Wednesday 22 May 2019


സാറേ ചെങ്ങന്നൂരല്ലേ.....

By SUBHALEKSHMI B R.27 Mar, 2018

imran-azhar

പ്രേമത്തിലെ വിമല്‍ സര്‍ ചോദിക്കുന്നു : കുട്ടികളെ ട്രാഫിക് സിഗ്നലുകളില്ലാത്ത ലോകത്തെ ഒരേയൊരു പട്ടണം ഏതാണെന്നറിയാമോ? ഉത്തരം പറയുന്നത് ഫിലിപ്സ് ആന്‍ഡ് മങ്കിപ്പെന്നിലെ കുസൃതികളാണ് . സാറേ ചെങ്ങന്നൂരല്ലേ....

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കപ്പെട്ട ഒരു ട്രോളാണിത്. ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞപാടേ ട്രോളുകളും സമൂഹമാധ്യമങ്ങളിലെ പ്രചാരണവും വിമര്‍ശനവും തകര്‍ക്കുകയാണ്. അതത് പാര്‍ട്ടികളുടെയും പാര്‍ട്ടിനേതാക്കളുടെയും സമൂഹമാധ്യമപേജുകളില്‍ തങ്ങളുടെ വീരകൃത്യങ്ങളുയര്‍ത്തിക്കാട്ടിയും വാഗ്ദാനങ്ങള്‍ കോരിച്ചൊരിഞ്ഞും എതിരാളികളെ താഴ്ത്തിക്കെട്ടിയുമുളള പോസ്റ്റുകള്‍ നിറയുന്പോള്‍ ട്രോള്‍ ചെങ്ങന്നൂര്‍, ചെങ്ങന്നൂര്‍ ട്രോള്‍ തുടങ്ങിയ പൊതുജനനിര്‍മ്മിതമായ ട്രോള്‍ ഗ്രൂപ്പുകളില്‍ രാഷ്ട്രീയകക്ഷികളെയെല്ലാം കണക്കിന് വിമര്‍ശിക്കുന ട്രോളുകളുടെ കുത്തൊഴുക്കാണ്. മുന്നണികളുടെ അവകാശവാദങ്ങളെ തകര്‍ക്കുംവിധമുളളതാണ് ഭൂരിഭാഗം ട്രോളുകളും. സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതികളെന്ന പേരില്‍ ഉദ്ഘാടനങ്ങള്‍ പൊടിപൊടിക്കുന്പോള്‍ അതു കേന്ദ്ര ഫണ്ട് ആണെന്ന വാദവുമായി ബിജെപിയെത്തുന്നതും മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതിയാണെന്ന അവകാശവാദമുയര്‍ത്തി യുഡിഎഫെത്തുന്നതും കേന്ദ്ര പദ്ധതികളിന്മേല്‍ ഇടത്, വലത് മുന്നണികള്‍ അവകാശവാദമുയര്‍ത്തുന്നതുമെല്ലാം ട്രോളുകള്‍ക്ക് വിഷയമാണ്. ഉദാഹരണത്തിന് ഒരു ട്രോള്‍ ഇങ്ങനെ:

ഒപ്പത്തില്‍ മാമൂക്കോയയെ ചെന്പന്‍വിനോദ് ചോദ്യംചെയ്യുന്ന രംഗം.
ചെന്പന്‍ വിനോദ് ~പൊതുജനം. മാമുക്കോയ~ കടകംപളളി.
പൊതുജനം ചോദിക്കുന്നു : ചെങ്ങന്നൂര്‍ ശബരിമല ഇടത്താവളം നിര്‍മ്മിച്ചു തരുന്നത് ആരാ?
കടകംപളളി: പൊതുമേഖലാസ്ഥാപനം.
പൊതുജനം: പൊതുമേഖലാസ്ഥാപനത്തിന്‍റെ പേരെന്താ?
കടകംപളളി : ബിപിസിഎല്‍
പൊതുജനം: ബിപിസിഎല്‍ ആരുടെ പൊതുമേഖലാ സ്ഥാപനമാ?
കടകംപളളി : കേന്ദ്രസര്‍ക്കാരിന്‍റെ
പൊതുജനം :അപ്പോള്‍ ഇടത്താവളം ആരുടെ പദ്ധതിയാ
കടകംപളളി: അത് പിണറായി സര്‍ക്കാരിന്‍റെയാ

 

 

