Saturday 30 May 2020




ലോക്ക് ഡൗണ്‍; ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ പുതുക്കല്‍ കാലാവധി നീട്ടി

By Online Desk .31 Mar, 2020

imran-azhar

 

തിരുവനന്തപുരം: രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ എന്നിവയുടെ പുതുക്കല്‍ കാലാവധി നീട്ടി. കാലാവധി തീര്‍ന്നവയ്ക്ക് ജൂണ്‍ 30 വരെ പുതുക്കാന്‍ അവസരമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓഫീസുകള്‍ അടഞ്ഞുകിടക്കുന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കൊറോണ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഈ തീരുമാനം സ്വീകരിക്കുന്നതെന്ന് പ്രസ്താവനയില്‍ അറിയിച്ചു.
ഇത് എല്ലാം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ബാധകമാണ്.
ഫെബ്രുവരി ഒന്നിന് ശേഷമോ, ജൂണ്‍ 30-നുള്ളിലോ കാലാവധി കഴിയുന്ന ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നെസ്, പെര്‍മിറ്റ് എന്നിവയ്ക്കും വാഹനത്തിന്റെ മറ്റ് രേഖകള്‍ക്കും ജൂണ്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. ഭക്ഷണം ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി സര്‍വീസ് നടത്തുന്ന ലോറികളുടെയും മറ്റ് ചരക്ക് വാഹനങ്ങളുടെയും സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.