Sunday 31 May 2020




കോവിഡ് 19: ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍

By Online Desk .03 Apr, 2020

imran-azhar

 

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ സഹായം. 100 കോടി ഡോളര്‍ ലോകബാങ്ക് ഇന്ത്യയ്ക്ക് നല്‍കും. കോവിഡ് 19 രാജ്യത്ത് അസാധാരണ സാഹചര്യമുണ്ടാക്കിയിരിക്കുന്നതിനാല്‍ പിഎം കെയേഴ്‌സ് ഫണ്ടിലേയ്ക്ക് മാത്രം വിദേശത്ത് നിന്ന് സംഭാവനകള്‍ സ്വീകരിക്കാനാണ് തീരുമാനം.
അതേസമയം വിദേശസഹായം സ്വീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കേരളം സ്വാഗതം ചെയ്തു. പ്രളയകാലത്ത് നേരത്തെ വിദേശരാജ്യങ്ങള്‍ കേരളത്തെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.
'ഒരിക്കല്‍ അവര്‍ തെറ്റായ നിലപാട് എടുത്തു എന്നതിന്റെ പേരില്‍ ഇപ്പോള്‍ ശരിയായ നിലപാട് എടുക്കുന്നതിനെ എതിര്‍ക്കേണ്ടതില്ലല്ലോ?', എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കേരളത്തില്‍ 2018ല്‍ മഹാപ്രളയമുണ്ടായ സമയത്ത് യു.എ.ഇയും നെതര്‍ലാന്‍ഡ്സും അടക്കമുള്ള രാജ്യങ്ങള്‍ സാമ്പത്തികസഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വിദേശസഹായം സ്വീകരിക്കില്ലെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ഈ സഹായം തടസപ്പെടുത്തുകയായിരുന്നു.