രാഷ്ട്രീയ കക്ഷികളുടെ വാഗ്ദാനപ്പെരുമഴയെയും കണക്കിന് ട്രോളുന്നുണ്ട്. സിഐഡി മൂസയിലെ ഫ്ളാറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നുളള രംഗമാണ് ഇത്തരത്തിലൊരു ട്രോളിന് പശ്ചാത്തലമാകുന്നത്. ചെങ്ങന്നൂര്‍, ക്ഷേത്രപുനരുദ്ധാരണം, റോഡ് ടാറിംഗ് അനുമതി, പുതിയ പാലം അനുമതി, സാംസ്കാരികനിലയം അനുമതി, കോടികളുടെ പദ്ധതി. അയ്യോ എന്‍റെ പാസ്പോര്‍ട്ട് സേവന കേന്ദ്രം, തിരുപ്പതി ട്രെയിന്‍ (അയ്യോ എന്‍റെ ടിവി എന്ന് കുഞ്ഞിനെയെടുക്കാതെ ഗൃഹോപകരണങ്ങളില്‍ പിടിക്കുന്ന ബിന്ദുപണിക്കരാണ് ചിത്രത്തില്‍ ) . തിരഞ്ഞെടുപ്പ് സമയത്തുമാത്രം മണ്ഡലത്തിന്‍റെ സ്വന്തം പൌരനാകുന്ന നേതാവിനെ ട്രോളുന്നതാണ് മറ്റൊന്ന്. അഭിഭാഷകന്‍റെ കേസ്ഡയറിയിലെ രംഗം. അടൂര്‍ ഭവാനി: ഇലക്ഷനടുക്കുമുന്പോള്‍ ചെങ്ങന്നൂരുകാരനെന്നും പറഞ്ഞ് വരുന്ന ഒരുത്തനുണ്ടല്ലോ മക്കളെ, അവന്‍റെ പേരെന്തുവാ? ഉത്തരം ശ്രീധരന്‍ പിളള. ഇങ്ങനെ എല്ലാ പാര്‍ട്ടികളെയും ട്രോളര്‍മാര്‍ കണക്കിന് കൊട്ടുന്നുണ്ട്. ട്രോള്‍ പോസ്റ്റുകള്‍ക്കു പുറമേ വിഡിയോ ക്ളിപ്പുകളും പ്രചരിക്കുന്നുണ്ട്.

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകളും വീഡിയോ ക്ളിപ്പുകളും ധാരാളമാണെങ്കിലും ചിലയിടത്ത് അതിരുവിടുന്നുണ്ടെന്നാണ് വിലയിരുത്തല്‍. എതിരാളികള്‍ക്കിട്ട് ട്രോളുന്നത് ഒരുപരിധിവരെ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി നേതൃത്വവും ആസ്വദിക്കുന്നുണ്ടെങ്കിലും വൃക്തിഹത്യ ചെയ്യുന്ന രീതിയിലുളള പോസ്റ്റുകളും ട്രോളുകളും തങ്ങള്‍ക്ക് ദോഷം ചെയ്യുമോ എന്ന ആശങ്കയും പാര്‍ട്ടികേന്ദ്രങ്ങള്‍ക്കുണ്ട്. അണികള്‍ക്ക് ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നുണ്ടെന്നാണ് വിവരം. കളിയാക്കല്‍ കൈവിട്ടാല്‍ സംഗതി പാളുമെന്നതികളാല്‍ മുന്നണികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എന്നാല്‍, ഇതിനകം തന്നെ വ്യാജ പോസ്റ്റുകളും വര്‍ഗ്ഗീയ വിദ്വേഷം ഉളവാക്കുന്ന പോസ്റ്റുകളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതായി പരാതികള്‍ ഉയര്‍ന്നുകഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാറിന്‍റെ ഫെയ്സ്ബുക്ക് പേജ് തെറ്റായ വിവരം നല്‍കി ബ്ളോക്ക് ചെയ്തെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനെ കുറിച്ചു വ്യാജ പോസ്റ്റ് നിര്‍മ്മിച്ചു പ്രചരിപ്പിച്ചതായും സൈബര്‍ സെല്ലിന് പരാതി ലഭിച്ചുകഴിഞ്ഞു. സൌമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കു ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ സഹായം നല്‍കിയെന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രചരിച്ചതിനെതിരെയും പരാതിയുയര്‍ന്നിട്ടുണ്ട്. ഫെയ്സ്ബുക്കിലെ പ്രതികരണങ്ങള്‍ വഴി തങ്ങളുടെ നിലപാട് അളക്കുമെന്ന ഭയത്താലാവണം പോസ്റ്റുകള്‍ക്കും ട്രോളുകള്‍ക്കുമുളള പ്രതികരണങ്ങളില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചില പോസ്റ്റുകള്‍ പങ്കിടുന്നതും കമന്‍റുകളും വിനയാകുമെന്ന് ചെങ്ങന്നൂര്‍ ആദ്യമേ തെളിയിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞയുടനെ, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനെ പ്രശംസിച്ചുള്ള പോസ്റ്റ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തതിനെത്തുടര്‍ന്നു ചെങ്ങന്നൂര്‍ ഡിവൈഎസ്പിയെ സ്ഥലംമാറ്റിയിരുന്നു. അതുകൊണ്ട് ഇപ്പോള്‍ ചെങ്ങന്നൂരുകാരും വിവിധ പദവികള്‍ വഹിക്കുന്നവരും കുറച്ച് ശ്രദ്ധിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്. എന്തായാലും ചെങ്ങന്നൂരില്‍ നവമാധ്യമപോര് കടുക്കുകയാണ്. എല്ലാ രാഷ്ട്രീയ കക്ഷികളും അവരവരുടെ ടീം ചെങ്ങന്നൂരിനെ രംഗത്തിറക്കി കഴിഞ്ഞു