Tuesday 19 March 2024




റോട്ടോമാക് തട്ടിപ്പിന് ഫുള്‍സ്റ്റോപ്പ് ; കോത്താരിക്കും പിടിവീണു

By SUBHALEKSHMI B R.20 Feb, 2018

imran-azhar

"ലിഖ്തെ ലിഖ്തെ ലവ് ഹോ ജായ്" എന്ന പരസ്യവാചകത്തോടെ വിപണി കീഴടക്കിയ ബ്രാന്‍ഡാണ് റോട്ടോമാക്. റെയ്നോള്‍ഡ്സ് കന്പനിക്ക് ബദലായാണ് 1992~ലാണ് റോട്ടോമാക് വിപണിയിലെത്തിയത്. വ്യാജന്മാര്‍ കാരണം റെയ്നോള്‍ഡ്സിനുണ്ടായ ഇടിവ് റോട്ടോമാക് മുതലെടുക്കുകയും അവര്‍ കുറച്ചുവര്‍ഷത്തേക്ക് വിപണി പിടിക്കുകയും ചെയ്തു.


ഇപ്പോഴിതാ വീണ്ടും റോട്ടോമാക് വാര്‍ത്തകളില്‍ നിറയുകയാണ്. നീരവ് മോഡി തുടങ്ങിവച്ച ബാങ്ക് തട്ടിപ്പ് കഥയുടെ വാലില്‍ തൂങ്ങിയിരിക്കുകയാണ് റോട്ടോമാക് തലവനും . യൂണിയന്‍ ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് , ബാങ്ക് ഒഫ് മഹാരാഷ്ട്ര, ഓറിയന്‍റല്‍ ബാങ്ക് ഒഫ് കൊമേഴ്സ് എന്നീ ബാങ്കുകളില്‍ നിന്നായി 3,700 കോടിയോളം രൂപ റൊട്ടോമാക് മേധാവി വിക്രം കോത്താരി തട്ടിച്ചതായാണ് വിവരം. മാത്രമല്ല, ഈ ബാങ്കുകളില്‍ നിന്ന് 5000 കോടിയോളം രൂപ വായ്പയെടുത്ത കോത്താരി ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

എന്തായാലും കോത്താരിക്ക് പിടിവീണുകഴിഞ്ഞു. കാണ്‍പൂരിലെ ഓഫീസുകളിലും വസതിയിലുമായി സിബിഐ നടത്തിയ റെയ്ഡില്‍ ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തു. മാത്രമല്ല, കോത്താരിയെയും ഭാര്യയെയും മകനെയും സിബിഐ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെ കോത്താരി മുങ്ങിയെന്ന രീതിയില്‍ വാര്‍ത്ത പടര്‍ന്നെങ്കിലും താന്‍ കാണ്‍പൂരില്‍ തന്നെയുണ്ടെന്ന് കോത്താരി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. 45 വര്‍ഷമായി താന്‍ ബിസിനസ് രംഗത്തുണ്ടെന്നും വായ്പ മനപൂര്‍വ്വം തിരിച്ചടച്ചില്ലെന്നത് കുപ്രചരണമാണെന്നും കോത്താരി പറയുന്നു. വായ്പ അടയ്ക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. അത് മനപൂര്‍വ്വമല്ല. തീര്‍ച്ചയായും പരിഹരിക്കുമെന്നും റോട്ടോമാക് ഗ്രൂപ്പ് അറിയിച്ചു.

അതേസമയം, കോത്താരി 3700 കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ബാങ്ക് ഒഫ് ബറോഡയുടെ പരാതിയിന്മേല്‍ കേസെടുത്ത സിബിഐ വിക്രം കോത്താരിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിക്രത്തിന്‍റെ ഭാര്യ സാധന കോത്താരി, മകന്‍ രാഹുല്‍ കോത്താരി എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

റോട്ടോമാക് ഗ്ളോബര്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ചെയര്‍മാനും എംഡിയുമാണ് വിക്രം കോത്താരി. 1972~ല്‍ തുടങ്ങിയ പാന്‍ പരാഗിന് ചുക്കാന്‍ പിടിച്ചതും കോത്താരിയാണ്. 1992~ലാണ് റോട്ടോമാക് സ്ഥാപിച്ചത്. മോഹന്‍ സ്റ്റീല്‍സ് ലിമിറ്റഡിന്‍റെ ചെയര്‍മാനും ഡയറക്ടറും കൂടിയാണ് കോത്താരി.