Monday 30 November 2020
ബിനീഷ് കോടിയേരിയുടെ 300 ഏക്കര്‍ 30 സെന്റായ കഥ

By പ്രീജിത്ത് രാജ്.08 Oct, 2020

imran-azhar

 

 

സഖാവ് നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ നിയമസഭ ചേരുമ്പോള്‍ ഒരു ദിവസം ഒരു കേരള കോണ്‍ഗ്രസ് ഗ്രൂപ്പിന്റെ നേതാവ് ഒരു വെടിപൊട്ടിച്ചു. 'നായനാരുടെ മകന്‍ കൃഷ്ണകുമാറിന് വിതുര പെണ്‍വാണിഭവുമായി ബന്ധമുണ്ട്.' നിയമസഭയില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ ഈ ആരോപണത്തിന് കൃത്യമായ മറുപടി നല്‍കിയെങ്കിലും പിറ്റേ ദിവസം മുതല്‍ ഒരു പത്രത്തിന്റെ നേതൃത്വത്തില്‍ കൃഷ്ണകുമാറിനെയും നായനാരെയും കടന്നാക്രമിച്ചു തുടങ്ങി. മന്ത്രിയായിരുന്നപ്പോള്‍ ആ കേരള കോണ്‍ഗ്രസ് ഗ്രൂപ്പ് നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട് ഒരു വിജിലന്‍സ് കേസെടുത്തതിന് നായനാരോടുള്ള വിരോധം കൊണ്ടാണ് എം.എല്‍.എ ആ ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് കൃഷ്ണകുമാറിനെ കുറിച്ചുള്ള നുണകളുടെ പെരുമഴ തന്നെ സമൂഹത്തില്‍ പെയ്തിറങ്ങി. എത്രയെത്ര ഭൂമികള്‍, കെട്ടിടങ്ങള്‍, റിസോര്‍ട്ടുകള്‍, ബംഗ്ലാവുകള്‍ അയാളുടേതാണെന്ന് ആരോപിച്ചു. വസ്തുത ഈ ആരോപണങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ഒരു മാസം മുമ്പാണ് കൃഷ്ണകുമാര്‍ സ്വന്തമായി ഒരു ഫ്‌ലാറ്റ് വാങ്ങിയത്. അതും കടമെടുത്ത്. വി എസിന്റെ മകന്‍ അരുണ്‍കുമാറിനെയും പരദൂഷണക്കാര്‍ വിശേഷിപ്പിച്ചത് മാഫിയാ തലവനെന്ന പോലെയാണ്. അരുണിന്റെ ജോലിയടക്കം അനധികൃതമായി സമ്പാദിച്ചതെന്നടക്കം പ്രചരിപ്പിച്ചു.

 

സ്വത്ത് സമ്പാദനത്തില്‍ അരുണ്‍ അഗ്രഗണ്യനാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരടക്കം ആധികാരികമായി പ്രചരിപ്പിച്ചു. ഒരു ദിവസം ഒരു പ്രസിദ്ധ മാധ്യമ പ്രവര്‍ത്തകനോടൊപ്പം ഈഞ്ചക്കലില്‍ നിന്ന് ആക്കുളം വഴി കേശവദാസപുരത്തേക്ക് യാത്ര ചെയ്തപ്പോള്‍ 3ഫ്‌ലാറ്റുകളും 2 വില്ലകളും ഒഴിഞ്ഞുകിടക്കുന്ന രണ്ട്, മൂന്ന് പ്ലോട്ടുകളും അരുണിന്റേതാണെന്ന് അദ്ദേഹം ആധികാരികമായി പറഞ്ഞു. അദ്ദേഹത്തെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ കള്ളം പറയില്ലെന്ന് കരുതിയ എനിക്ക് കാലം കുറെ കഴിഞ്ഞാണ് അതൊക്കെ പെരുംനുണകളാണെന്ന് മനസിലായത്. എന്താണ് വസ്തുത? കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരത്ത് ചെറിയൊരു വീട് അരുണ്‍കുമാര്‍ പണി പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിനും വേറെ സ്വത്തോ, നിക്ഷേപങ്ങളോ ഇല്ല. എം എ ബേബിയുടെ മകന്‍ അപ്പു, അതീവ നിഷ്‌കളങ്കനായൊരു കുട്ടിയാണ്. അപ്പുവിനെ വേട്ടയാടുമ്പോള്‍ അവന്‍ തിരുവനന്തപുരത്ത് ഞങ്ങളുടെയൊക്കെ കണ്‍മുന്നിലുണ്ട്. അവനോടൊപ്പം ബിനീഷിനെയും ഒരു നൈതികതയും ധാര്‍മ്മികതയുമില്ലാതെ ആക്രമിച്ചു. പിണറായിയെ വേട്ടയാടിയത് സമാനതകളില്ലാതെയാണ്. അദ്ദേഹത്തിന്റെ വീട്, കമല ഇന്റര്‍നാഷണല്‍, ബിനാമി സ്വത്തുക്കള്‍ തുടങ്ങി എത്രയെത്ര നുണകള്‍. പിണറായിയുടെ മകള്‍ വീണയ്‌ക്കെതിരെ നിരവധി നുണക്കഥകള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയോടെ ഇപ്പോഴും പ്രചരിപ്പിക്കുന്നു.

 

വസ്തുത അറിയാഞ്ഞിട്ടല്ല. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഈ നുണക്കഥകളൊക്കെ ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഏതോ ചാനലിലെ ബ്രേക്കിംഗ് ''ബിനീഷ് കോടിയേരിയെ ഇ ഡി അറസ്റ്റ് ചെയ്‌തേക്കും'' എന്നായിരുന്നു. പക്ഷെ, ബിനീഷ് മൊഴി നല്‍കി തിരികെ വന്നു. ബിനീഷിന്റെ പേരില്‍ 300 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് പ്രചരിപ്പിച്ചത്. അവസാനം അയാള്‍ക്ക് 30 സെന്റ് ഭൂമി മാത്രമേ ഉള്ളു എന്ന വസ്തുത പുറത്തു വന്നു. നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് ഇടതുപക്ഷ അനുഭാവികള്‍ വരെ പലപ്പോഴും ആധികാരികമായി പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയല്ല എന്ന് തിരുത്തിയാല്‍ പോലും അവര്‍ വിശ്വസിക്കില്ല. ഇപ്പോള്‍ അത് സംബന്ധിച്ച വസ്തുതകളും പുറത്ത് വന്നിരിക്കുന്നു. ഒരു റസ്റ്ററന്റിന്റെ ഓഹരി പങ്കാളിത്തം മാത്രമേ ബിനീഷിനുള്ളു. പറഞ്ഞ് കേട്ടതൊക്ക, കള്ളമാണെന്ന് മനസിലാവുന്നു. 72 പരാതികളാണ് ബിനീഷിനെതിരായി ഇ ഡിയ്ക്ക് ലഭിച്ചത്. ബി ജെ പി, കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ അയച്ചവയാണ് ഈ പരാതികള്‍. ഇതോടെ ഈ നുണപ്രചരണത്തിന്, നുണകള്‍ കൊണ്ട് മിനുക്കിയെടുത്ത വാര്‍ത്താ വിന്യാസത്തിന് അറുതിയുണ്ടാവുമെന്ന് കരുതേണ്ടതില്ല. അത് തുടര്‍ന്നുകൊണ്ടേയിരിക്കും.