Sunday 18 April 2021




ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണം പിടികൂടി;18-ാം നൂറ്റാണ്ടിലേതെന്ന് സംശയം

By Aswany Bhumi.13 Mar, 2021

imran-azhar

 

ചരിത്രപരമായി പ്രാധാന്യം അര്‍ഹിക്കുന്ന സ്വര്‍ണനാണയങ്ങളുടെ ഒരു വലിയ ശേഖരം പിംപ്രി-ചിഞ്ച്വാഡ് പൊലീസിന്റെ ക്രൈം ബ്രാഞ്ച് യൂണിറ്റ് ഒരു തൊഴിലാളിയുടെ വസതിയില്‍ നിന്ന് പിടിച്ചെടുത്തു.

 

ചിഖ്ലിയില്‍ കുഴിയെടുക്കുന്ന വേളയിലാണ് അയാള്‍ക്ക് സ്വര്‍ണനാണയങ്ങള്‍ ലഭിച്ചത്. അയാളുടെ വസതിയില്‍ നിന്ന് പൊലീസ് മൊത്തം 216 സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തി. ഒരു സ്വര്‍ണ്ണ നാണയത്തിന്റെ മൂല്യം 60,000 മുതല്‍ 70,000 രൂപ വരെയാണ്.

 

ഈ നാണയങ്ങളുടെ ആകെ വില 1.30 കോടിയിലധികമാണെന്ന് പൊലീസ് കമ്മീഷണര്‍ കൃഷ്ണ പ്രകാശ് പറഞ്ഞു. സ്വര്‍ണ്ണനാണയങ്ങളുടെ ഭാരം 2,357 ഗ്രാമാണ്. പിടിച്ചെടുത്ത കൂട്ടത്തില്‍ 525 ഗ്രാം തൂക്കമുള്ള ഒരു തകര്‍ന്ന വെങ്കല പാത്രവും അവര്‍ കണ്ടെത്തി.

 

പിടിച്ചെടുത്ത നാണയങ്ങള്‍ എ ഡി 1720 മുതല്‍ 1750 വരെയുള്ള കാലഘട്ടത്തിലേതാണ്. പുരാവസ്തു വകുപ്പിന്റെ നിരീക്ഷണമനുസരിച്ച് സ്വര്‍ണ്ണ നാണയങ്ങള്‍ക്ക് 'രാജ മുഹമ്മദ് ഷാ' എന്ന മുദ്രയുണ്ട്.

 

കൂടാതെ രാജാവിന്റെ പേര് ഉര്‍ദു, അറബി ഭാഷകളിലാണ് എഴുതിയിട്ടുള്ളതെന്ന് കൃഷ്ണ പ്രകാശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കോടതിയെ അറിയിച്ച ശേഷം നാണയങ്ങള്‍ പുരാവസ്തു വകുപ്പിന് കൈമാറുമെന്നും, പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പിംപ്രിയിലെ വിത്തല്‍നഗര്‍ ചേരിയില്‍ താമസിക്കുന്ന സദ്ദാം സലാര്‍ ഖാന്‍ പത്തന്‍ അനധികൃതമായി ചരിത്രപരമായ സ്വര്‍ണനാണയങ്ങള്‍ കൈവശം വച്ചിരിക്കുന്നതായി പൊലീസ് നായിക് സമീര്‍ ബാബലാല്‍ തമ്പോളിക്ക് സൂചന ലഭിച്ചു.

 

മാര്‍ച്ച് എട്ടിന് പതിവ് പട്രോളിംഗിനിടെയാണ് വിവരം ലഭിച്ചത്. അതിനെ തുടര്‍ന്ന് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് നില്‍പത്രേവറിന്റെ നേതൃത്വത്തിലുള്ള സംഘം ചരിത്രകാരന്മാര്‍ ഉള്‍പ്പെടെയുള്ള ജ്വല്ലറി വിദഗ്ധരോടൊപ്പം പത്താന്റെ വീട്ടില്‍ റെയ്ഡ് നടത്തി.

 

നാണയങ്ങളുടെ ശേഖരം കണ്ടെത്തിയ ശേഷം സിആര്‍പിസി സെക്ഷന്‍ 102 അനുസരിച്ച് പൊലീസ് അവ പിടികൂടി സര്‍ക്കാരിനെ ഏല്‍പിച്ചു.