Thursday 14 December 2017

കനത്ത മഴ : ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

By Subha Lekshmi B R.27 Jun, 2017

imran-azhar

തിരുവനന്തപുരം: സംസ്ഥാനത്തു കാലവര്‍ഷം ശക്തമായതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി. തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമാണ്.ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും മലയോര പ്രദേശങ്ങളില്‍ ഉള്ളവരും ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

 

വന്‍ കൃഷിനാശമുണ്ടായ ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 41 മീറ്ററായതിനെ തുടര്‍ന്നാണ് വെള്ളം തുറന്നു വിട്ടത്. തൊടുപുഴയാറിന്‍റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു തൊടുപുഴ തഹസില്‍ദാര്‍ അറിയിച്ചു. മൂലമറ്റം വൈദ്യുതി നിലയത്തില്‍ വൈദ്യുതി ഉല്‍പാദനം കഴിഞ്ഞു പുറംതള്ളുന്ന വെള്ളമാണു മലങ്കര അണക്കെട്ടിലെത്തുന്നത്. കൂടാതെ നച്ചാര്‍, വടക്കനാര്‍ എന്നിവിടങ്ങളിലെ വെള്ളവും മലങ്കര അണക്കെട്ടിലെത്തുന്നു. തൊടുപുഴയാര്‍ പതിക്കുന്നത് മൂവാറ്റുപുഴയാറിലാണ്.

 

ഹൈറേഞ്ചിലേക്ക് പോകുന്ന സഞ്ചാരികള്‍ നദികളുടെയും അരുവികളടെയും സമീപത്ത് പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടടി ഉയര്‍ന്നു. മുല്ളപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ തേക്കടിയിലെ ബോട്ടിങ് പുനരാരംഭിച്ചു. മഴ ശക്തായ സാഹചര്യത്തില്‍ ഇടുക്കി ജില്ളയിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നു പൊലീസ് മുന്നറിയിപ്പു നല്‍കി.