Sunday 08 December 2019




രഹസ്യമായി ഒന്നും ഇല്ല

By online desk .04 Nov, 2019

imran-azhar

 

 

ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വാട്‌സാപ് സന്ദേശങ്ങള്‍ ഇസ്രായേല്‍ ചാരസംഘടന ചോര്‍ത്തിയതിനെച്ചൊല്ലി വന്‍ വിവാദങ്ങളാണ് നടക്കുന്നത്. വിവാദങ്ങള്‍ക്കിടെ വ്യക്തമാകുന്ന പ്രധാന കാര്യം വാട്‌സാപ് ഉള്‍പ്പെടെ സാമൂഹിക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്ന ആളുകളുടെ സ്വകാര്യതയ്ക്ക് ഒരു വിലയുമില്ലെന്നാണ്. ഇതെല്ലാം ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ചോര്‍ത്താമെന്ന ഗുരുതരമായ സ്ഥിതി വിശേഷവുമുണ്ട്. ആര്‍ക്കും മനസിലാകാത്ത വിധത്തിലാണ് ഈ ചാരപ്രവര്‍ത്തനവും ചോര്‍ത്തലും എന്നതും ഏറെ ആശങ്കാജനകമാണ്. ഇന്ത്യയിലെ 25 പേരുടേതുള്‍പ്പെടെ ഇരുപത് രാജ്യങ്ങളിലെ മാദ്ധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും ഉള്‍പ്പെട്ട 1400ലധികം പ്രമുഖരുടെ ഫോണ്‍ വിവരങ്ങള്‍ പെഗാസസ് ഉപയോഗിച്ച് വാട്‌സാപ് വഴി ചോര്‍ത്തുകയായിരുന്നു. പുറത്തു വന്നതിലധികം ആളുകളുടെ വിവരങ്ങളും ചോര്‍ത്തിയിരിക്കാമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.


ചോര്‍ത്തല്‍ വിവരം പുറത്തുവന്നതോടെ സംഭവിച്ച സുരക്ഷാ വീഴ്ചയുടെ സ്വഭാവം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ഇന്ത്യ വാട്‌സാപ്പിനോടും മറ്റും ആവശ്യപ്പെട്ടിരുന്നു. വിവരം ചോര്‍ത്തല്‍ സംബന്ധിച്ച് ഇന്ന് വിശദീകരണം നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലെന്നും വിവരങ്ങളുണ്ട്. നിയമലംഘനം നടത്തിയവര്‍ കര്‍ശനമായ നടപടി നേരിടേണ്ടിവരുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് ഇന്ത്യക്ക് അറിയാമായിരുന്നു എന്ന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഇത് ശരിയെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൂടി അറിഞ്ഞാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് വരും. ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത് മുന്‍കൂട്ടി അറിഞ്ഞിട്ടും അത് തടയുന്നതിന് സാധിക്കാതിരുന്നത് ഗുരുതരമായ സുരക്ഷാ വിഴ്ചയുമാണ്. എന്തായാലും ഇത് സംബന്ധിച്ച് വാട്‌സാപ് അധികൃതരുടേതായി വന്നിട്ടുള്ള വിശദീകരണങ്ങള്‍ സര്‍ക്കാരിനെയും പ്രത്യേകിച്ച് ഐ.ടി. വകുപ്പിനെയും പ്രതിക്കൂട്ടിലാക്കുന്നതാണ്. ഇന്ത്യന്‍ പൗര•ാരുടെ വാട്‌സാപ് സന്ദേശങ്ങള്‍ ചോര്‍ത്തുന്ന വിവരം മുന്‍കൂട്ടി കഴിഞ്ഞ സെപ്റ്റംബറില്‍ത്തന്നെ കേന്ദ്ര സര്‍ക്കാറിലെ ഐ.ടി വകുപ്പിനെ അറിയിച്ചെന്നാണ്് വാട്‌സാപ് അധികൃതരുടെ വിശദീകരണം. മേയ് മാസത്തിലായിരുന്നു ആദ്യ മുന്നറിയിപ്പ്. പിന്നീട് സെപ്റ്റംബറിലും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പറയപ്പെടുന്നു. എന്നാല്‍ വാട്‌സാപ്പിലെ ഏത് തലത്തിലുള്ള ഉദ്യോഗസ്ഥനാണ് ഇക്കാര്യങ്ങള്‍ അറിയിച്ചതെന്ന് വ്യക്തമല്ല. പേര് വെളിപ്പെടുത്താത്ത ഒരു വാട്‌സാപ് ജീവനക്കാരന്‍ അറിയിച്ചുവെന്ന് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍.


