Saturday 04 April 2020
പുത്തൻ കാഴ്ചപ്പാടുമായി വട്ടിയൂർക്കാവ് ജനകീയ വികസന സെമിനാർ

By online desk .21 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിന്റെ വികസന സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ ദിശ പകര്‍ന്നു നല്‍കുന്ന ആശയങ്ങളാണ് ഇന്നലെ നടന്ന സെമിനാറില്‍ രൂപപ്പെട്ടിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് നിയമസഭാ നിയോജക മണ്ഡലത്തിലെ സമഗ്ര വികസനം പുതിയ കാലത്തിന് യോജിക്കുംവിധം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാറില്‍ വികസന രേഖ അവതരണവും പൊതു അവതരണവും മേഖലാടിസ്ഥാനത്തിലുള്ള ചര്‍ച്ചയും നടന്നു. വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മേഖലാടിസ്ഥാന ചര്‍ച്ച നടന്നത്. വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനര്‍മാര്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. വികസന രേഖയുടെ അവതരണം കെ.കെ. കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു. വിഷയ അടിസ്ഥാനത്തില്‍ നടന്ന ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് ശേഷം നടന്ന പൊതു അവതരണത്തില്‍ പ്രൊഫ. കെ.എന്‍.ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രൂപ്പുചര്‍ച്ചയിലും പൊതു ചര്‍ച്ചയിലും നിരവധി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു. വിവിധ റസിഡന്റ്‌സ അസോസിയേഷനുകള്‍ നിവേദനങ്ങളിലൂടെയും വികസന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.

 

സുപ്രധാന നിര്‍ദേശങ്ങള്‍ ചുവടെ.

 

അടിസ്ഥാന സൗകര്യം

 

അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ നിര്‍ദേശങ്ങള്‍ വന്നത്. നിര്‍മാണത്തിലിരിക്കുന്ന റോഡുകളുടെയും ഓടകളുടെയും വികസനം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. നിര്‍മാണത്തിന്റെ ഗുണനിലവാരം, സുതാര്യത എന്നിവ ഉറപ്പുവരുത്തണം. കുടിവെള്ള പദ്ധതിയ്ക്കായി ഒരു നഗരകേന്ദ്രീകൃത പൊതു സംവിധാനം ഉണ്ടാക്കുന്നതിനൊപ്പം കുടിവെള്ളത്തിനായി റോഡ് വെട്ടിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ഡലാടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനമുണ്ടാകണം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുഴുവന്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കണം. പാര്‍ക്കുകളും ജംഗ്ഷനുകളും കേന്ദ്രീകരിച്ച് പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കണം. അങ്കണവാടി, ബസ് ഷെല്‍ട്ടര്‍ മാര്‍ക്കറ്റുകള്‍ എന്നിവ നവീകരിക്കണം. മണ്ഡലത്തിലെ പ്രധാന കുളങ്ങളും തോടുകളും നവീകരിക്കണം. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓടകള്‍ നവീകരിക്കണം. ഉള്‍പ്രദേശങ്ങളില്‍ മുടങ്ങിപ്പോയ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണം.ആരോഗ്യ സേന ഇങ്ങനെ ഇറങ്ങണംആരോഗ്യസംരക്ഷണത്തിനും, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുമായി റസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ആരോഗ്യ സേന രൂപീകരിക്കണം. വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു ഇടങ്ങള്‍ സൃഷ്ടിക്കണം. വീടുകളില്‍ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണം. മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരെ കണ്ടെത്തി അവര്‍ക്ക് വേണ്ട സഹായം ഉറപ്പു വരുത്തണം.ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധജനങ്ങളുടെ പരിരക്ഷ ഉറപ്പു വരുത്തണം.കുട്ടികളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആവശ്യമായ കൗണ്‍സിലിംഗ് നല്‍കണം. കുടപ്പനക്കുന്ന് ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണം. വട്ടിയൂര്‍ക്കാവ് ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയ്ക്കായി പുതിയ കെട്ടിടം നിര്‍മിക്കണം.

