Sunday 03 July 2022




ആരോഗ്യ വകുപ്പ് ഡയറക്ടറെ നിയമിക്കാതെ സര്‍ക്കാര്‍

By Ameena Shirin s.23 Jun, 2022

imran-azhar

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമനം നടത്താതെ സര്‍ക്കാര്‍. ഡയറക്ടറായിരുന്ന ഡോ. സരിത കഴിഞ്ഞ വര്‍ഷം ഏപ്രിലാണ് സ്വയം വിരമിച്ചത്.

 

അതിനു ശേഷം പുതിയ ഡയറക്ടറെ നിയമിച്ചിട്ടില്ല. അഡി.ഡയറക്ടര്‍ക്കാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.

 

ഡയറക്ടറെ നിയമിക്കാത്തതിനാല്‍ ഫണ്ടുകള്‍ സ്വതന്ത്രമായി ചെലവഴിക്കാനോ നയപരമായ തീരുമാനമെടുക്കാനോ കഴിയാത്ത സാഹചര്യമാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

 

ഡോ.സരിത സ്വയം വിരമിച്ചപ്പോള്‍ ഡോ.രമേശിനാണ് ഡയറക്ടറുടെ ചുമതല നല്‍കിയത്. ഒന്നര മാസത്തിനുശേഷം ഡോ.രാജുവിനു ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കി. രാജു വിരമിച്ചപ്പോള്‍ ഡോ.പ്രീതയ്ക്കാണ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.

 

വകുപ്പില്‍ അഡി.ഡയറക്ടര്‍മാരുടെ സുപ്രധാന തസ്തികകളും കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. അഡി.ഡയറക്ടര്‍ (മെഡിക്കല്‍), അഡി.ഡയറക്ടര്‍ (വിജിലന്‍സ്) എന്നീ തസ്തികകളില്‍ ആളില്ല.

 

ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം ഡിഎംഒയുടെ തസ്തികയിലും താല്‍ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.

 

ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റിന്റെ നിയന്ത്രണത്തില്‍ താല്‍പര്യമുള്ള ചില ഐഎഎസ് ഉദ്യോഗസ്ഥരാണ് ഡയറക്ടറെ നിയമിക്കുന്നതിനു തടസം നില്‍ക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

 

കോവിഡിനു മുന്‍പ് ആരോഗ്യവകുപ്പിലെ കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് ഡയറക്ടറായിരുന്നു.

 

കോവിഡ് സമയത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഡയറക്ടറുടെ തസ്തികയുടെ പ്രാധാന്യം ചില ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ഇല്ലാതാക്കിയെന്നും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

 

ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റാണ് പ്രകടനത്തില്‍ ഏറ്റവും മോശമെന്ന് ഫെബ്രുവരിയില്‍ നടന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി കുറ്റപ്പെടുത്തിയിരുന്നു.

 

ആരോഗ്യവകുപ്പിലെ വിവിധ മേധാവികള്‍ ഭരണപരമായ കാര്യങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി തുടര്‍ന്ന് കര്‍ശന നിര്‍ദേശം നല്‍കി.