Sunday 20 January 2019


രജപുത്രറാണിയുടെ നൃത്തവും തെരുവുയുദ്ധവും

By ബി.ആര്‍.ശുഭലക്ഷ്മി.29 Jan, 2018

imran-azhar

സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവത് ഉത്തരേന്ത്യയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. കുരുന്നുകളുടെ സ്ക്കൂള്‍ ബസിന് നേരെ ആക്രമണം അഴിച്ചുവിടുന്നവിധത്തിലേക്ക് പ്രതിഷേധം കൈവിട്ടുപോയിരിക്കുന്നു. പത്മാവതി റിലീസിന് മുന്നോടിയായി ഗുഡ്ഗാവിലെ ജി.ഡി.ഗോയങ്ക വേള്‍ഡ് സ്ക്കൂള്‍ ബസിന് നേരെയാണ് അക്രമികള്‍ അഴിഞ്ഞാടിയത്. നഴ്സറി ക്ളാസ് മുതല്‍ 12 വരെയുളള ക്ളാസിലെ കുട്ടികള്‍ ഭയന്ന് ബസിന്‍റെ നിലത്ത് കുത്തിയിരുന്നു വിറയ്ക്കുന്ന കാഴ്ച രാജ്യം ഞെട്ടലോടെയാണ് കണ്ടത്. കുട്ടികളുടെ കരച്ചില്‍ വകവയ്ക്കാതെ കല്ലേറ് തുടര്‍ന്ന് അക്രമികള്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. മനോധൈര്യം കൈവിടാത്ത ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതിനകം ഒരു സര്‍ക്കാര്‍ ബസ് അക്രമികള്‍ കത്തിച്ചിരുന്നു. റാണി പത്മാവതി എന്ന സങ്കല്പ കഥാപാത്രത്തിനുവേണ്ടി തെരുവിലിറങ്ങിയിരിക്കുകയാണ് ഒരു കൂട്ടര്‍. ഇക്കാലത്ത് യാതൊരു പ്രസക്തിയുമില്ലാത്ത പല തവണ ചലച്ചിത്രമായ ഒരു റാണി പത്മാവതിയുടെ കഥ പറഞ്ഞ് വിവാദം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ് സഞ്ജയ് ലീലാ ബന്‍സാലി.

 

 


ചരിത്രത്തില്‍ പത്മാവതി എന്ന ചിത്തോഡിലെ റാണിയെക്കുറിച്ച് കാര്യമായൊന്നും കുറിച്ചിട്ടില്ല. പത്മാവതിയെന്നത് കഥയോ ചരിത്രമോ എന്ന കാര്യത്തിലും വ്യക്തയില്ല. പക്ഷേ ഭാരതശുദ്ധികളുടെ പ്രത്യേകിച്ചും രജപുത്രവനിതകളുടെ അഭിമാനസംരക്ഷണത്തിനായുളള ജീവത്യാഗകഥകളില്‍ പത്മാവതി എന്നും മുന്നിലാണ്. കീഴടക്കുന്ന നാട്ടിലൈ ആണിനെ കൊന്നൊടുക്കി, സന്പത്ത് കൊളളയടിച്ച്, പെണ്ണിനെ പങ്കുവയ്ക്കുന്ന അധിനിവേശ സംസ്ക്കാരത്തിനെതിരെ വായ്മൊഴിയായും ചിലപ്പോഴൊക്കെ വരമൊഴിയായും കൈമാറപ്പെട്ട സതീകഥകളിലൊന്നിലെ നായിക. പതിനാറാം നൂറ്റാണ്ടിലെ പ്രമുഖ കവി മാലിക് മുഹമ്മദ് ജയാസി രചിച്ച പത്മാവത് എന്ന കൃതിയിലാണ് റാണി പത്മിനി എന്ന പത്മാവതിയെക്കുറിച്ച് പറയുന്നത്. ഇതു പ്രകാരം സിംഹള ദേശത്തെ അതായത് ഇന്നത്തെ ശ്രീലങ്കയിലെ സുന്ദരിയായ രാജകുമാരിയായിരുന്നു പത്മാവതി. അവളുടെ അഭൌമസൌന്ദര്യത്തെക്കുറിച്ച്് കേട്ടറിഞ്ഞ മേവാഡിലെ ഭരണാധികാരി രത്തന്‍ സിംഗ് അതിസാഹസികമായി അവളെ വിവാഹംചെയ്ത് ചിത്തോഡ് കൊട്ടാരത്തിലേക്ക് കൊണ്ടുവരുന്നു. ഒടുവില്‍ അവളുടെ സൌന്ദര്യത്തിന്‍റെ കീര്‍ത്തി ഖില്‍ജി വംശത്തിലെ കരുത്തനായ അലാവുദ്ദീന്‍ ഖില്‍ജിയുടെ കാതുകളിലെത്തുന്നു. പത്മാവതിയെ സ്വന്തമാക്കാനായി അലാവുദ്ദീന്‍ ചിത്തോഡിലേക്ക് പടനയിക്കുന്നു. ഇതിനിടെ പത്മാവതിയുടെ സൌന്ദര്യത്തില്‍ ഭ്രമിച്ച കുംഭനെറിലെ രാജാവായ ദേവപാലുമായുണ്ടായ പോരാട്ടത്തില്‍ രത്തന്‍ സിംഗ് കൊല്ലപ്പെടുന്നു. കരുത്തനായ അലാവുദ്ദീന്‍ ഖില്‍ജിക്ക് മുന്നില്‍ ചിത്തോഡ് പട പരാജയപ്പെടുന്നു. ശത്രുവിന് മുന്നില്‍ കീഴ്പ്പെടാനില്ലെന്നുറച്ച റാണി പത്മാവതിയും മറ്റ് അന്തഃപുരസ്ത്രീകളും ജീവനൊടുക്കുന്നു. പത്മാവതിയുടെ ഈ ജീവത്യാഗത്തിന്‍റെ കഥ 1961ലും 64ലും സിനിമയായിട്ടുണ്ട്. സ്വന്തം പുരുഷന്‍റെ മരണശേഷം സ്ത്രീക്ക് മരണമാണ് ഉത്തമമെന്ന് പറഞ്ഞുവച്ച പ്രാകൃതവിശ്വാസത്തിന്‍റെ വക്താക്കളാകാം ഇത്തരം കഥകള്‍ പടച്ചുവിട്ടതെന്ന് ഡിജിറ്റല്‍ യുഗത്തില്‍ വാദിക്കാം. എന്നാല്‍, അധിനിവേശശക്തികള്‍ക്ക് മുന്നില്‍ ശരീരം അടിയറവയ്ക്കാത്ത ധാര്‍മ്മികധീരതയുടെ പ്രതീകങ്ങളായാണ് അവര്‍ എന്നും വാഴ്ത്തപ്പെട്ടത്. അത്തരമൊരു ഹൈന്ദവപ്രതീകം മുസല്‍മാനായ അധിനിവേശശക്തിയുടെ സ്വപ്നങ്ങളില്‍ അരക്കെട്ടുകുലുക്കിയാടുന്നത് കണ്ടാസ്വദിക്കാന്‍ഇന്ത്യന്‍ സംസ്കാരത്തില്‍ അഭിമാനിക്കുന്നവര്‍ അനുവദിക്കുമെന്ന് ബന്‍സാലി പ്രതീക്ഷിക്കുന്നത് ശരിയാണോ? ആവിഷ്ക്കാരസ്വാതന്ത്യ്രമെന്നൊക്കെ വാദിക്കാമെങ്കിലും കടന്നുകയറ്റങ്ങളുടെ ഇക്കാലത്ത് അല്പം ആലോചിച്ചുചെയ്യുന്നതായിരുന്നു നന്നെന്ന് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നു.

