Tuesday 19 March 2024




മുഖ്യമന്ത്രി ഒരാളല്ലേ ഉളളൂ

By SUBHALEKSHMI B R.30 Mar, 2018

imran-azhar

കഴിഞ്ഞദിവസം കേരളനിയമസഭയിലെ പ്രധാന പ്രശ്നം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അസാന്നിധ്യമായിരുന്നു. മുഖ്യമന്ത്രി മറുപടി പറയേണ്ട കാര്യങ്ങളില്‍ പൊതുമരാമത്ത് മന്ത്രി മറുപടി പറയുന്നു. ഇതെവിടുത്തെ കീഴ്വഴക്കമാണ്? പാര്‍ട്ടി കമ്മിറ്റിയേക്കാള്‍ വലുതല്ലേ നിയമസഭ അഥവാ നിയമസഭയേക്കാള്‍ വലുതാണോ പാര്‍ട്ടി കമ്മിറ്റി? പ്രതിപക്ഷ ആരോപണങ്ങളുടെ ഗ്രാഫ് മുകളിലേക്ക് കുതിച്ചു. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുന്പോള്‍ ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയെ നിയമസഭയില്‍ കാണാനില്ളെന്നും പ്രതിപക്ഷം ആരോപിച്ചു. ആറ്റിങ്ങല്‍ മടവൂരിലെ മുന്‍ റേഡിയോ ജോക്കിയുടെ കൊലപാതകം ഉയര്‍ത്തിക്കാട്ടിയായിരുന്നു ആരോപണം. കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ എത്തുന്നില്ളെന്നും സഭയിലെത്തേണ്ടതിന്‍റെ ഗൌരവം മനസ്സിലാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെ.മുരളീധരന്‍ എം.എല്‍.എയാകട്ടെ ഒരു പടി കൂടി കടന്നു. പിണറായി നരേന്ദ്രമോദിയെ പോലെ പെരുമാറുകയാണത്രേ. പാര്‍ലമെന്‍റിനോടു മോദിജി കാട്ടുന്ന ബഹുമാനക്കുറവു പോലെയൊന്ന് നിയമസഭയോട് പിണറായിക്കുമുണ്ടത്രേ. സഭയിലെത്താത്തതോ പോട്ടെ ഡല്‍ഹിയില്‍ വിവരങ്ങളറിയാന്‍ സമീപിച്ച മാധ്യമപ്രവര്‍ത്തകരോട് പോലും ഒരു വാക്ക് മിണ്ടിയില്ല. അതല്പം ഗര്‍വ്വ് കൊണ്ടല്ലേ ഇങ്ങനെ പോകുന്നു മുരളീധരന്‍ എംഎല്‍എയുടെ ആരോപണങ്ങള്‍.

 

പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി സുപ്രധാനമാണെന്നും അതിനായാണു മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയതെന്നും മന്ത്രി ജി.സുധാകരനും സ്പീക്കറും പറഞ്ഞെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല. എന്നാല്‍, യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോയത് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിന് മാത്രമാണോ? അല്ലെന്ന് പ്രതിപക്ഷത്തിനും അറിയാം. കഴിഞ്ഞദിവസം ഇക്കാര്യം സൂചിപ്പിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് മുന്പ് പ്രതിപക്ഷം ഒരു സുപ്രധാനപ്രശ്നം ഉന്നയിച്ചിരുന്നു. മറ്റൊന്നുമല്ല, കീഴാറ്റൂര്‍ തന്നെ . വയല്‍ക്കിളിവാദവും വയല്‍ക്കഴുകന്‍ പ്രതികരണവുമെല്ലാം സഭയെ ചൂടുപിടിപ്പിച്ചപ്പോള്‍ വികസനത്തിന് എതിരല്ലെന്നും എന്നാല്‍ പരിസരവാസികളുടെ പരിവേദനങ്ങള്‍ കേള്‍ക്കാതെ പോകരുതെന്നും പ്രതിപക്ഷം ഘോരഘോരം വാദിക്കുകയും ചെയ്തു. കീഴാറ്റൂര്‍ പ്രശ്നത്തെ രാഷ്ട്രീയപരമായി ഹൈജാക്ക് ചെയ്യാന്‍ ചില നിക്ഷിപ്തതാല്പര്യക്കാര്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ മേല്‍പാലമെന്ന ബദലിനെ കുറിച്ച് ആലോചിക്കാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക് പോയത് കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിയെ കണ്ട് അക്കാര്യം സംസാരിക്കുന്നതിന് കൂടിയാണ്. ഗഡ്കരിയെ കണ്ട ശേഷം പാര്‍ട്ടി കമ്മിറ്റിക്ക് പോയി. ഇതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ചില്ലെന്നത് വാസ്തവം. പിന്നീട് അദ്ദേഹം കാര്യങ്ങള്‍ വിശദമാക്കുകയും ചെയ്തു. അതിനിടെ ഇത്രയും വിവാദങ്ങളുയര്‍ത്തേണ്ടിയിരുന്നോ?

 

മുഖ്യമന്ത്രി ഒരാളല്ലേയുളളു....സഭയിലും ഡല്‍ഹിയിലും ഒരേ സമയം നില്‍ക്കാന്‍ അദ്ദേഹം സിദ്ധനൊന്നുമല്ല...ഉവ്വോ