Tuesday 19 March 2024




നാദിയ രക്ഷപ്പെട്ട രാത്രി....

By SUBHALEKSHMI B R.19 Jan, 2018

imran-azhar

നാദിയ മുറാദിന്‍റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ആഗോള ഭീകരസംഘടനയായ ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ ലൈംഗിക അടിമകളാക്കിയവര്‍ മരിക്കാനുളളവരല്ലെന്നും ലോകത്തിന്‍റെ എല്ലാ കോണിലും അത്തരത്തില്‍ അടിമകളാക്കപ്പെട്ടവരെ മോചിപ്പിക്കാനും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുമുളള ശ്രമങ്ങള്‍ ഉണ്ടാകണമെന്നുമുളള വാദവുമായി രംഗത്തെത്തിയതോടെയാണ് അവര്‍ വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞത്. 2017 നവംബറില്‍ പുറത്തിറങ്ങിയ ദി ലാസ്റ്റ് ഗേള്‍: മൈ സ്റ്റോറി ഒഫ് കാപ്റ്റിവിറ്റി, ആന്‍ഡ് മൈ ഫൈറ്റ് എഗെന്‍ല്റ്റ് ദി ഇസ്ളാമിക് സ്റ്റേറ്റ് എന്ന അനുഭവക്കുറിപ്പും നാദിയയെ ചര്‍ച്ചകളിലേക്ക് മടക്കിക്കൊണ്ടുവന്നിരുന്നു. ഇസ്ളാമിന്‍റെ പേരില്‍ ഐഎസ് ഭീകരര്‍ കാട്ടുന്ന ക്രൂരതകളിലേക്കുളള നേര്‍സാക്ഷ്യമായിരുന്നു നാദിയയെന്ന 24 കാരിയുടെ പ്രസ്തുത പുസ്തകം.

 

വടക്കന്‍ ഇറാഖിലെ കുര്‍ദ്ദിഷ് പിന്നാക്കവിഭാഗമാണ് യസീദി വര്‍ഗ്ഗത്തില്‍ പെട്ട വനിതയാണ് നാദിയ മുറാദ്. ആട്ടിടയവിഭാഗത്തില്‍പെട്ട യസീദികള്‍ ഏകദൈവ വിശ്വാസികളാണ്. മലക്ക് തവൂസ് ആണ് ഇവരുടെ ദൈവം. ഇസ്ളാം, സൊരാസ്ട്രിയന്‍, ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ ഇഴചേര്‍ന്ന ഒരു വിശ്വാസരീതിയാണ് അവരുടേത്. അതുകൊണ്ടുതന്നെ ഇസ്ളാമികവാദികളുടെ സ്ഥിരം ഇരകളാണ് ഈ വംശജര്‍. നിര്‍ബന്ധിത പരിവര്‍ത്തനവും കാലങ്ങളായി നടന്നുവരുന്നു. ഓട്ടോമന്‍ സൈന്യം ആയിരക്കണക്കിന് യസീദികളെ കൊന്നൊടുക്കിയരുന്നതായും അടിമകളാക്കിയിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നു. ആധുനിക കാലത്ത് 2003 മുതല്‍ തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുകയാണ് ഈ സമൂഹം. രാജ്യാന്തരസമൂഹത്തിന്‍റെ ഇടപെടലിനെ തുടര്‍ന്ന് ഇടയ്ക്കൊന്നു ശാന്തമായി. അവിടേക്കാണ് ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഇരച്ചുകയറിയത്. 2014 ആഗസ്റ്റ് 3ന് യസീദിമേഖലകളില്‍ ആക്രമണം അഴിച്ചുവിട്ട ഐഎസ് ഭീകരര്‍ ആയിരക്കണക്കിന് പേരെയാണ് കൊന്നൊടുക്കിയത്. കൊച്ചോ എന്ന ചെറുഗ്രാമത്തില്‍ മാത്രം ഒരു മണിക്കൂറില്‍ നാനൂറോളം പേരെ ഭീകരര്‍ കൊന്നുതളളി. അന്പതിനായിരത്തോളം യസീദികള്‍ സിഞ്ചാര്‍ മലനിരകളിലേക്ക് പലായനം ചെയ്തു. ആയിരക്കണക്കിന് സ്ത്രീകളെ ബന്ധികളാക്കി. അക്കൂട്ടത്തിലൊരാളായിരുന്നു നാദിയ മുറാദ്. അന്ന് അവര്‍ സെക്കന്‍ഡറി സ്ക്കൂള്‍ അവസാനവര്‍ഷവിദ്യാര്‍ത്ഥിനിയായിരുന്നു. യസീദി പെണ്‍കുട്ടികള്‍ക്ക് കലാലയവിദ്യാഭ്യാസം വിദൂരസ്വപ്നമായിരുന്നു. അതുകൊണ്ടുതന്നെ, ഹെയര്‍ ഡുവില്‍ സമര്‍ത്ഥയായ നാദിയ രണ്ട് സഹോദരിമാരും എട്ടു സഹോദരന്മാരും അര്‍ദ്ധസഹോദരന്മാരുമടങ്ങുന്ന അമ്മമാരുമടങ്ങുന്ന തന്‍റെ വലിയ കുടുംബത്തിന് സഹായകമാകുന്ന വിധത്തില്‍ ഒരു സലൂണ്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, അവളുടെ ആ സ്വപ്നങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടാണ് ഭീകരര്‍ എത്തിയത്. തന്‍റെ അമ്മയെയും അഞ്ച് സഹോദരന്മാരെയും ഒരു അര്‍ദ്ധസഹോദരനെയും ഭീകരര്‍ വെടിവച്ചുകൊല്ലുന്നതിന് അവള്‍ സാക്ഷിയായി. നാദിറയെയും സഹോദരിമാരെയും മറ്റ് നിരവധി സ്ത്രീകളെയും ബന്ധികളാക്കി. മൂന്നുദിവസം അവരെ ഒരു രഹസ്യസങ്കേതത്തില്‍ പാര്‍പ്പിച്ചശേഷം പലര്‍ക്കായി പങ്കിട്ടുനല്‍കി. ഇതിനിടെ ചില സ്ത്രീകള്‍ ജീവനൊടുക്കി. മൊസൂളില്‍ ഭാര്യയും ഭര്‍ത്താവും മകളും അടങ്ങുന്ന ഒരു കുടുംബത്തിനാണ് നാദിയയെ അടിമയായി നല്‍കിയത്. അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് അവള്‍ ക്രൂരപീഡനത്തിനിരയായി. 12 പേര്‍ അവളെ കൂട്ടമാനഭംഗത്തിനിരയാക്കി. സിഗരറ്റ് കൊണ്ട് പൊളളിച്ചു. ഒരു മനുഷ്യശരീരത്തോട് ചെയ്യരുതാത്ത ക്രൂരതയെല്ലാം അവര്‍ ചെയ്തു. താന്‍ ആത്മഹത്യചെയ്യുമെന്നാണ് അവര്‍ കരുതിയതെന്നും എന്നാല്‍ അവരാല്‍ കൊല്ലപ്പെടും വരെ പിടിച്ചുനില്‍ക്കാനാണ് താന്‍ തീരുമാനിച്ചതെന്നുമാണ് പിന്നീട് നാദിയ തന്‍റെ പുസ്തകത്തില്‍ കുറിച്ചത്. പീഡയുടെ നാളുകള്‍ക്കൊടുവില്‍ ഭീകരരുടെ മറവി അവള്‍ക്ക് തുണയായി. തുറന്നുകിടന്ന വാതിലിലൂടെ അവള്‍ രക്ഷപ്പെട്ടു. അയല്‍പക്കത്തെ കുടുംബം അവള്‍ക്ക് അഭയംനല്‍കി. . ഇസ്ളാമിക് ഭീകരരുടെ നിയന്ത്രണത്തിലുളള പ്രദേശത്ത് നിന്ന് രക്ഷപ്പെട്ട് ദുഹോക്കിലെ അഭയാര്‍ത്ഥി ക്യാന്പിലെത്താന്‍ അവര്‍ സഹായിച്ചു. പിന്നീട് വാങ്ക ക്യാന്പില്‍ ഒരു കണ്ടെയ്നറില്‍ ജീവിക്കവേ അവള്‍ ആദ്യമായി പുറംലോകവുമായി ബന്ധപ്പെട്ടു. 2015 ഫെബ്രുവരിയിലായിരുന്നു അത്. അതേ വര്‍ഷം തന്നെ നാദിറയും ആയിരത്തോളം സത്രീകളും കുട്ടികളും ഐഎസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ജര്‍മനിയിലെത്തി. പിന്നീട് കുറേക്കാലം ജര്‍മ്മനിയായിരുന്നു അവളുടെ അഭയസ്ഥാനം.

