Wednesday 20 June 2018

സ്കാനിംഗ് യന്ത്രത്തില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

By praveen prasannan.28 Jan, 2018

imran-azhar

 

മുംബയ് : ഓക്സിജന്‍ സിലിണ്ടറുമായി എം ആര്‍ ഐ സ്കാന്‍ ചെയ്യുന്ന മുറിയിലേക്കെത്തിയ ആള്‍ സ്കാനിംഗ് മെഷീനുള്ളില്‍ കുടുങ്ങി മരിച്ചു. സ്കാനിംഗ് മെഷീന്‍ വച്ചിരിക്കുന്ന മുറിയില്‍ കയറുന്നതില്‍ പ്രശ്നമില്ലെന്ന് ഇതിന്‍റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരന്‍ പറഞ്ഞത് പ്രകാരം ഉള്ളിലെത്തിയയ രാജേഷ് മരു (32) എന്നായാള്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്.

എം ആര്‍ ഐ സ്കാന്‍ ചെയ്യുന്ന മുറിയിലേക്ക് സാധാരണ ലോഹവസ്തുക്കള്‍ കടത്താറില്ല. ആഭരണങ്ങള്‍, ലോഹ ഫൈബറുകള്‍ ഉള്ള വസ്ത്രങ്ങള്‍, ബട്ടണ്‍, മെഡിക്കല്‍ ഇംപ്ളാന്‍റുകള്‍ തുടങ്ങിയ ഈ മുറിയില്‍ കടത്താറില്ല.

ബി വൈ എല്‍ ചാരിറ്റബിള്‍ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. പ്രായാധിക്യമുള്ള ബന്ധുവിനൊപ്പം കൂട്ടിനായി എം ആര്‍ ഐ സ്നാനിംഗിനെത്തിയതായിരുന്നു രാജേഷ്.

മെഷീന്‍ ഓഫ് ചെയ്തിരിക്കുകയാണെന്നും സിലിണ്ടറുമായി കയറുന്നതില്‍ കുഴപ്പമില്ലെന്നുമാണ് ജീവനക്കാരന്‍ പറഞ്ഞത്. സിലിണ്ടറുമായി അകത്ത് കയറിയ ഉടന്‍ സ്കാനിംഗ് മെഷീനിന്‍റെ കാന്തിക വലയം സജീവമാവുകയും രാജേഷ് മരുവിനെ ഉള്ളിലേക്ക് വലിച്ചെടുക്കുകയുമായിരുന്നു. സിലിണ്ടറില്‍ നിന്ന് ഓക്സിജന്‍ പുറത്തേക്ക് വമിക്കാനും തുടങ്ങി.

ജീവനക്കാര്‍ ഉടന്‍ തന്നെ രാജേഷിനെ പുറത്തെടുത്തെങ്കിലും അമിതമായി രക്തം നഷ്ടപ്പെട്ടിരുന്നു. അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും പത്ത് മിനിട്ടിനുള്ളില്‍ മരണത്തിന് കീഴടങ്ങി.

സംഭവത്തില്‍ ഡോ സിദ്ധാന്ത് ഷാ, വാര്‍ഡ് ജീവനക്കാരന്‍ വിത്തല്‍ ചവാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് പുറമെ വാര്‍ഡ് അട്ടന്‍ഡന്‍റ് സുനിതയ്ക്കെതിരെയും കേസെടുത്തു. ആശുപത്രി തലത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.