Thursday 21 June 2018

പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റ് നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാവുന്നു : പുതുവൈപ്പില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ തുടങ്ങി

By BINDU PP.19 Jun, 2017

imran-azhar

 

 


കൊച്ചി: പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്ത നാട്ടുകാരെ പൊലീസ് തല്ലി ചതച്ചതില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും വൈപ്പിനില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഹര്‍ത്താല്‍ നടത്തുകയാണ്.രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.അതേസമയം ഐഒസി പ്ലാന്റിനെതിരെ പുതുവൈപ്പിനില്‍ സമരം ശക്തമാവുകയാണ്.പ്ലാന്റിനു മുന്നില്‍ നാട്ടുകാര്‍ ഇപ്പോഴും സമരം തുടരുകയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഐഒസി താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച വരെ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഐഒസി അധികൃതര്‍ ജില്ലാ കളക്ടറെ വിവരമറിയിച്ചു.പുതുവൈപ്പിലെ ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ടവരുടെ യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന പശ്ചാത്തലത്തിലാണ് സമരം നിര്‍ത്തിവെച്ചിരിക്കുന്നത്. യോഗത്തിന്റെ തീരുമാനം അറിയുന്ന വരെ സമരം നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ സമരക്കാരെ അറിയിച്ചിട്ടുണ്ട്. യോഗ തീരുമാനം പുറത്തുവരുന്നതു വരെ പിരിഞ്ഞു പോവണമെന്നും ജില്ലാ കളക്ടര്‍ സമരക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോഴും പുതുവൈപ്പില്‍ സമരം തുടരുകയാണ്.