Friday 10 April 2020
കാട്ടുകള്ളന്‍മാരുടെ ഇരയായ പൗലിനോ

By online desk .04 Nov, 2019

imran-azhar

 

 

ബ്രസീലില്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് വേണ്ടി നിലകൊണ്ട തദ്ദേശീയ നേതാവിനെ വെടിവച്ചുകൊന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കാണുന്നത്. ഭൂമിയുടെ ശ്വാസകോളത്തിന് തീപിടിച്ചപ്പോള്‍ പ്രതികരിച്ചും പ്രസ്താവനയിറക്കിയും വന്ന ലോകനേതാക്കളാരും ആമസോണ്‍ വനമേഖല സംരക്ഷണ പ്രവര്‍ത്തകന്‍ പൗലിനോയുടെ വധവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കണ്ടില്ല. പൗലീനോയുടെ വധിക്കുന്ന സമയത്ത് മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് രാജ്യാന്തരമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രസീല്‍ സംസ്ഥാനമായ മാരന്‍ഹാവോയിലെ ആമസോണ്‍ അതിര്‍ത്തി പ്രദേശമായ അററിബോയയില്‍ വെച്ചാണ് സംഭവം. പൗലോ പൗളിനോ ഗുജജാരയെന്ന നേതാവിനെയും, മറ്റൊരു ഗോത്രക്കാരനായ ലാര്‍സിയോ ഗുജജാരയെയുമാണ് പ്രദേശത്ത് അനധികൃതമായി കടന്നുകയറിയവര്‍ ആക്രമിച്ചതെന്ന് ബ്രസീലിയന്‍ ഇന്‍ഡിജെനസ് പീപ്പിള്‍സ് അസോസിയേഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല.


കൊലപാതകത്തെക്കുറിച്ച് ബ്രസീലിയന്‍ ഫെഡറല്‍ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ സര്‍ക്കാരിലെ നീതിന്യായ മന്ത്രി സര്‍ജിയോ മൊറോ സ്ഥിരീകരിച്ചു. 'ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റ്' എന്ന തദ്ദേശീയ ഫോറസ്റ്റ് ഗാര്‍ഡിലെ അംഗങ്ങളാണ് അക്രമിക്കപ്പെട്ട ഗോത്രവര്‍ഗക്കാര്‍. അപൂര്‍വ്വമായ മരങ്ങളാല്‍ സമ്പന്നമായ ആമസോണ്‍ വനത്തെ കൊള്ളയടിക്കുന്ന സംഘങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി 2012-ല്‍ രൂപീകരിച്ച ഗാര്‍ഡാണത്. സായുധ പട്രോളിംഗും ലോഗിംഗ് പാളയങ്ങള്‍ നശിപ്പിക്കലുമാണ് അവരുടെ പ്രധാന ജോലി. അതുതന്നെയാണ് അവരുടെ ജീവന്‍ അപകടത്തിലകാന്‍ കാരണമാകുന്നതും. അററിബോയയില്‍ നിന്നുള്ള മൂന്ന് പേര്‍ ഉള്‍പ്പെടെ മാരന്‍ഹാവോയിലെ നിരവധിപേര്‍ അടുത്ത കാലത്തായി കൊല്ലപ്പെട്ടിട്ടുണ്ട്.


കൊല്ലപ്പെട്ട ഗോത്രവര്‍ഗക്കാരനെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി ബ്രസീലിലെ തദ്ദേശീയ മിഷനറി കൗണ്‍സിലിന്റെ മാരന്‍ഹോ റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഗില്‍ഡര്‍ലാന്‍ റോഡ്രിഗസ് പറഞ്ഞു. 'അക്രമികളുടെ ലക്ഷ്യം ഗോത്ര വര്‍ഗ്ഗക്കാരെ തുരത്തി വനം കൊള്ളയടിക്കലാണെന്നും, അവരില്‍ ഭൂരിഭാഗവും അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ തന്നെയാണെന്നും' അദ്ദേഹം പറയുന്നു. ഇനിയും കൂടുതല്‍ ജീവനുകള്‍ നഷമാകാതിരിക്കാന്‍ ക്രിമിനലുകല്‍ക്കെതിരെ നടപടി അത്യാവശ്യമാണെന്ന് റോഡ്രിഗസ് ആവശ്യപ്പെടുന്നു. 4,130 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള അററിബോയയില്‍ ഗുജജാര, ആവ ഗോത്രങ്ങളില്‍പെട്ട 5,300 പേര്‍ മാത്രമാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന ഗോത്ര വിഭാഗങ്ങളാണ് അവര്‍. മാരന്‍ഹാവോ സംസ്ഥാനത്ത് അവശേഷിക്കുന്ന അവസാന ആമസോണ്‍ മഴക്കാടുകളില്‍ ഭൂരിഭാഗവും അവിടെയാണുള്ളത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയതാണെന്ന് സര്‍വൈവല്‍ ഇന്റര്‍നാഷണലിലെ സീനിയര്‍ റിസര്‍ച്ച് ആന്‍ഡ് അഡ്വക്കസി ഓഫീസര്‍ സാറാ ഷെങ്കര്‍ പറയുന്നു. കൊല്ലപ്പെട്ട ഗോത്രവര്‍ഗക്കാരനെ അറിയുന്ന അടുത്തറിയുന്ന ആളാണ് അവര്‍.


വനമേഖല ഔദ്യോഗികമായി ബ്രസീലിലെ സര്‍ക്കാരാണ് സംരക്ഷിക്കുന്നത്. പക്ഷെ, കൊള്ള സംഘങ്ങളെ ഫലപ്രദമായി നേരിടുന്നതില്‍ പൂര്‍ണ്ണ പരാജയമാണ്. കൊള്ള സംഘങ്ങളും തദ്ദേശീയരും തമ്മില്‍ നിരന്തര സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. 2015-ല്‍ ബ്രസീലിന്റെ പരിസ്ഥിതി ഏജന്‍സിയായ ഇബാമയുടെ ഓപ്പറേഷന്‍ കോര്‍ഡിനേറ്റര്‍ റോബര്‍ട്ടോ കാബ്രലിന് വെടിയേറ്റിരുന്നു. ഈ വര്‍ഷം ജൂണില്‍ അററിബോയയിലെ ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റ് ഗാര്‍ഡ് മേധാവി ഒലമ്പിയോ ഗുജജാര അക്രമികളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ബ്രസീലിനോട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു.