Thursday 28 January 2021




എന്‍ഡമോളജിസ്റ്റിനെ വധശിക്ഷയില്‍ നിന്നും രക്ഷിച്ച 'വണ്ട്'

By Web Desk.11 Jan, 2021

imran-azhar

 

 

ഫ്രഞ്ച് സുവോളജിസ്റ്റായ പിയറി ആന്‍ഡ്രെ ലട്രില്ലെ ആധുനിക എന്‍ഡമോളജിയുടെ പിതാവെന്നാണ് അറിയപ്പെടുന്നത്. ഷഡ്പദശാസ്ത്രമാണ് എന്‍ടോമോളജി നൂറുകണക്കിന് ശലഭങ്ങള്‍ക്കും നിരവധി പ്രാണികള്‍ക്കും അദ്ദേഹം പേരിട്ടു. എന്നാല്‍, അതിലെ രസകരമായ കാര്യം അദ്ദേഹത്തിന്റെ ആ താല്പര്യം തന്നെയാണ് അദ്ദേഹത്തെ ഒരു ഘട്ടത്തില്‍ മരണത്തില്‍ നിന്ന് രക്ഷിച്ചത് എന്നതാണ്. പിയറി ആന്‍ഡ്രെ ലട്രില്ലെ തന്റെ ജീവന് ഒരു വണ്ടിനോട് കടപ്പെട്ടിരിക്കുന്നു.

 

1762 നവംബര്‍ 29 -ന് ലിമോസിന്‍ പ്രവിശ്യയിലെ ബ്രൈവ് പട്ടണത്തിലാണ് പിയറി ജനിച്ചത്. അവിഹിത സന്തതിയായ അദ്ദേഹം ജനിച്ച ഉടനെ അമ്മ അവനെ ഉപേക്ഷിച്ചു. അച്ഛന്‍ ഒരിക്കലും അവനെ തിരിച്ചറിഞ്ഞില്ല. അനാഥനായിരുന്ന ലാട്രെയ്ല്‍ പലപ്പോഴും ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കുകയും പാരീസിന്റെ സമീപപ്രദേശങ്ങളില്‍ പ്രാണികളെ പിടിക്കുകയും ചെയ്തു.

 

അദ്ദേഹത്തിന്റെ താല്പര്യം എന്‍ഡോമോളജിയില്‍ ആയിരുന്നു.അതേ സമയം അദ്ദേഹം പൗരോഹിത്യത്തിനും പഠിച്ചു. ഇതിനിടയില്‍ കത്തോലിക്കാസഭയെ ഫ്രഞ്ച് സര്‍ക്കാരിനു കീഴിലാക്കാന്‍ ഒരു പുതിയ നിയമം രാജ്യത്ത് പാസാക്കി. ഓരോ പുരോഹിതനും ഭരണകൂടത്തോട് കൂറുള്ളവരായിരിക്കാന്‍ ഈ നിയമം ആവശ്യപ്പെട്ടു.

 

പല പുരോഹിതന്മാരും സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ചു, കാരണം ദൈവത്തോടുള്ള വിശ്വസ്തതയ്ക്ക് മുകളില്‍ ഫ്രാന്‍സിനോടുള്ള വിശ്വസ്തത പുലര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ലട്രില്ലെ അവരില്‍ ഒരാളായിരുന്നു, തന്മൂലം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. ബാര്‍ഡോയിലെ തടവറകളില്‍ ശിക്ഷിക്കപ്പെടാന്‍ കാത്തിരിക്കുന്നതിനിടയില്‍, ലട്രില്ലെ തന്റെ തടവറ സെല്ലില്‍ ഒരു പ്രത്യേക ഇനം വണ്ടിനെ കണ്ടെത്തി.

 

ജയില്‍ ഡോക്ടര്‍ സന്ദര്‍ശനത്തിനായി വന്നപ്പോള്‍ അദ്ദേഹം വണ്ടിനെ ആകാംക്ഷയോടെ പഠിക്കുകയായിരുന്നു. ഇത് കണ്ട് ഡോക്ടര്‍ അമ്പരന്നു. ലട്രെയില്‍ ശ്രദ്ധാപൂര്‍വ്വം വണ്ടിനെ എടുത്ത് ജയില്‍ ഡോക്ടറുടെ നേരെ തിരിഞ്ഞു പറഞ്ഞു, ''ഇത് വളരെ അപൂര്‍വ ഇനം വണ്ടാണ്.'' ഡോക്ടര്‍ക്ക് അദ്ദേഹത്തിന്റെ അറിവില്‍ മതിപ്പുളവായി. ലാട്രെയില്‍ പറഞ്ഞത് ശരിയാണോ എന്നദ്ദേഹം പരിശോധിച്ചു. എന്നാല്‍ അദ്ദേഹം പറഞ്ഞത് ശരിയാണ് എന്ന് ബോധ്യപ്പെട്ടപ്പോള്‍ ഇത്ര അറിവുള്ള ലട്രില്ലെയെ മരണത്തിന് വിട്ടുകൊടുക്കാന്‍ അവര്‍ക്ക് തോന്നിയില്ല. ഒരു മാസത്തിനുള്ളില്‍ കുറ്റം വിധിച്ച മറ്റെല്ലാവരും മരിച്ചു. എന്നാല്‍, അദ്ദേഹം മോചിതനായി.

 

 എന്നാല്‍, അതിന് ശേഷം ലട്രില്ലെ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയും ബാക്കി ജീവിതം എന്‍ടോമോളജിക്കായി സമര്‍പ്പിക്കുകയും ചെയ്തു.1833 -ല്‍ ലട്രില്ലെ മരിച്ചപ്പോള്‍, ഫ്രഞ്ച് എന്‍ഡോമോളജിക്കല്‍ സൊസൈറ്റി പെരെ ലാചൈസ് സെമിത്തേരിയിലെ ലട്രില്ലെയുടെ ശവക്കുഴിക്ക് മുകളില്‍ ഒരു സ്മാരകം തീര്‍ത്തു. അതില്‍, ''ലാട്രില്ലെയുടെ രക്ഷകനായ നെക്രോബിയ റൂഫിക്കോളിസ്'' എന്ന് എഴുതി. അത് അന്നദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ച വണ്ടിന്റെ ശാസ്ത്രനാമമാണ്.