Wednesday 23 September 2020
പച്ചക്കറികള്‍ക്ക് തീവില: മാര്‍ക്കറ്റില്‍ പലവില

By online desk .05 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: സവാളയുടെ വിലക്കയറ്റത്തിന് പിന്നാലെ മറ്റ് പച്ചക്കറികള്‍ക്കും തീവിലയായി.തമിഴ് നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും മഴ മൂലം ഉല്പാദനം കുറഞ്ഞതാണ് കേരളത്തില്‍ പച്ചക്കറി വില ഉയരുന്നതിന് കാരണം. നഗരത്തിലെല്ലായിടത്തും തൊട്ടാല്‍ പൊള്ളുന്ന വിലയാണ് പച്ചക്കറികള്‍ക്ക്. സാധനങ്ങള്‍ക്ക് നല്ലക്ഷാമമുള്ളതാണ് വില വര്‍ദ്ധനവിന് കാരണമെന്ന് പച്ചക്കറി വ്യാപാരികള്‍ പറയുന്നു. ഒപ്പം വാഹനക്കൂലിയും കയറ്റിറക്ക് കൂലികളും വര്‍ദ്ധിച്ചതും പച്ചക്കറി വില വര്‍ദ്ധിപ്പിച്ചു. ഇതിനെല്ലാമനുസരിച്ച് വിലവര്‍ദ്ധിപ്പിക്കാതെ മാര്‍ഗങ്ങളൊന്നുമില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. നഗരത്തിലെ ഓരോ മാര്‍ക്കറ്റിലും തോന്നയ പോലെ വ്യത്യസ്തവിലകളാണ് ഈ ടാക്കുന്നതെന്ന് ഉപഭോക്താക്കളും പരാതിപ്പെടുന്നു. ചാല മാര്‍ക്കറ്റിലെ വിലയല്ല പാളയം കണ്ണിമേറാ മാര്‍ക്കറ്റില്‍. കരമന, ജഗതി, തിരുമല, ഇടപ്പഴിഞ്ഞി, പേരൂര്‍ക്കട, ശ്രീകാര്യം, കഴക്കൂട്ടം ഭാഗങ്ങളിലെ പ്രധാന മാര്‍ക്കറ്റുകളിലും പച്ചക്കറിക്ക് പല വിലയാണ് ഈടാക്കുന്നത്. പച്ചക്കറി എത്തിക്കുന്നതിനുള്ള ദൂരം കൂടുന്തോറും വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതാണ് വില വ്യത്യാസത്തിന് കാരണമെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പച്ചക്കറി വിഭവങ്ങളില്ലാതെ നഗരജീവിതം അസാദ്ധ്യമായതിനാല്‍ എത്രവിലകൊടുത്തും ഇടത്തരക്കാര്‍ മുതല്‍ മുകളിലേയ്ക്കുള്ളവര്‍ പച്ചക്കറി വാങ്ങുന്നുണ്ട്. എന്നാല്‍ സാധാരണക്കാരെ വിലക്കയറ്റം വല്ലാതെ വലച്ചിട്ടുണ്ട്.


ചാലയില്‍ ചില്ലറ വില്‍പന കുറഞ്ഞു


വിലവര്‍ദ്ധിച്ചതോടെ നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളിലൊന്നായ ചാലയില്‍ പച്ചക്കറി ചില്ലറ വില്‍പന കാര്യമായി കുറഞ്ഞതായി വ്യാപാരികള്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവില്‍ കുറവു വന്നതതാണ് വില കൂടാന്‍ കാരണം. വിവാഹ സീസണ്‍ ആയതും ശബരിമല തീര്‍ത്ഥാടനക്കാലമായതും വില വര്‍ദ്ധിക്കാന്‍ കാരണമായി. ചില്ലറ വില്‍പന ശാലകളില്‍ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചാലയിലെ വ്യാപാരികള്‍ പറയുന്നു. ചെറുകിട പച്ചക്കറി കച്ചവടക്കാര്‍ ദുരിതത്തിലാണ്. എങ്കിലും സ്ഥിരമായി പച്ചക്കറി ഉപയോഗിക്കുന്നവര്‍ കുറഞ്ഞ അളവില്‍ പച്ചക്കറി വാങ്ങുന്നതാണ് ഏക ആശ്വാസമെന്നും കച്ചവടക്കാര്‍ പറയുന്നു.


