Tuesday 12 December 2017

തോമസ് ചാണ്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം

By praveen prasannan.15 Nov, 2017

imran-azhar

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. നെടുന്പാശേരിയില്‍ നിന്ന് രാത്രി പതിനൊന്ന് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മന്ത്രി ഔദ്യോഗിക വസതിയിലേക്ക് പോകവെ മസ്കറ്റ് ഹോട്ടലിന് സമീപം വച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ വഹനം തടയാന്‍ ശ്രമിച്ചത്.

വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ് മന്ത്രിയെ തടയാനെത്തിയത്. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ നിയന്ത്രിക്കുകയായിരുന്നു.

പൊലീസിനെ വെട്ടിക്കാന്‍ പല സ്ഥലങ്ങളിലായാണ് പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നത്. മന്ത്രിയുടെ വാഹനം കടന്നു പോകവെ കരിങ്കൊടിയുമായി വാഹനത്തിനടുത്തേക്ക് ഓടിയടുക്കുകയായിരുന്നു.

പ്രതിഷേധം ഇനിയും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മന്ത്രിയുടെ വസതിക്ക് മുന്നില്‍ കനത്ത പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തനിക്ക് സുപ്രീം കോടതിയില്‍ പോകാന്‍ സ്വാതന്ത്യ്രമുണ്ടെന്ന് നേരത്തേ വിമാനത്താവളത്തില്‍ വച്ച് തോമസ് ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉപദേശം ബുധനാഴ്ച തേടും. തുടര്‍ന്ന് മന്ത്രിസഭാ യോഗത്തിലും പങ്കെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എന്‍ സി പി സംസ്ഥാന നേതാക്കള്‍ ബുധനാഴ്ച മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും ഇവര്‍ സന്ദര്‍ശിക്കും.