 

വിദ്യാഭ്യാസം

 

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് നല്‍കുന്ന പരിഗണന എല്‍.പി യു.പി സ്‌കൂളുകള്‍ക്കും നല്‍കിക്കൊണ്ട് അവയുടെ സൗകര്യം മെച്ചപ്പെടുത്തണം. എല്ലാ സ്‌കൂളുകളിലും ശുചിമുറി, കുടിവെള്ള ലഭ്യത, ലൈബ്രറി സംവിധാനം എന്നിവ ഏര്‍പ്പെടുത്തണം. പുതിയതായി അംഗന്‍വാടികള്‍ തുടങ്ങണം. മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളും ഹൈടെക് ആക്കണം. കോളേജ്/പോളിടെക്‌നിക്കുകളില്‍ സ്വയം സംരംഭക യൂണിറ്റുകള്‍ ആരംഭിക്കണം. കോളേജുകളില്‍ സംരംഭകത്വ ബോധവല്‍ക്കരണം നടത്തണം. പിടിഎ സംവിധാനം സജീവമല്ലാത്ത സ്‌കൂളുകളില്‍ അവ സജീവമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണം. മണ്ഡലത്തിലെ എല്ലാ ലൈബ്രറികളും വനിതാ സൗഹൃദം ആക്കണം. നെട്ടയത്ത് സാംസ്‌കാരിക നിലയം സ്ഥാപിക്കണം.


വനിതകൾക്കും കുട്ടികൾക്കും പ്രത്യേക കരുതൽ

 

മണ്ഡലത്തിലെ പൊതു ഇടങ്ങള്‍ പ്രത്യേകിച്ചും ഓഫീസുകള്‍ ഭിന്നശേഷി ,വയോജന സൗഹൃദം ആക്കണം എന്നതാണ് പ്രധാനമായി ഉയര്‍ന്നുവന്ന ആവശ്യം. ഓഫീസുകളില്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കും വിശ്രമകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. മണ്ഡലത്തിലെ പല ബസ് ഷെല്‍ട്ടറുകളിലും ഇരിപ്പിടങ്ങള്‍ ശരിയായ രീതിയിലല്ല ക്രമീകരിച്ചിരിക്കുന്നത്. അത് ശരിയായ രീതിയില്‍ പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ബഡ്‌സ് സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവ നിര്‍മിക്കണം.

 

ഒരു വീട്ടിൽ ഒരു വ്യവസായം

 

ഒരു വീട്ടില്‍ ഒരു വ്യവസായം പദ്ധതി മണ്ഡലത്തില്‍ നടപ്പിലാക്കണം എന്നതായിരുന്നു മറ്റൊരു പ്രധാന നിര്‍ദേശം. ചെറുകിട വ്യവസായങ്ങള്‍ മണ്ഡലത്തില്‍ ആരംഭിക്കാനായി മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ആരംഭിക്കണം എന്നീ ആവശ്യവും ഉയര്‍ന്നുവന്നു.വികസനത്തിന് ഒരേ കാഴ്ചപ്പാടോടെ മുന്നിട്ടിറങ്ങണം

 

വട്ടിയൂര്‍ക്കാവിന്റെ വികസനത്തിന് ഒരേ കാഴ്ചപ്പാടോടെ മുന്നിട്ടിറങ്ങണമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. പൊതുജനങ്ങളുടെ ജീവിത സാഹചര്യം പടിപടിയായി ഉയര്‍ത്താന്‍ കഴിയണം. ഇതിന് എല്ലാ പാവപ്പെട്ടവര്‍ക്കും ആധുനിക വിദ്യാഭ്യാസം സാദ്ധ്യമാക്കണം. വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസം ആരോഗ്യം പൊതുവിതരണം എന്നീ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വിഭവവിനിയോഗം, പരിസ്ഥിതി സംരക്ഷണം, സംസ്്കാരം എന്നീ രംഗങ്ങളിലും ഏറെ ശ്രദ്ധ വേണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

 

