By anju.13 Jun, 2019
ഗുജറാത്ത്: വായു ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ഗുജറാത്ത് തീരത്തെത്തും. 155 മുതല്‍ 165 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത. സുരക്ഷ ക്രമീകരണങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഊര്ജിതമാക്കിയുണ്ട്. സുരക്ഷയുടെ ഭാഗമായി ഗുജറാത്തിലെ തീരങ്ങളില്‍ നിന്ന് 3 ലക്ഷം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
ഗുജറാത്തിലെ ദ്വാരകക്കും വെരാവലിനുമിടയിലുള്ള തീരപ്രദേശത്തായിരിക്കും വായു ചുഴലിക്കാറ്റ് ആദ്യമെത്തുക എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ പോര്ബന്ധറിന്റെ തെക്ക് ഭാഗത്ത് നിന്ന് 360 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. പതിമൂന്ന് കിലോമീറ്റര്‍ വ്യാസമുണ്ട്. ഗുജറാത്തിലെ തീരപ്രദേശങ്ങളായ കച്ച്, ദ്വാരക, വെരാവല്‍, ദിയു, പോര്‍ബന്ധര്‍ എന്നിവിടങ്ങളെ കാറ്റ് സാരമായി ബാധിച്ചേക്കും. 33 ബറ്റാലിയന് ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.
നാശനഷ്ടങ്ങള്‍ ലഘൂകരിക്കാനുള്ള മുന്നൊരുക്കള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തുടരുകയാണ്. സുരക്ഷ മുന്‍കരുതല്‍ അവലോകനം ചെയ്യാന്‍ ഉന്നതതലയോഗങ്ങള്‍ ചേരുന്നുണ്ട്. സാഹചര്യം തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ടെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു. ഗുജറാത്തിലെ പലയിടങ്ങളിലും ഇത്തരേന്ത്യയിലും പൊടിക്കാറ്റും മഴയും ആരംഭിച്ചു. സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി തീരമേഖലയോട് ചേര്‍ന്നുള്ള വിമാനത്താവളങ്ങള്‍ അടച്ചു.