Monday 23 October 2017

തന്റെ 19 മക്കളെ ആദ്യമായി മൈക്കല്‍ റൂബന്‍ കണ്ടുമുട്ടി

By Anju N P.20 Sep, 2017

imran-azhar

 


വാഷിംഗ്ടണ്‍: ഒരിക്കലും കാണാത്ത തന്റെ പത്തൊമ്പത് മക്കളെ മൈക്കല്‍ റുബിനോയെന്ന അമേരിക്കക്കാരന്‍ ഒടുവില്‍ കണ്ടു. മൂന്നു വയസ്സു മുതല്‍ ഇരുപത്തൊന്ന് വയസ്സ് വരെ പ്രായമുള്ള തന്റെ മക്കളെ കഴിഞ്ഞ ദിവസമാണ് മൈക്കല്‍ കണ്ടത്. വാര്‍ത്താ ചാനലായ ഇന്‍സൈഡ് എഡിഷന്റെ പരിപാടിയിലൂടെയാണ് മൈക്കളും മക്കളും തമ്മില്‍ കണ്ടുമുട്ടുന്നത്.

എന്ത് കൊണ്ട് അച്ഛന്‍ മക്കളെ ഇതുവരെ കണ്ടില്ലെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ആ പരിപാടി. ബീജദാനത്തിലൂടെയാണ് മൈക്കല്‍ ഇത്രയും കുട്ടികളുടെ അച്ഛനായത്. കുട്ടികളുമായോ കുടുംബാംഗങ്ങളുമായോ ഭാവിയില്‍ യാതൊരുവിധ ബന്ധവും ഉണ്ടായിരിക്കില്ലെന്നാണ് സാധാരണ ബീജദാതാക്കള്‍ കരാര്‍ ഒപ്പിടാറുള്ളത്. എന്നാല്‍ പ്രായപൂര്‍ത്തിയായ ശേഷം കുട്ടികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്ക് തന്നെ വന്നു കാണാമെന്നാണ് മൈക്കല്‍ കരാറില്‍ എഴുതിച്ചേര്‍ത്തിരുന്നു.

ഇതുവരെ കാണാത്ത മക്കളെ മുഴുവന്‍ നേരിട്ട് കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് മൈക്കല്‍ പറഞ്ഞു. ആദ്യമായാണ് കാണുന്നതെങ്കിലും ഡാഡ് എന്ന് വിളിച്ചാണ് മക്കള്‍ മൈക്കലിനെ സ്വീകരിച്ചത്. പരസ്പരം കെട്ടിപ്പിടിച്ചും മൈക്കലിനെ ആലിംഗനം ചെയ്തും മക്കള്‍ ആ സന്തോഷം അറിയിച്ചു.

1990 മുതലാണ് മൈക്കല്‍ ബീജദാനം തുടങ്ങിയത്. എന്നാല്‍ വിവാഹിതനാകുകയോ കുടുംബമായി താമസിക്കുകയോ ചെയ്തില്ല. മക്കളെയാരെയും കാണാനും ശ്രമിച്ചില്ല. 2004 ല്‍ മൂന്നു വയസ്സുള്ള കുട്ടിയുമായി കാരെന്‍ സ്ട്രസ്ബര്‍ഗ് എന്നൊരു സ്ത്രീ മൈക്കലിനെ കാണാനെത്തിയരുന്നു. മൈക്കലില്‍ നിന്ന് ബീജം സ്വീകരിച്ചാണ് താന്‍ ഗര്‍ഭിണിയായതെന്നും കൂടെയുള്ള കുട്ടി മൈക്കലിന്റെയാണെന്നും പറയാനും സന്തോഷം അറിയിക്കാനുമാണ് കാരെന്‍ എത്തിയത്. ആദ്യമായി കണ്ട തന്റെ മകനും അവന്റെ അമ്മയ്ക്കുമൊപ്പമാണ് മൈക്കല്‍ ഇപ്പോള്‍ ജീവിക്കുന്നത്.