Monday 13 July 2020




ഭൂമിക്ക് കുടചൂടാൻ ഒരുകോടി മരങ്ങൾ പരിസ്ഥിതി ദിനത്തിൽ ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും

By online desk .04 Jun, 2020

imran-azhar

 

തിരുവനന്തപുരം: ഈ വർഷം ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നട്ടാണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂൺ അഞ്ചിന് 81 ലക്ഷം തൈകൾ നടും. ജൂലൈ ഒന്നു മുതൽ 27 വരെയുള്ള ദിവസങ്ങളിൽ 28 ലക്ഷം തൈകൾ നടും. 'ഭൂമിക്ക് കുടചൂടാൻ ഒരുകോടി മരങ്ങൾ' എന്ന ശീർഷകത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

 

കേരളത്തിന്റെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന കൃഷി രീതികളിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുതാനായി ആവിഷ്‌കരിച്ച പദ്ധതിയാണ് സുഭിക്ഷ കേരളം. ഈ പദ്ധതിക്കായി അടുത്ത ഒരുവർഷം 3680 കോടി രൂപയാണ് ചെലവിടുക. പ്രകൃതി വിഭവങ്ങൾ വിവേകപൂർവം വിനിയോഗിച്ചും അവയുടെ തുല്യവിതരണം ഉറപ്പാക്കിയും മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. അതിനായി ഈ പരിസ്ഥിതി ദിനാചരണം നമുക്ക് കൂടുതൽ ഊർജം പകരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൈവവൈവിദ്ധ്യത്തിൻറെ സംരക്ഷണമാണ് ഇപ്രാവശ്യത്തെ പരിസ്ഥിതി ദിന സന്ദേശം. ജൈവ വൈവിദ്ധ്യ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിനു അനിവാര്യമാണ്.കേരളത്തിന്റെ ജലസമൃദ്ധി വീണ്ടെടുക്കുക, പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുക, വനവൽക്കരണം ഊർജിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഹരിത കേരളം മിഷൻ നടപ്പിലാക്കി.
ഏകലോകം ഏകാരോഗ്യം (One World One Health) എന്ന ആശയത്തെ മുൻ നിർത്തിയാകണം ഇനിയുള്ള നമ്മുടെ പരിസ്ഥിതി ഇടപെടലുകളെന്നും മുഖ്യമന്ത്രി പറഞ്ഞു