Sunday 22 September 2019




മലയാളം പഠിപ്പിക്കുന്ന മദാമ്മക്കൊച്ച്, ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി എലിക്കുട്ടി

By anju.09 May, 2019

imran-azhar

ദുബായ്: മാതൃഭാഷയായ മലയാളം പറയാന്‍ മടിക്കുന്നവരാണ് മിക്ക മലയാളികളും. അത്തരത്തിലുള്ളവര്‍ക്ക് മാതൃകയാവുകയാണ് എലീസ എന്ന അമേരിക്കന്‍ പെണ്‍കുട്ടി. കേരളത്തെയും മലയാളത്തെയും സ്‌നേഹിച്ച് ഒരു മലയാളി ചെക്കനെ തന്നെയാണ് എലീസ വരനാക്കിയത് . കേരളത്തിന്റെ മരുമകളായ എലീസക്ക് ഇന്ന് പച്ചവെള്ളം പോലെ മലയാളം പറയാനും എഴുതാനും അറിയാം.


ഇഷ്ടം മാത്രമല്ല, ഇന്‍സ്റ്റഗ്രാമിലൂടെ മലയാളം പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഈ അമേരിക്കന്‍ പെണ്‍കുട്ടി. അമേരിക്കക്കാരിയായ എലീസയാണ് മലയാളത്തെ മാതൃഭാഷപോലെ സ്‌നേഹിക്കുന്നത്. എലീസയുടെ മലയാളം പഠനം കണ്ട് അത്ഭുതപ്പെടുകയാണ് ഇന്‍സ്റ്റഗ്രാമിലെ മലയാളികള്‍.


learn malayalam എന്ന് ഗൂഗിളില്‍ ടൈപ്പു ചെയ്താല്‍ ആദ്യം വരുന്നത് @eli.kutty എന്ന ഇന്‍സ്റ്റാഗ്രാം സൈറ്റാണ്. ഒരു വര്‍ഷത്തിലേറെയായി എലീസ എന്ന എലിസബത്ത് മലയാളം പഠിപ്പിക്കാന്‍ ചിത്രങ്ങള്‍ വരച്ചു പോലും കുറിപ്പുകള്‍ തയാറാക്കുന്നു. ഉച്ചാരണം കൃത്യമാക്കാന്‍ തൊണ്ടയുടെയും ചുണ്ടുകളുടെയും പടങ്ങള്‍ പോലും അക്ഷരത്തോടൊപ്പം നല്‍കുന്നുണ്ട്. മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ശരിയായ സംവിധാനങ്ങളില്ല എന്ന പരാതി മാത്രമാണ് എലീസയ്ക്കുള്ളത്. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ അതിനൊരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുക കൂടിയാണ് ഈ അധ്യാപിക. ന്യൂമെക്‌സിക്കോയില്‍ നിന്ന് അധ്യാപനത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള എലീസ നാലുവര്‍ഷമായി അജ്മാന്‍ അപ്ലൈഡ് ടെക്‌നോളജി ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്. 

 

 


സമൂഹമാധ്യമത്തിലൂടെയാണ് കൊച്ചി കണ്ടനാട്ട് വീട്ടില്‍ അര്‍ജുനിനെ എലിസ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിന് വഴിമാറി .ഇരുവീട്ടുകാരുടെയും സമ്മതത്തോടെ കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയിലാണ് വിവാഹിതരായത് .