Monday 13 July 2020




ലോകത്തെ പ്രായം കൂടിയ പുരുഷന്‍ റോബര്‍ട്ട് വെയ്റ്റണ്‍ അന്തരിച്ചു

By praveenprasannan.29 May, 2020

imran-azhar


ലണ്ടന്‍ : ലോകത്തെ ഏറ്റവും പ്രായമുളള പുരുഷന്‍ റോബര്‍ട്ട് വെയ്റ്റണ്‍ അന്തരിച്ചു. 112 വയസായിരുന്നു. ഇന്നലെയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി.


 

എന്‍ജിനിയറും അദ്ധ്യാപകനുമായിരുന്ന റോബര്‍ട്ട് വെയ്റ്റണ്‍ അവസാന നാള്‍ വരെ ആരുടെയും സഹായം കൂടാതെയാണ് ജീവിച്ചത്.



അര്‍ബുദബാധിതനായിരുന്നു. ദക്ഷിണ ഇംഗ്ലണ്ടിലെ ഹാംഷെയറിലുള്ള വസതിയില്‍ ഉറക്കത്തിലാണ് ബോബ് മരിച്ചത്. 1908 മാര്‍ച്ച് 29ന് ഉത്തര ഇംഗ്ലണ്ടിലെ യോര്‍ക്ക്‌ഷെയറിലാണ് ബോബിന്റെ ജനനം.


ജപ്പാനിലെ ചിറ്റേറ്റ്‌സു വാറ്റാനാബേ ഫെബ്രുവരി 23ന് മരിച്ചതോടെയാണ് റോബര്‍ട്ട് ലോകത്തെ ഏറ്റവും പ്രായം കൂടിയ പുരുഷനായി മാറിയത്. ചിറ്റേറ്റ്‌സു വാറ്റാനാബേ 112 വയസും 355 ദിവസവും പിന്നിട്ടപ്പോഴാണ് മരിച്ചത്.



റോബര്‍ട്ട് വെയ്റ്റണിന്റെ ഭാര്യ ആഗ്നസ് 1995ല്‍ മരിച്ചു. ഡേവിഡ്, ഡൊറോത്തി എന്നീ രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. 10 പേരക്കുട്ടികളും അവര്‍ക്ക് മക്കളായി 25 കുട്ടികളുമുണ്ട്. ഗിന്നസ് റിക്കോര്‍ഡ് പ്രകാരം ലോകത്തെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ 117 വയസുളള ജപ്പാന്‍കാരിയായ കെയ്ന്‍ ടനാക ആണ്.