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മേയര്‍ കെ. ശ്രീകുമാര്‍ പറഞ്ഞു. മണ്ഡലത്തിനായുള്ള മികച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നഗരസഭ കൂടെയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. സമൂഹത്തിന്റെ താഴെത്തട്ടില്‍ നിന്നും വികസനം കൊണ്ടുവരണമെന്ന് മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍ അഭിപ്രായപ്പെട്ടു. മണ്ഡലത്തില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ രണ്ടുമാസത്തിലൊരിക്കല്‍ എംഎല്‍എ നേരിട്ടെത്തി വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ പി. രാജിമോള്‍ സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വഞ്ചിയൂര്‍ പി ബാബു, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ കെ.എന്‍.ഹരിലാല്‍, ഗുരു ഗോപിനാഥ് നടനഗ്രാമം വൈസ് ചെയര്‍മാന്‍ കെ.സി. വിക്രമന്‍, കൗണ്‍സിലര്‍മാരായ ഹരിശങ്കര്‍, അനിത, എം.വേലപ്പന്‍, വാഴോട്ടുകോണം ചന്ദ്രശേഖരന്‍, വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍, എസ്. ജയചന്ദ്രന്‍, എസ്.സുധാകരന്‍ നായര്‍, പട്ടം ശശിധരന്‍ നായര്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ ആശംസാപ്രസംഗം നടത്തി.എല്ലായിടത്തും ഒരുപോലെ വികസനം എത്തിക്കും

 

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്ലായിടത്തും ഒരുപോലെ വികസനമെത്തിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് തുടക്കമിടുമെന്ന് എംഎല്‍എ വി.കെ. പ്രശാന്ത്. സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു. ഇതിനായി ഹ്രസ്വകാല അടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള പദ്ധതികള്‍ തയ്യാറാക്കും. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സുപ്രധാന കാല്‍വയ്പ്പാണ് സെമിനാറിലൂടെ ഉദ്ദേശിക്കുന്നത്. നഗരഹൃദയത്തില്‍ ഉള്‍പ്പട്ട നിയമസഭയും എംഎല്‍എ ഹോസ്റ്റലും കനകക്കുന്നും മ്യൂസിയമുള്‍പ്പടെയുള്ള സ്ഥലങ്ങളും അതുപോലെ നെട്ടയവും കാച്ചാണിയും മലമുകളും കുടപ്പനക്കുന്ന് ഉള്‍പ്പടെയുള്ള ഗ്രാമ പ്രദേശങ്ങളും ഈ മണ്ഡലത്തില്‍ വരുന്നുണ്ട്. ഇവിടെയെല്ലാം ഒരു പോലെ വികസനം എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പൊതുവായി ജനങ്ങള്‍ ഉന്നയിച്ച പ്രധാന കാര്യം കുണ്ടും കുഴിയും നിറഞ്ഞ റോഡുകളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ചാണ്. റോഡുകളുടെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. റോഡു കഴിഞ്ഞാല്‍ ജനങ്ങളുടെ പ്രധാന ആവശ്യം കുടിവെള്ള വിഷയത്തിലാണ്. ദിനം പ്രതി ഇരുപതിലധികം ഫോണ്‍ കോളുകളാണ് കുടിവെള്ള വിഷയവുമായി ബന്ധപ്പെട്ട് വരുന്നത്. ഇത്തരം അടിയന്തര വിഷയങ്ങളില്‍ ഇടപെടാനുള്ള കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യണം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി ചുരുങ്ങിയ കാലയളവ് മാത്രമെ ലഭിക്കുകയുള്ളുവെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. കിഫ്ബി ഫണ്ടുകള്‍ ഉള്‍പ്പടെ ഉപയോഗിച്ചുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തന നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയാണ് ലഭിക്കുന്നതെന്നും വി.കെ. പ്രശാന്ത് എംഎല്‍എ പറഞ്ഞു.

