Saturday 04 April 2020




പൗരത്വഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്തും പ്രതിഷേധമിരമ്പി

By online desk .17 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിക്കെതിരായ ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി തലസ്ഥാനനഗരിയും. വി ദി പീപ്പിള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിശാഗന്ധിയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി മഹാപൗര സംഗമം നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളും മന്ത്രിമാരായ ഡോ. തോമസ് ഐസക്, കടകംപളളി സുരേന്ദ്രന്‍,മേഴ്‌സിക്കുട്ടിയമ്മ, കെ.കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പളളി, സി.രവീന്ദ്രനാഥ്, മേയര്‍ കെ.ശ്രീകുമാര്‍, എം.എല്‍.എമാര്‍, സാമൂഹ്യ, സാസംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തമിഴ്‌നാട്ടിലെ തിരുക്കുറള്‍ ബാന്‍ഡിന്റെ പരിപാടിയും രാത്രി ഊരാളികളുടെ പാട്ടും മഹാപൗര സംഗമത്തിന്റെ ഭാഗമായി അരങ്ങേറി.

 

രാവിലെ ആരംഭിച്ച പരിപാടി രാത്രി വൈകിയാണ് അവസാനിപ്പിച്ചത്. മറ്റൊരു സംഭവത്തില്‍ തലസ്ഥാനത്തെ വിവിധ സാമൂഹ്യ സംഘടനകളുടെ കൂട്ടയ്മയായ കാപിറ്റല്‍ യൂത്ത് കളക്ടീവ് ,ആക്ട് എഗിന്‍സ്റ്റ് ദി ആക്ട് മാര്‍ച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. രോഹിത് വെമുല ദിനമായ ഇന്നലെ വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ ജനവിരുദ്ധതയെ തുറന്നു കാണിക്കുന്ന നിരവധി ഫ്‌ളോട്ടുകള്‍ അണിനിരന്നു. തുടര്‍ന്ന് സെക്രട്ടേറിയറ്റിനു മുന്നിലെ രോഹിത് വെമൂല സ്‌ക്വയറില്‍ വിവിധ സംഗീതഗ്രൂപ്പുകളുടെയും ചിത്രകാരന്‍മാരുടെയും കലാപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പൗരത്വനിയമ വിരുദ്ധ കലാപരിപാടികള്‍ അരങ്ങേറി. പരിപാടിയില്‍ ഡോക്യുമെന്ററി സംവിധായകനായ ഗോപാല്‍ മേനോന്‍, ജോളി ചിറയത്ത് (ചലച്ചിത്രപ്രവര്‍ത്തക), റാപ് ഗായകന്‍ സുമീത് സാമൂസ്, സിപി നഹാസ്( മനുഷ്യാവകാശ പ്രവര്‍ത്തകന്‍), രാജു പി നായര്‍, ഫിര്‍ദൗസ് (അലിഗര്‍ യുണിവേഴ്‌സിറ്റി), തഷ്രീഫ് കെപി (ജാമിയ മില്ലിയ), റാസിക് റഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.