ചാര സോഫ്റ്റ്വെയര്‍ വഴി രാജ്യത്തെ ചില ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന കാര്യം അറിയിച്ചിരുന്നില്ലെന്ന ഇന്ത്യയുടെ ആരോപണവും ഈ വാട്‌സാപ് പ്രതിനിധി നിഷേധിച്ചിട്ടുണ്ട്. മേയ് മാസത്തിലുണ്ടായ സുരക്ഷാ പ്രശ്‌നം ഉടന്‍ പരിഹരിക്കുകയും ഇന്ത്യന്‍ അധികൃതരെയും ബന്ധപ്പെട്ട അന്താരാഷ്ട്ര കേന്ദ്രങ്ങളെയും അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുരക്ഷാ വീഴ്ചയ്ക്ക് ഇരയായവരെ കണ്ടെത്താനും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും കമ്പനി ശ്രമങ്ങള്‍ നടത്തിവരികയായിരുന്നെന്നും വാട്‌സാപ് ഉദ്യോഗസ്ഥന്റെ പ്രസ്താവനയിലുണ്ട്. വാട്‌സാപ് ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയുമാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും ഇവര്‍ വിശദമാക്കുന്നുണ്ട്. ഇസ്രയേല്‍ രഹസ്യപൊലീസ് സംഘടനയിലെ മുന്‍ അംഗങ്ങള്‍ ഡയറക്ടര്‍മാരായ എന്‍എസ്ഒ എന്ന കമ്പനിയുടെ പെഗാസസ് എന്ന സോഫ്‌റ്റെ് വെയറാണ് വിവരം ചോര്‍ത്തലിന് ഉപയോഗിച്ചത്. ഈ എന്‍എസ്ഒ കമ്പനിക്കെതിരെ കേസുമായി മുന്നോട്ടുപോകാനാണ് വാട്‌സാപ് കമ്പനിയുടെ തീരുമാനമെന്ന് സൂചനകളുണ്ട്. തീവ്രവാദവും കുറ്റകൃത്യവും തടയാന്‍ സര്‍ക്കാരുകളെ സഹായിക്കാനെന്ന പ്രഖ്യാപനത്തോടെയാണ് പെഗാസസ് എന്ന ചാര സ്പൈവെയര്‍ പുറത്തിറക്കിയത്. ബ്ലാക്ബെറി, ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഉള്‍പ്പടെയുള്ള ഡിവൈസുകളില്‍ പെഗാസസ് ഉപയോഗിച്ച് നുഴഞ്ഞ് കയറാന്‍ സാധിക്കും. ഫോണ്‍ വിളി, മെസേജ്, മെയില്‍ പാസ് വേഡ്, ബ്രൗസിംഗ് ഹിസ്റ്ററി, ലൊക്കേഷന്‍ തുടങ്ങി ഫോണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പെഗാസസ് ഉപയോഗിച്ച് ഹാക്ക് ചെയ്യാനാകും. ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ഇല്ലാതാവുന്ന രീതിയിലാണ് ഈ ചാര സ്പൈവെയറിന്റെ നിര്‍മ്മാണമെന്നതും ശ്രദ്ധേയമാണ്. പെഗാസസ് സ്പൈവെയറിന് ഒരേസമയം 50 സ്മാര്‍ട്ട് ഫോണുകള്‍ വരെ ഹാക്ക് ചെയ്യാനാവുമെന്നാണ് വിവരം. അഞ്ഞൂറിലേറെ ഫോണുകള്‍ ഒരു വര്‍ഷം പെഗാസസിന് നിരീക്ഷിക്കാന്‍ കഴിയുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാരുകള്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും മാത്രമേ സോഫ്റ്റ് വെയര്‍ കൈമാറിയിട്ടുള്ളൂ എന്നാണ് എന്‍എസ്ഒ പറയുന്നതെങ്കിലും സോഫ്റ്റ്വെയര്‍ ആര്‍ക്കെല്ലാം കൈമാറിയിട്ടുണ്ടെന്നത് ഇനിയും വ്യക്തമല്ല. ഫോണ്‍ ചോര്‍ത്തണമെങ്കില്‍ പോലും കൃത്യമായ മാനദണ്ഡങ്ങളുള്ള രാജ്യങ്ങളിലാണ് സ്വകാര്യതയിലേക്കുള്ള ചാര സ്പൈവെയറിന്റെ നുഴഞ്ഞുകയറ്റം ഉണ്ടായിരിക്കുന്നത്. എന്‍എസ്ഒ. ഗ്രൂപ്പിനെതിരെ യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയില്‍ വാട്‌സാപ്പിന്റെ ഉടമകളായ ഫെയ്സ്ബുക്ക് കേസുകൊടുത്തിട്ടുണ്ട്. ഷാലേവ് ഹുലിയോയും ഒമ്രി ലാവിയും ചേര്‍ന്ന് ഫെബ്രുവരി 2019ലാണ് സ്വകാര്യ കമ്പനിയില്‍ നിന്ന് എന്‍എസ്ഒ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഈ ഏറ്റെടുക്കലിന് മൂലധനമൊരുക്കിയത് നോവാലിന ക്യാപ്പിറ്റല്‍ എന്ന കമ്പനിയാണ്. ഒരു വര്‍ഷത്തേക്കുള്ള ലൈസന്‍സിന് 7 മുതല്‍ 8 മില്യണ്‍ യുഎസ് ഡോളറാണ് ചെലവാകുകയെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.


17 ഇന്ത്യക്കാര്‍ അടക്കം 20 രാജ്യങ്ങളിലെ 1400 ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇസ്രായേലി എന്‍എസ്ഒ ചോര്‍ത്തിയെന്നാണ് വാട്സാപ് അമേരിക്കന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്്. സര്‍ക്കാര്‍, സൈനിക ഉദ്യോഗസ്ഥര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍, പൗരാവകാശപ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് വിവരചോര്‍ത്തലിന് ഇരയായതെന്നും കോടതിയില്‍ നല്‍കിയ രേഖകളിലുണ്ട്. ഇതിനിടെ വാട്‌സാപ് വിവരങ്ങള്‍ ചോരുന്നത് നേരത്തെ അറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും വിവരം ചോര്‍ത്തല്‍ ഇന്ത്യയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വിവാദങ്ങള്‍ക്കിടയാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ ചോര്‍ത്തലിന്റെ ഉദ്ദേശ്യവും പിന്നിലുള്ളവര്‍ ആരെന്ന കാര്യവും കൃത്യമായി പുറത്തുവരുമോ ഏന്ന കാര്യത്തില്‍പ്പോലും സംശയങ്ങള്‍ നിലനില്‍ക്കുകയാണ്.