Friday 10 April 2020




ജീവനക്കാരുടെ പുനര്‍ വിന്യാസം: 'വര്‍ക്ക് സ്റ്റഡി' തുടങ്ങി

By Sooraj Surendran.22 Feb, 2020

imran-azhar

 

 

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരുടെ പുനര്‍ വിന്യാസ നടപടികള്‍ തുടങ്ങി. അധികമുള്ള ജീവനക്കാരെ കണ്ടെത്താനുള്ള ' വര്‍ക്ക് സ്റ്റഡി' ആരംഭിച്ചു. സംസ്ഥാന ബജറ്റില്‍ ഉദ്യോഗസ്ഥ പുനര്‍വിന്യാസം സംബന്ധിച്ച് നടത്തിയ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് വിവിധ വകുപ്പുകളുടെ പഠനം നടത്തുന്നത്. ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പിനാണ് പഠനത്തിന്റെ ചുമതല. ഇതനുസരിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കരണ വകുപ്പ് ( പി. ആന്റ് എ. ആര്‍.ഡി) ഓരോ വകുപ്പുകളിലേയും ഉദ്യോഗസ്ഥരുടെ കണക്കെടുക്കുകയാണ്. അധികം വൈകാതെ തന്നെ കണക്കെടുപ്പ് പൂര്‍ത്തിയാകും.ഓരോ വകുപ്പിലും ആവശ്യമുള്ള ജീവനക്കാരുടെ എണ്ണം വ്യക്തമാക്കാന്‍ വകുപ്പു മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


പല വകുപ്പുകളിലും ആവശ്യത്തിലേറെ ജീവക്കാരുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ ചില വകുപ്പുകളില്‍ ആവശ്യത്തിനുള്ള ജീവനക്കാരില്ലെന്നും വിലയിരുത്തിയിട്ടുണ്ട്. അധികമെന്നു കണ്ടെത്തുന്ന ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് വിന്യസിക്കും. സെക്രട്ടേറിയേറ്റ് അടക്കമുള്ള ഓഫീസുകളില്‍ ഇത് നടപ്പാക്കുന്നുണ്ട്. സെക്രട്ടേറിയേറ്റ് ജീവനക്കാരെ പൊതുവെ സെക്രട്ടേറിയേറ്റിനു പുറത്ത് സ്ഥലം മാറ്റാറില്ല. എന്നാല്‍ ഇക്കുറി അധികമെന്നു കാണുന്ന ജീവനക്കാരെ സെക്രട്ടേറിയേറ്റിനു പുറത്തേക്കും വിന്യസിക്കും. സെക്രട്ടേറിയേറ്റിലേതടക്കം ജീവനക്കാരുടെ സംഘടനകള്‍ ഉദ്യോഗസ്ഥ പുനര്‍ വിന്യാസത്തിലെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് ഗുണപരമായ നിലപാടു മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. വര്‍ക്ക്‌സ്റ്റഡിയുടെ പേരില്‍ മിക്ക വകുപ്പു മേധാവികളും കടുത്ത സമ്മര്‍ദ്ദത്തിലാണ് . തങ്ങളുടെ വകുപ്പുകളില്‍ ജീവനക്കാര്‍ അധികമാണെന്ന് ഉറപ്പുണ്ടെങ്കിലും സര്‍വീസ് സംഘടനകളുടെ സമ്മര്‍ദ്ദ ഫലമായി ഇത് മറച്ചു വയ്ക്കുകയാണ് പലരും.