പൊന്നും വിലയിൽ സവാള

 

പച്ചക്കറി മാര്‍ക്കറ്റുകളിലെ താരം ഇപ്പോള്‍ സവാളയാണ്. പൊന്നുവില കൊടുക്കണമെന്നതാണ് സവാള താരമാകാന്‍ കാരണം. സവാളയ്ക്കും ചെറിയ ഉള്ളിക്കുമാണ് റെക്കോഡ് വര്‍ദ്ധനവാണ്. നിലവില്‍ ചെറിയ ഉള്ളിവില 130 രൂപയ്ക്ക് മുകളിലാണ്. ചെറിയ ഉള്ളിക്ക് മൂന്ന് മാസത്തിനിടെ 40 രൂപയാണ് കൂടിയത്. സവാള വില 60-മുതല്‍ 110വരെ ആയിട്ടുണ്ട്. നഗരവാസികള്‍ക്ക് ഉള്ളിക്കറി കൂട്ടി ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എല്ലാ മാര്‍ക്കറ്റുകളിലും ഉള്ളിയുണ്ടെങ്കിലും അത്യാവശ്യത്തിനു മാത്രമാണ് ആള്‍ക്കാര്‍ വാങ്ങാന്‍ തയ്യാറാകുന്നത്. വില കുറയുമെന്ന പ്രതീക്ഷയാണുള്ളതെന്നാണ് മാര്‍ക്കറ്റിലെത്തുന്നവരും കച്ചവടക്കാരും പറയുന്നുണ്ട്. മാസങ്ങള്‍ക്കു മുമ്പ് ഹൈവേകളുടെ ഇരു വശങ്ങളിലും നൂറ് രൂപയ്ക്ക് അഞ്ച് കിലോ സവാള വരെവിറ്റിരുന്ന സവാളയാണ് ഇപ്പോള്‍ഉപഭോക്താക്കളെ കരയിക്കുന്നത്. കര്‍ണ്ണാടകത്തിലും മഹാരാഷ്ട്രയിലും മഴ കാരണം കൃഷി മോശമായതാണ് സവാള വില ഉയരാന്‍ പ്രധാന കാരണം.


സര്‍ക്കാര്‍ ഇടപെടല്‍ ആശ്വാസം

 

സപ്ലൈകോയും ഹോര്‍ട്ടികോര്‍പും സഹായ വിലയ്ക്ക് പച്ചക്കറികള്‍ വില്‍ക്കുണ്ടെങ്കിലും ആവശ്യക്കാര്‍ക്കെല്ലാം നല്‍കാനാകുന്നില്ല. പലവ്യഞ്ജനങ്ങളുടെ വില നിലവാരം ഉയരുമ്പോഴൊക്കെ വിപണിയില്‍ ഇടപെടുന്നുണ്ടെന്നാണ് സപ്ലൈകോ പറയുന്നത്. ഇപ്പോള്‍ വില ഉയരുന്നത് പച്ചക്കറിക്കാണ് ആ കാര്യം നോക്കേണ്ടത് ഹോര്‍ട്ടികോര്‍പ്‌സ് ആണ്. ഫണ്ടിന്റെ അപര്യാപ്തത രൂക്ഷമാണെങ്കിലും കാര്യമായി ഇടപെടാനാകുന്നുണ്ടെന്ന് ഹോര്‍ട്ടികോര്‍പ് അധികൃതര്‍ അവകാശപ്പെട്ടു. ഹോര്‍ട്ടി കോര്‍പിന്റെ വില്പനശാലകളില്‍ ഇപ്പോള്‍ വന്‍ ജനത്തിരക്കാണ്.


വിഷരഹിത പച്ചക്കറികള്‍ക്ക് ജയിലില്‍ വരണം


നല്ല നാടന്‍ ചീരയും കായും പയറുമെല്ലാം വാങ്ങണമെങ്കില്‍ പൂജപ്പുരയലെ ജയില്‍ പച്ചക്കറി സ്റ്റാളില്‍ എത്തിയാല്‍ മതി. രാവിലെ ഒമ്പതു മണി മുതല്‍ കച്ചവടം ആരംഭിക്കുമെങ്കിലും മണിക്കൂറുകള്‍ക്കകം എല്ലാം വിറ്റു തീരും. പച്ചക്കറി സ്റ്റാള്‍ തുറക്കുന്നതും കാത്ത് രാവിലെ മുതല്‍ കാത്തു നില്‍ക്കും. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് പ്രധാനമായും പട്ടക്കറി എത്തുന്നത്. കൂടാതെ, സെന്‍ട്രല്‍ ജയില്‍ ജില്ലാ ജയില്‍, സ്‌പെഷ്യല്‍ ജയില്‍ വനിതാ ജയില്‍ എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്ന പച്ചക്കറികളും എത്തും. ജൈവ വളങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ജയിലിലെ കൃഷി. അതിനാല്‍ പച്ചക്കറികളെല്ലാം വിഷരഹിതമാണ്. ഈ പച്ചക്കറികള്‍ക്ക് വന്‍ഡിമാന്റെന്ന് ജയിധികൃതരും ഉപഭോക്താക്കളും പറയുന്നു. മിതമായ നിരക്കിലാണ് പച്ചക്കറികള്‍ വില്പന. നിലവില്‍ 15,000 രൂപയുടെ വരെ കച്ചവടം ഇവിടെ നടക്കുന്നുണ്ട്.