Thursday 21 September 2017

കുമാരസ്വാമിക്ക് സംഗീതാര്‍ച്ചന നടത്തി വധു; തൊഴുകൈയോടെ ശബരീനാഥന്‍

By Subha Lekshmi B R.30 Jun, 2017

imran-azhar

തക്കല ശ്രീകുമാര സ്വാമി ക്ഷേത്രസന്നിധി അപൂര്‍വ്വമായ ഒരു വിവാഹത്തിന് വേദിയായി. അരുവിക്കര എംഎല്‍എ കെ.എസ് ശബരീനാഥന്‍ തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ താലികെട്ടി. കല്യാണ ഗണപതിയെ സാക്ഷിയാക്കിയായിരുന്നു താലിചാര്‍ത്ത്. താലികെട്ട് കഴിഞ്ഞയുടനെ ഭഗവാന് മുന്നില്‍ തൊഴുതുനിന്ന ദിവ്യ കീര്‍ത്തനം ആലപിച്ചത് വിവാഹത്തിനെത്തിയവര്‍ക്ക് കൌതുകമായി. നല്ലൊരു ഗായികയും നര്‍ത്തകിയും കൂടിയാണ് ദിവ്യ.

 

ഐഎസ് ആര്‍ഒ മുന്‍ ഉദ്യോഗസ്ഥന്‍ ശേഷാ അയ്യരുടെയും ഭഗവതി അമ്മാളിന്‍റെയും മകളാണ് ദിവ്യ. മുന്‍മന്ത്രിയും സ്പീക്കറുമായിരുന്ന ജി.കാര്‍ത്തികേയന്‍റെയും എംടി സുലേഖയുടെയും
മകനാണ് ശബരീനാഥന്‍. ജികെയുടെ മരണശേഷമാണ് ശബരി രാഷ്ട്രീയത്തില്‍ സജീവമായത്.

 

ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതാണ് ഈ വിവാഹം. ഇന്നു വൈകുന്നേരവും ഞായറാഴ്ചയുമായി നടക്കുന്ന വിവാഹസത്ക്കാരത്തില്‍ പങ്കെടുക്കാനെത്തുന്ന അതിഥികള്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്യും. വിവാഹ സല്‍ക്കാരത്തിന് ദോശയും കപ്പയും മധുരവും ഉള്‍പ്പെടുത്തി ലഘുവായ ഭക്ഷണമാണുള്ളത്.

 

പ്ളാസ്റ്റിക് രഹിത വിവാഹസത്ക്കാരമെന്ന പ്രത്യേകതയുമുണ്ട്. അതിഥികളെ സ്വീകരിക്കാന്‍ വാഴത്തട വിളക്കുകള്‍, അരുവിക്കര മണ്ഡലത്തിലെ കോട്ടൂര്‍ ആദിവാസി മേഖലയിലെ സാംസ്കാരിക കേന്ദ്രമായ ഉറവ് കലാ ~ സാംസ്കാരിക കേന്ദ്രം പ്രവര്‍ത്തകരാണ് വിവാഹ പന്തല്‍ ഒരുക്കുക. വാഴത്തടയും ഈറയും കുരുത്തോലയും ചേരുന്ന വിവാഹ പന്തല്‍ ആണിത്. ഒപ്പം ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വരച്ച കേരളത്തിന്‍െറ സാംസ്കാരിക തനിമ നിറയുന്ന ചിത്രങ്ങളും ഇതിനൊപ്പം ചേര്‍ക്കും.