 

പനിക്കിടക്കയില്‍ നിന്ന് എംഎൽഎ

 

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് സെമിനാറില്‍ പങ്കെടുക്കാന്‍ എംഎല്‍എ വി.കെ. പ്രശാന്ത് എത്തിയത് ആശുപത്രിയില്‍ നിന്നും. കടുത്ത പനിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ രണ്ടു ദിവസമായി ചികിത്സയില്‍ കഴിയുകയാണ് എം എല്‍ എ . ഇന്നലെ നടന്ന സുപ്രധാന സെമിനാറില്‍ എംഎല്‍എയായിരുന്നു അദ്ധ്യക്ഷ സ്ഥാനം വഹിച്ചത്. രാവിലെ പത്തുമണിയോടെ ആശുപത്രിയില്‍ നിന്നും എത്തിയ എംഎല്‍എയ്‌ക്കൊപ്പം ഒരു ഡോക്ടറുമുണ്ടായിരുന്നു. മുഖത്ത് മാസ്‌ക്ക് ധരിച്ച് എത്തിയകാര്യം എന്തിനാണന്ന്് സദസിലിരുന്നവര്‍ തിരക്കിയെങ്കിലും പിന്നീട് കാര്യം എംഎല്‍എ തന്നെ ബോധിപ്പിച്ചു. ഒരു മണിക്കൂറോളം സെമിനാര്‍ ഹാളില്‍ ചെലവഴിച്ച എംഎല്‍എ അതിനുശേഷം ആശുപത്രിക്കിടക്കയിലേക്ക് പോകുകയായിരുന്നു.

 

നിര്‍ദ്ദേശങ്ങള്‍ പദ്ധതികളാക്കി നിര്‍വ്വഹണം നടത്തുന്നതിന് കഴിയണം

 

തിരുവനന്തപുരം: വികസന സെമിനാറില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ പദ്ധതികളാക്കുന്നതിനും സമയക്രമം നിശ്ചയിച്ച് നിര്‍വ്വഹണം നടത്തുന്നതിനും എംഎല്‍എയ്ക്ക് കഴിയണമെന്ന് ധനകാര്യമന്ത്രി ഡോ.ടി.എം. തോമസ് ഐസക് അഭിപ്രായപ്പെട്ടു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിടവുകള്‍ കണ്ടെത്തി നികത്തുന്നതിനും എം.എല്‍.എയ്ക്ക് പങ്ക് വഹിക്കാനാകും. നഗരകൃഷിയ്ക്ക് ഊന്നല്‍ നല്‍കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി ഇടപെടുന്നതിനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള കടന്നാക്രമണങ്ങള്‍ ഇല്ലാതാക്കുന്നതിനും സ്ത്രീപദവി ഉയര്‍ത്തുന്നതിനുമുള്ള ഇടപെടലൂകളിലൂടെ വനിതാ സൗഹൃദ മണ്ഡലമാക്കുന്നതിന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമാപന സമ്മേളനത്തില്‍ ടൗണ്‍ പ്ലാനിംഗ് ചെയര്‍മാന്‍ പാളയം രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എസ്.എസ്. സിന്ധു, വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.സുദര്‍ശനന്‍ കൗണ്‍സിലര്‍മാരായ പി.ബാലന്‍, പി.എസ്. അനില്‍കുമാര്‍, പി. രാജിമോള്‍, ആര്‍.ഗീത ഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

 

സെമിനാറില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്തി സമയബന്ധിതമായി വികസന പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും ഈ പദ്ധതികള്‍ സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ഈ പദ്ധതികളുടെ നിര്‍വ്വഹണം നിരീക്ഷിക്കുന്നതിനുളള കൃത്യമായ ഇടപെടല്‍ നടത്തുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുമെന്നും എം.എല്‍.എ പറഞ്ഞു. പങ്കാളിത്തത്തിലൂടെയും ക്രിയാത്മക നിര്‍ദ്ദേശങ്ങളിലൂടെയും വികസന സെമിനാര്‍ വിജയിപ്പിച്ച മുഴുവന്‍ പേര്‍ക്കും എം.എല്‍.എ നന്ദി അറിയിച്ചു.