Tuesday 24 November 2020




റേസിംഗ് പ്രേമികളെ തയ്യാറായിക്കോളു, തലസ്ഥാനത്ത് ഗോകർട്ടിങ് സർക്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു

By സൂരജ് സുരേന്ദ്രൻ.05 Sep, 2020

imran-azhar

 

 

തിരുവനന്തപുരം: റേസിങ്ങിനോട് കമ്പമില്ലാത്ത യുവാക്കൾ ആരാണുള്ളത്. ഒരു റേസിംഗ് കാറോ, ബൈക്കോ സ്വന്തമാക്കണമെന്ന ആഗ്രഹവും പേറി നടക്കുന്നവരാണ് ഭൂരിഭാഗം യുവാക്കളും. അത്തരക്കാർക്കിതാ ഒരു സന്തോഷവാർത്ത. റേസിംഗ് പ്രേമികൾക്കായി സംസ്ഥാനത്തെ ആദ്യത്തെ ഗോകർട്ടിങ് സർക്യൂട്ട് തലസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു. ആക്കുളം റോഡിലുള്ള ഫൺ പ്ലക്സിലാണ് സുഹൃത്തുക്കളായ മൂന്ന് യുവ എൻജിനീയർമാർ ചേർന്ന് ഗോകർട്ടിങ് സർക്യൂട്ട് ആരംഭിച്ചിരിക്കുന്നത്. മെക്കാനിക്കൽ എൻജിനീയർ വിദ്യാർത്ഥികളായാ ഷമീമും, അനന്തുവും, മിഥുനും ചേർന്നാണ് പുത്തൻ ആശയം തലസ്ഥാന നഗരിയിൽ ജൂൺ ഒന്നിന് യാഥാർഥ്യമാക്കിയിരിക്കുന്നത്. ബാംഗ്ലൂർ, ഹൈദരാബാദ് പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിലാണ് ഇത്തരത്തിലുള്ള ഗോകർട്ടിങ് സർക്യൂട്ടുകൾ സാധാരണയായി നാം കണ്ടുവരാറുള്ളത്.


യുവാക്കളെ ലക്‌ഷ്യം വെച്ചുകൊണ്ടാണ് ഇത്തരത്തിലൊരു സംരംഭം ആരംഭിച്ചതെങ്കിലും കുട്ടികളും, മുതിർന്നവരുമുൾപ്പെടെ പ്രായഭേദമന്യേ ആളുകൾ ഇവിടേക്കെത്താറുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നിലവിലെ പ്രവർത്തനം. ഭാവിയിൽ കഫറ്റേരിയ, കാർ വാഷ്, ക്രിക്കറ്റ് കോർട്ട്, ബില്യാർഡ്‌സ് തുടങ്ങിയ ഗെയിമുകൾക്കുള്ള സൗകര്യങ്ങളുമൊരുക്കി ഫൺ പ്ലെക്സ് വിപുലീകരിക്കാനാണ് തീരുമാനമെന്ന് ഫൺ പ്ലെക്സിന്റെ മാനേജിങ് പാർട്ണറായ മിഥുൻ പറയുന്നു.

 


തുടക്കമെന്ന നിലയിൽ ഗോകർട്ടിങ് സർക്യൂട്ടിൽ 5 കാർട്ടുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പൂനെയിൽ നിന്നാണ് കാർട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. കുട്ടികൾക്കായുള്ള കാർട്ടുകളും, കപ്പിൾ കാർട്ടുകളും വരും ദിവസങ്ങളിൽ എത്തിക്കും. സുരക്ഷയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയുമില്ല. സീറ്റ് ബെൽറ്റും, ഹെൽമെറ്റും നൽകും. എന്നാൽ ഇപ്പോൾ കോവിഡിന്റെ പശ്ചാത്തലമായതിനാൽ സ്വന്തം ഹെൽമെറ്റ് ഉപയോഗിക്കാനാണ് നിർദേശം. മാനേജിങ് പാർട്ണർമാരായ ഷമീമിന്റെയും, മിഥുനിന്റെയും സുഹൃത്തും മറ്റൊരു മാനേജിങ് പാർട്ണർ കൂടിയായ അനന്തു പറയുന്നു. ഒരല്പം റേസിംഗും ഡ്രിഫ്റ്റിങ്ങുമൊക്കെയായി സുഹൃത്തുക്കൾക്കൊപ്പം സായാഹ്നങ്ങൾ അടിച്ചുപൊളിക്കാൻ നിങ്ങൾ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒന്നും ആലോചിക്കേണ്ട നേരെ വിട്ടോളു ഫൺ പ്ലെക്സിലേകക്ക്.