Thursday 16 July 2020




വിറ്റാമിൻ ഡിയുടെ കുറവും കോവിഡ് മരണകാരണമെന്ന് ഗവേഷകർ

By online desk.15 May, 2020

imran-azhar

 

 

കോവിഡ് മരണം ചില രാജ്യങ്ങളില്‍ വര്‍ദ്ധിച്ചതിനു പിന്നില്‍ വിറ്റാമിന്‍ ഡിയുടെ അപര്യാപ്തതയാകാമെന്ന് ഗവേഷകര്‍. ഇതുസംബന്ധിച്ച ഡബ്ലിനിലെ ട്രിനിറ്റി കോളജിലെ ഗവേഷകരുടെ പഠനം പ്രസിദ്ധീകരിച്ചത് ഐറിഷ് മെഡിക്കല്‍ ജേണലില്‍.
കോവിഡ് മരണം വിതച്ച ഇറ്റലി, സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ രോഗബാധിതരില്‍ വിറ്റാമിന്‍ ഡി അപര്യാപ്തത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കോവിഡ് മരണം താരതമ്യേന കുറവായിരുന്ന നോര്‍വെ, ഫിന്‍ലാന്‍ഡ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വിറ്റാമിന്‍ ഡിയുടെ അപര്യാപ്തതാ നിരക്ക് കുറവായിരുന്നു എന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

 

വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണവും സപ്ലിമെന്റുകളും മതിയായ അളവില്‍ ലഭിച്ചതുകൊണ്ടാവാം ഈ രാജ്യങ്ങളിലെ ആളുകളില്‍ ഈ വിറ്റാമിന്റെ അപര്യാപ്തത ഉണ്ടാകാതിരുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, വിറ്റമിന്‍ ഡിയുടെ അഭാവം പരിഹരിച്ചാല്‍ കൊറോണ വൈറസിന്റെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ സാധിച്ചേക്കുമെന്നും ഗവേഷകര്‍ കരുതുന്നു.

 


എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. വിഷാദം അകറ്റുന്നതിനും ഈ വിറ്റാമിന്‍ സഹായിക്കും. സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ ചര്‍മ്മം നിര്‍മ്മിക്കുന്ന വിറ്റാമിന്‍ ഡി, മുട്ടയുടെ വെള്ളയിലും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. തണുപ്പുള്ള രാജ്യങ്ങളില്‍ വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത കൂടുതലാണ്. ഭക്ഷണത്തിലൂടെ വിറ്റാമിന്‍ ഡി ലഭിക്കുന്ന സ്രോതസുകള്‍ കുറവായതിനാല്‍, ആരോഗ്യവിദഗ്ദ്ധര്‍ സപ്ലിമെന്റുകള്‍ നിര്‍ദ്ദേശിക്കുന്നു.