, പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവര്‍ക്കെതിരെ പൊലീസ് അനാവശ്യമായി നടപടിയെടുക്കുകയാണെന്ന് പറഞ്ഞു.

അതേസമയം ഭീമ കൊറേഗോവ് കലാപത്തിന്റെ മറവില്‍ പൊലീസ് നടത്തുന്ന അറസ്റ്റുകള്‍ക്കെതിരെ എഴുത്തുകാരി അരുന്ധതി റായ് രൂക്ഷമായി വിമര്‍ശനമുന്നയിച്ചു. ഇത്തരം നീക്കങ്ങള്‍ അപകടകരമാണെന്നും അടിയന്തരാവസ്ഥയ്ക്ക് അടുത്തേക്കാണ് രാജ്യത്തിന്റെ പോക്കെന്നും അരുന്ധതി റായ് പറഞ്ഞു. ദളിത് അവകാശ പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, കവികള്‍, അഭിഭാഷകര്‍ തുടങ്ങിയവരുടെ വീടുകളിലാണു പരിശോധന നടക്കുന്നത്. കൊലപാതകികളെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ് . നീതിക്ക് വേണ്ടിയോ ഹിന്ദു ഭൂരിപക്ഷവാദത്തിനെതിരെയോ ആരെങ്കിലും സംസാരിച്ചാല്‍ അവരെ കുറ്റവാളികളാക്കി മുദ്രകുത്തുന്നു. ഇത് അടുത്ത തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി നടത്തുന്ന നീക്കമാണെന്നും ഇത് അനുവദിക്കരുതെന്നും അരുന്ധതി റായ് ചൂണ്ടിക്കാട്ടി.