Tuesday 02 June 2020
തന്റെ അയല്‍ക്കാരനയും സ്‌നേഹിക്കുന്ന ഭൂട്ടാന്‍

By online desk.19 Aug, 2019

imran-azhar

 

'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക'-യെന്ന ബൈബിള്‍ വാക്യം പോലെ സ്വന്തം അയല്‍ക്കാരനായി ഭൂട്ടാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്നത് ഉറപ്പിച്ചു പറയുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തിലൂടെ. ഭൂട്ടാന്‍ തങ്ങളുടെ പാരമ്പര്യ ആചാരപ്രകാരവും അവരിലൊരാളായി അദ്ദേഹത്തെ സ്വീകരിച്ചുവെന്നതും ഇന്ത്യക്ക് അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ എത്രമാത്രം സ്വീകാര്യത ഉണ്ടെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ്.

 

ഭീകരവാദത്തെയും അക്രമത്തെയും ഔരംശം പോലും പ്രോത്സാഹിപ്പിക്കാത്ത ഭൂട്ടാന്റെ നിലപാട് ഇന്ത്യയുടെ നിലപാടുകള്‍ പൂര്‍ണമായും ശരിവയ്ക്കുന്നതുമാണ്. വ്യാപാര കാര്യങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയുമായി ഭൂട്ടാന്‍ മെച്ചപ്പെടുത്തുന്ന ബന്ധങ്ങളും അതിന് തെളിവാണ്.2016ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള വ്യാപാരം 8,723 കോടി രൂപയുടേതാണ്. ഭൂട്ടാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും ഇന്ത്യയാണ്. സവിശേഷമായ ഒരു സൗഹൃദബന്ധം ഇരുരാജ്യങ്ങളും തമ്മില്‍ വളര്‍ത്തിയെടുക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ക്കേ ഇന്ത്യ ശ്രമിച്ചതാണ് ഇപ്പോള്‍ മോദിയുടെ സന്ദര്‍ശനത്തിലൂടെ ശക്തമായിരിക്കുന്നത്. ഭൂട്ടാന്റെ പരമാധികാരത്തെ ഏറ്റവും ബഹുമാനത്തോടെയാണ് ഇന്ത്യ എക്കാലത്തും സമീപിച്ചിട്ടുള്ളത്.

 

തങ്ങളുടെ സ്വതന്ത്ര വ്യക്തിത്വത്തെ സ്ഥാപിച്ചു കൊണ്ടേ ഭൂട്ടാന്‍ ഇന്ത്യക്കൊപ്പം നിന്നിട്ടുമുള്ളൂ. 1962ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് ഭൂട്ടാനെടുത്ത നിലപാട് ശ്രദ്ധേയമാണ്. ഭൂട്ടാനില്‍ തങ്ങളുടെ പട്ടാളത്തിന് ബേസ് ഒരുക്കാന്‍ ഇന്ത്യക്ക് താല്‍പര്യമുണ്ടായിരുന്നു. ഈ ആവശ്യം പക്ഷെ ഭൂട്ടാന്‍ അംഗീകരിച്ചില്ല. ആ യുദ്ധകാലത്ത് നിഷ്പക്ഷമായ നിലപാടാണ് ഭൂട്ടാനെടുത്തത്. 1949 മുതല്‍ക്കു തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സജീവമാണെങ്കിലും 1971ല്‍ ഐക്യരാഷ്ട്രസഭാ അംഗത്വം കിട്ടിയതിനു ശേഷമാണ് ഭൂട്ടാന്‍ കൂടുതല്‍ ഉത്സാഹത്തോടെയുള്ള ഇടപെടലുകള്‍ക്ക് തയ്യാറായതെന്നു പറയാം. ഇതിനു ശേഷം ഭൂട്ടാന്‍ ഇന്ത്യയില്‍ പൂര്‍ണ സ്ഥാനപതിതല ബന്ധം സ്ഥാപിച്ചു.

 

ഇന്ത്യയും ഭൂട്ടാനും ആദ്യമായി ഒപ്പുവെച്ച സുപ്രധാനമായ നയതന്ത്രബന്ധ ഉടമ്പടിയാണ് സൗഹൃദ ഉടമ്പടി എന്നറിയപ്പെടുന്നത്. 1949ലായിരുന്നു ഇത്. ഈ ഉടമ്പടി ഭൂട്ടാനെ ഇന്ത്യയോട് കൂടുതല്‍ ആശ്രിതത്വത്തില്‍ നിര്‍ത്തുന്നതിന് സഹായിച്ചുവെന്നു പറയുന്നതില്‍ തെറ്റില്ല. ഈ ഉടമ്പടിയിലെ രണ്ടാം ആര്‍ട്ടിക്കിള്‍ ഇപ്രകാരമൊരു ബന്ധം സ്ഥാപിച്ചിരുന്നു: ''ഭൂട്ടാന്റെ ആഭ്യന്തര ഭരണകാര്യങ്ങളില്‍ ഇന്ത്യാ സര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്തുന്നതല്ല. വിദേശകാര്യങ്ങളില്‍ ഇന്ത്യയുടെ ഉപദേശങ്ങള്‍ സ്വീകരിക്കാമെന്നും വഴിനയിക്കലിന് വിധേയപ്പെടാമെന്നും ഭൂട്ടാന്‍ സര്‍ക്കാര്‍ ഉടമ്പടി ചെയ്യുന്നു.'' ഈ വ്യവസ്ഥയോട് ഭൂട്ടാന്‍ സര്‍ക്കാര്‍ ആദ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് 1979ലാണ്. അന്നത്തെ രാജാവായ ജിഗ്മെ സിങ്ജി വാങ്ചൂക് (നിലവിലെ രാജാവിന്റെ പിതാവാണിദ്ദേഹം) ആര്‍ട്ടിക്കിള്‍ 2നോട് ഭൂട്ടാന് പ്രതിബദ്ധതിയില്ലെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഭൂട്ടാന്‍ രാജാക്ക•ാര്‍ അന്നേവരെ മാധ്യമങ്ങളോട് സംസാരിച്ചിരുന്നില്ല. ഇതാദ്യമായി ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ സയീദ് നഖ്വിയുമായി രാജാവ് സംസാരിച്ചു. ഈ പ്രസ്താവന ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ കാര്യമായൊരു പ്രതിസന്ധി സൃഷ്ടിച്ചു.

 

ഭൂമിശാസ്ത്രപരമായി ചൈനയുമായി അടുത്തു പേരുമാറേണ്ട ആവശ്യകത ഭൂട്ടാനുണ്ട്. ഇതുകൂടാതെ 1971ല്‍ ഐക്യരാഷ്ട്രസഭാ അംഗത്വം ലഭിച്ചതിനു ശേഷം ഭൂട്ടാന്‍ അന്തര്‍ദ്ദേശീയ സൗഹൃദങ്ങള്‍ വളര്‍ത്തി വരികയായിരുന്നു. ഭൂട്ടാനില്‍ ഐക്യരാഷ്ട്രസഭാ രക്ഷാ കൗണ്‍സില്‍ സ്ഥിരാംഗങ്ങള്‍ക്ക് തങ്ങളുടെ ദൗത്യങ്ങള്‍ നടപ്പാക്കുന്നതിന് ഇന്ത്യയുമായുള്ള 1949ലെ കരാറിലെ ആര്‍ട്ടിക്കിള്‍ 2 ഒരു തടസ്സമാണെന്ന് ഭൂട്ടാന് തോന്നി. യുഎന്‍ രക്ഷാ കൗണ്‍സില്‍ സ്ഥിരാംഗങ്ങളിലൊരു രാജ്യം ചൈനയാണല്ലോ. വര്‍ഷങ്ങള്‍ക്കു ശേഷം 2007ല്‍ ആര്‍ട്ടിക്കിള്‍ 2ല്‍ പുതുക്കലുകള്‍ വരുത്തുകയുണ്ടായി. ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇരുരാജ്യങ്ങളും പരസ്പരം സഹകരിക്കുമെന്ന് ഈ പുതുക്കല്‍ പറഞ്ഞു. വിദേശകാര്യങ്ങളില്‍ ഇന്ത്യയുടെ ഉപദേശം സ്വീകരിക്കുമെന്ന വ്യവസ്ഥ നീക്കം ചെയ്തു.

 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭൂട്ടാനില്‍ നിന്നുള്ള ഹൈഡ്രോപവര്‍ വൈദ്യുതിയുടെ വാങ്ങല്‍ ഏറെ പ്രാധാന്യമുള്ള കാര്യമാണ്. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തില്‍ അന്തര്‍ദ്ദേശീയ തലത്തില്‍ രൂപപ്പെട്ടിട്ടുള്ള പൊതുസമ്മതങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ പാരമ്പര്യേതര ഉര്‍ജ്ജ സ്രോതസ്സുകളെ കൂടുതലാശ്രയിക്കാന്‍ ഇന്ത്യ ബാധ്യസ്ഥമാണ്. ഹൈഡ്രോപവറുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും 2006ല്‍ ഒരു കരാറിലേര്‍പ്പെടുകയുണ്ടായി. 10,000 മെഗാവാട്ട് ഹൈഡ്രോപവര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനായി ഇന്ത്യ സഹായിക്കുമെന്നതായിരുന്നു ഈ കരാര്‍. മിച്ചം വരുന്ന വൈദ്യുതി ഇന്ത്യ വില കൊടുത്ത് വാങ്ങുകയും ചെയ്യും. 2020ാമാണ്ടോടെ ഈ പദ്ധതി പൂര്‍ത്തീകരിക്കാനാണ് കരാര്‍. അഞ്ച് ദശകങ്ങളായി ഉറച്ചു കഴിഞ്ഞ ബന്ധമാണ് ഇന്ത്യ-ഭൂട്ടാന്‍ ഹൈഡ്രോപവര്‍ വാങ്ങലുമായി ബന്ധപ്പെട്ടത്.
ഭൂട്ടാന്റെ പതിനൊന്നാം പഞ്ചവല്‍സര പദ്ധതിയിലേക്ക് ഇന്ത്യയുടെ വലിയൊരു സംഭാവനയുണ്ട്. അയ്യായിരം കോടി രൂപയുടെ സംഭാവന ഈ കാലയളവില്‍ ഇന്ത്യ നടത്തും.

 

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഭൂട്ടാന്‍ സന്ദര്‍ശനത്തില്‍ പത്ത് ധാരണാപത്രങ്ങളാണ് ഒപ്പു വെക്കപ്പെട്ടത്. ബഹിരാകാശ ഗവേഷണം, വ്യോമയാനം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് ഈ ധാരണാപത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് ജിസാറ്റ്-9 അഥവാ സൗത്ത് ഏഷ്യ സാറ്റലൈറ്റ് എന്ന ജിയോസ്റ്റേഷനറി സാറ്റലൈറ്റ് ഇന്ത്യ വിക്ഷേപിച്ചത്. 2017ല്‍ വിക്ഷേപിക്കപ്പെട്ട ഈ സാറ്റലൈറ്റ് ഇന്ത്യയുടെ 'അയല്‍ജീവിതം ആദ്യം' എന്ന നയത്തിന്റെ ഭാഗമായിരുന്നു. അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലിദ്വീപുകള്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് ഈ സാറ്റലൈറ്റിന്റെ സേവനം ഉപയോഗിക്കാം. പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനും ടെലിവിഷന്‍ സംപ്രേഷണത്തിനും ടെലി എജുക്കേഷന്‍ പദ്ധതികള്‍ക്കുമെല്ലാം ഈ സാറ്റലൈറ്റിന്റെ സേവന അയല്‍രാജ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. പാകിസ്താന്‍ ഈ സാറ്റലൈറ്റിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും സഹകരിച്ചുള്ള നിര്‍മാണത്തിന് ഇന്ത്യക്ക് താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി പിന്‍വാങ്ങുകയായിരുന്നു?

 

ഡോക്ലാം വിഷയത്തില്‍ ഇന്ത്യ ഭൂട്ടാനൊപ്പം ശക്തമായി നിലയുറപ്പിച്ചിരുന്നു. ചൈനീസ് സര്‍ക്കാര്‍ ഡോക്ലാം പീഠഭൂമിയില്‍ ഒരു റോഡ് നിര്‍മാണം ആരംഭിച്ചതിനു പിന്നാലെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ദോക്ലാമില്‍ നിലവിലുള്ള സ്ഥിതി തുടരണമെന്ന പക്വമായ നിലപാട് ഭൂട്ടാന്‍ സ്വീകരിച്ചു. ഇന്ത്യ അതിന് പിന്തുണ നല്‍കി. ഭൂട്ടാന്‍ ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യ അങ്ങോട്ട് സൈന്യത്തെ അയച്ചു. എന്നാല്‍ പിന്നീട് ഈ സൈന്യത്തെ പിന്‍വലിക്കണമെന്ന് ഭൂട്ടാന്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി.

 

ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഭാഗമാണ് ഭൂട്ടാന്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യാന്‍ ഭൂട്ടാന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് ഇന്ത്യയെ ഏറെ സഹായിക്കുന്നുണ്ട്.