 

 

1303~ലാണ് അലാവുദ്ദീന്‍ ഖില്‍ജി ചിത്തോഡ് ആക്രമിച്ചത്. അത് ചരിത്രവസ്തുതയാണ്. എന്നാല്‍ ഇത് പത്മാവതിക്ക് വേണ്ടിയല്ലെന്നും സാമ്രാജ്യവികസനത്തിന്‍റെ ഭാഗമായാണ് അതല്ല ചിത്തോഡിലെ സന്പത്ത് ലക്ഷ്യമിട്ടാണെന്നുമാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഖില്‍ജിയുടെ ആക്രമണം നടന്ന് 237 വര്‍ഷത്തിന് ശേഷമാണ് ജയാസി പത്മാവത് എഴുതിയത്. പത്മാവതി സാങ്കല്പിക കഥാപാത്രമാണെന്ന് പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന് ഹബീബും പറയുന്നു. എന്നാല്‍ പാടിപ്പഴകിയ പത്മാവതിയുടെ കഥയുടെ പേരില്‍ ഇന്ത്യയില്‍ ഒരു കലാപതുല്യമായ സാഹചര്യമാണുണ്ടായിരിക്കുന്നത്. 2017 ജനുവരിയില്‍ രാജസ്ഥാനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാരംഭിച്ച പ്രതിഷേധമാണ് രാജധാനിയിലെ ആക്രമത്തോളം വ്യാപിച്ചിരിക്കുന്നത്. ചിത്രം അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും തമ്മിലുളള പ്രണയകഥയാണ് പറയുന്നതെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ലൊക്കേഷനുകളില്‍ ആക്രമണമഴിച്ചുവിട്ട ശ്രീ രജപുത്ര കര്‍ണ്ണിസേന ക്യാമറകള്‍ തകര്‍ക്കുകയും സംവിധായകനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നത് അവര്‍ ഒരു ഹിന്ദു ആയതുകൊണ്ടാണെന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്‍റെ പ്രസ്താവന എരിതീയില്‍ എണ്ണയൊഴിച്ചു.പ്രവാചകന്‍ മുഹമ്മദിനെ എന്തുകൊണ്ടാണ് സിനിമാ നിര്‍മ്മാതാക്കള്‍ ചിത്രീകരിക്കാത്തത് എന്നും ഇന്ത്യന്‍ ചരിത്രം വച്ച് കള
ിക്കുന്നവരെ ജനം കൈകാര്യം ചെയ്യണമെന്നും ഗിരിരാജ് സിംഗ് ആഹ്വാനം ചെയ്തു. ഇതോടെ മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ടായി.തുടര്‍ന്ന് പ്രതിഷേധം വ്യാപിച്ചു.

റാണി പത്മാവതിയായെത്തുന്ന ദീപിക പദുക്കോണിനെതിരെ ഭീഷണിയുയര്‍ന്നു. ദീപികയുടെ മൂക്ക് ഛേദിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചു. സംവിധായകന്‍റെ തലയ്ക്കും. ഇതൊന്നും വകവയ്ക്കാതെ ചിത്രം പൂര്‍ത്തിയാക്കിയപ്പോള്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ വക നിര്‍ദ്ദേശങ്ങളെത്തി. പേര് മാറ്റണം, 26 രംഗങ്ങള്‍ വെട്ടിമാറ്റണം ഇവയായിരുന്നു നിര്‍ദ്ദേശങ്ങള്‍. അതൊക്കെ അംഗീകരിച്ചു. അങ്ങനെ പത്മാവതി ‘പത്മാവത്' ആയി പ്രദര്‍ശനാനുമതി നേടി. ഇതോടെ പ്രതിഷേധക്കാര്‍ സെന്‍സര്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനെതിരെ തിരിഞ്ഞു. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുപ്പില്ലെന്നായിരുന്നു ഭീഷണി.

 

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വിഷയത്തിലെ രാഷ്ട്രീയ സാധ്യതകള്‍ മുതലാക്കാന്‍ ബിജെപി രംഗത്തിറങ്ങി. ചരിത്രം വളച്ചൊടിക്കുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കാനാകില്ളെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഉമാ ഭാരതി രംഗത്തെത്തി.സിനിമ ഡിസംബര്‍ഒന്നിന് പ്രദര്‍ശനത്തെത്തുമെന്നറിഞ്ഞതോടെ പ്രതിഷേധം വീണ്ടും ശക്തിയാര്‍ജ്ജിച്ചു. ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് , ഹരിയാന എന്നീ സംസ്ഥാനങ്ങളിലായിരുന്നു പ്രതിഷേധം ഏറ്റവും ശക്തം. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും രജപുത്രവനിതകളെ അപമാനിക്കുന്നുവെന്നും ആരോപിച്ച് ഇവര്‍ക്കൊപ്പം രജപുത്രരാജവംശജരും കക്ഷി ചേര്‍ന്നതോടെ പ്രതിഷേധം മറ്റൊരു തലത്തിലേക്കുയര്‍ന്നു. ബജ്രംഗ്ദളും വിശ്വഹിന്ദുപരിഷത്തും പിന്തുണയുമായെത്തി.രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്സംസ്ഥാനങ്ങള്‍ റീലീസ് ചെയ്യുന്നത് തടഞ്ഞു. അണിയറക്കാര്‍ പരമോന്നതനീതിപീഠത്തെ സമീപിച്ചു. സിനിമ പ്രദര്‍ശിപ്പിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ പ്രതിഷേധക്കാര്‍ വര്‍ദ്ധിതവീര്യത്തോടെ തെരുവിലിറങ്ങി. 25 ന് ചിത്രം തിയേറ്ററുകളിലെത്തുന്പോള്‍ ഡല്‍ഹിയിലെ സ്ക്കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കുരുന്നുകളുടെ ജീവന്‍ കൊണ്ടുകളിക്കാന്‍ തയ്യാറല്ലെന്ന് അവര്‍ പറയുന്നു. സിനിമ റീലിസ് ചെയ്യുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്ന് ആവര്‍ത്തിക്കുകയാണ് പ്രതിഷേധക്കാര്‍. തീവണ്ടി തടയല്‍, വാഹനങ്ങള്‍ അഗ്നിക്കിരയാക്കല്‍ , കല്ലേറ് എന്നിങ്ങനെ ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും പ്രതിഷേധമിരന്പുകയാണ്. പത്മാവത് സിനിമയുടെ പ്രദര്‍ശനം വിലക്കണമെന്നും അല്ളാത്തപക്ഷം ജീവനൊടുക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു രാജസ്ഥാനിലെ രജപുത്ര വനിതകള്‍ പ്രധാനമന്ത്രിക്കു കത്തെഴുതിയിരിക്കുകയാണ്. 16,000 സ്ത്രീകള്‍ ഇതിനു സന്നദ്ധമാണെന്നാണു ശത്റാണി മഞ്ച് നേതാവ് നിര്‍മല റാത്തോഡ് അവകാശപ്പെടുന്നു. ഒരു സതിയുടെ കഥ 16,000 സതിമാരുടെ ജീവനെടുക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

 

 

പ്രതിഷേധത്തിനിരയാകുന്ന ആദ്യ സിനിമയല്ല പത്മാവതി. ജോധാ അക്ബര്‍, ബാജിറാവുമസ്താനി, ആരക്ഷണ്‍ ഏറ്റവും ഒടുവില്‍ വിജയ്ചിത്രം മെര്‍സല്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഈ പട്ടികയിലുണ്ട്. എങ്കിലും, വിവാദം ചിത്രത്തിന് രാജ്യാന്തരശ്രദ്ധ നേടിക്കൊടുക്കുന്പോള്‍, പത്മാവതിയെ മുതലാക്കാന്‍ ബിജെപിയും അതിന്‍റെ പേരിലുളള അക്രമം വോട്ടാക്കാന്‍ പ്രതിപക്ഷവും വാക്പയറ്റ് നടത്തുന്പോള്‍ ബന്‍സാലിയോട് ഒരു ചോദ്യം നിലവില്‍ ഈ പ്രമേയത്തിന്‍റെ പ്രസക്തിയെന്തായിരുന്നു..