 

 

2015 ഡിസംബറില്‍ മനുഷ്യക്കടത്തിനെ പറ്റി യുഎന്‍ രക്ഷാസമിതിയില്‍ പ്രസംഗിച്ചു. തന്‍റെ ദുരിതകാലത്തെ പറ്റി ലോകത്തിന് മുന്നില്‍ തുറന്നടിച്ച നാദിയ ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടിട്ടും ആ നാളുകള്‍ ഏല്‍പ്പിച്ച ആഘാതം താങ്ങാനാവാതെ മരിച്ചവരെ പറ്റിയും വെളിപ്പെടുത്തി. അവര്‍ മരിക്കേണ്ടവരല്ലെന്നും ഇനിയും ഐഎസ് ഭീകരരുടെ ലൈംഗിക അടിമകളായി ആയിരക്കണക്കിന് സ്ത്രീകളുണ്ടെന്നും അവര്‍ക്കെല്ലാം ജീവിക്കാന്‍ അവകാശമുണ്ടെന്നും അവള്‍ വാദിച്ചു. അതോടെ അവര്‍ രാജ്യാന്തരതലത്തില്‍ മനുഷ്യാവകാശത്തിന്‍റെ ബിംബമായി മാറി. ഐസിസിനെതിരായ പോരാട്ടങ്ങളില്‍ സജീവമായ നാദിയ നിരന്തരം ഭീഷണികള്‍ നേരിട്ടു. ഇപ്പോഴും നേരിടുന്നു. തന്‍റെ അനുഭവങ്ങളും പോരാട്ടവും നാദിയ തന്‍റെ പുസ്തകത്തിലും തുറന്നെഴുതിയിട്ടുണ്ട്. നിലവില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യക്കടത്തിനെ അതിജീവിച്ചവരുടെ മാന്യജീവിതത്തിനുവേണ്ടി നിലകൊളളുന്ന യുഎന്‍ഡിഒസിയുടെ ഗുഡ്വില്‍ അംബാസഡറാണ് നാദിയ മുറാദ്. ആ പദവി അലങ്കരിക്കുന്ന ആദ്യ വ്യക്തിയുമാണ്. ഭീകരര്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് തുണയായി ആഗോള യസീദി സംഘടനയായ യാസ്ദയും ഒപ്പമുണ്ട്. 2016 ല്‍ സമാധാനനൊബേലിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നാദിയ തന്‍റെ പോരാട്ടം തുടരുകയാണ് അവസാന ലൈംഗിക അടിമയും മോചിപ്പിക്കപ്പെടും വരെ അവര്‍ അതു തുടരുക തന്നെ ചെയ്യും